Public Complaint | രാത്രിയിൽ യാത്രാ ക്ലേശം; തീരുമാനങ്ങൾ നടപ്പിലാകുന്നില്ല; പരിഹാരവുമില്ല
● സ്വകാര്യ ബസ് സർവീസുകൾ വിദ്യാർത്ഥികൾക്ക് മാത്രമായി മാറിയിട്ടുണ്ട്.
● പ്രശ്നങ്ങൾ തീർക്കാൻ അധികൃതർ നടപടികൾ കൈക്കൊള്ളുന്നില്ല.
കാസർകോട്: (KasargodVartha) സർക്കാർ വകുപ്പുകൾ സംഘടിപ്പിക്കുന്ന യോഗങ്ങളിലും ജില്ലാ വികസന സമിതി യോഗങ്ങളിലും ഉയർന്നുവരുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് രാത്രി കാലങ്ങളിലെ യാത്രാ ക്ലേശം. സന്ധ്യയായാൽ ബസ് കിട്ടാനില്ലെന്ന പരാതി ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട വകുപ്പുകൾ ഇതിനൊരു പരിഹാരം കാണുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും, ജില്ലാ വികസന സമിതിയൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം കൂടിയാണിത്. എന്നാൽ, ഈ ചർച്ചകളെല്ലാം മിനിട്സ് ബുക്കിൽ രേഖപ്പെടുത്തി ഒതുക്കുകയാണെന്ന് പൊതുജനം ആരോപിക്കുന്നു. വകുപ്പ് തല ഉദ്യോഗസ്ഥർ മടക്കയാത്രയ്ക്കുള്ള ട്രെയിൻ സമയം നോക്കിയിരിക്കുന്നവർക്ക് സാധാരണക്കാരായ ജനങ്ങളുടെ പരാതി കേൾക്കാൻ എവിടെയാണ് സമയമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ബസ് സർവീസിന്റെ അഭാവം കാരണം ജില്ലയിൽ സന്ധ്യ കഴിയുന്നതോടെ ജനജീവനം സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്.
ജില്ലയിലെ ദേശീയപാത റൂട്ടുകളിലാണ് ഏറെയും യാത്രക്കാർ യാത്രാ ക്ലേശം നേരിടുന്നത്. കോവിഡ് കാലത്ത് നിർത്തിയിട്ട കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടോ എന്നറിയാൻ പോലും അധികൃതർക്ക് സമയം കിട്ടുന്നില്ല എന്നാണ് പരാതി. കാസർകോട് നഗരത്തെ രാത്രിയിൽ സജീവമാക്കാൻ ബസ് സമയം പരിഷ്‌കരിക്കണമെന്ന ആവശ്യം നിയമസഭയിലും സർക്കാർ വേദികളിലും ഉയർന്നിരുന്നു.
ബസ് സർവീസിന്റെ ആഭാവമാണ് നേരത്തെ കടകളടച്ച് ജില്ലയിലെ പലനഗരങ്ങളും നിശ്ചലമാകാൻ കാരണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടിയിലെ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
ദേശീയപാതയിലെ രാവിലെയും, വൈകുന്നേരങ്ങളിലുമുള്ള സ്വകാര്യ ബസ് സർവീസുകൾ വിദ്യാർത്ഥികൾക്ക് മാത്രമായി മാറിയിരിക്കുന്നു. മറ്റ് യാത്രക്കാർക്ക് ബസിൽ കയറാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്.
കാസർകോട്ട് നിന്നുള്ള മംഗലാപുരം ഭാഗത്തേക്കുള്ള കേരള- കർണാടക ആർടിസി ബസുകൾ സന്ധ്യ കഴിഞ്ഞാൽ അരമണിക്കൂറിൽ ഒന്ന് എന്ന നിരക്കിൽ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഇത് പോലും ഡിപ്പോയിൽ നിന്ന് തന്നെ നിറയെ യാത്രക്കാരെ കയറ്റി കൊണ്ട് പോകുന്നതിനാൽ, പുതിയ ബസ് സ്റ്റാൻഡിൽ കാത്തിരിക്കുന്നവർക്ക് പോലും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കാഞ്ഞങ്ങാട്- പയ്യന്നൂർ ഭാഗങ്ങളിലേക്ക് ദേശീയപാത വഴിയും ചന്ദ്രഗിരി സംസ്ഥാന പാത വഴിയും പോകുന്ന യാത്രക്കാരുടെ കാര്യവും വ്യത്യസ്തമല്ല. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
#Kasaragod #NightTravel #PublicTransport #TravelIssues #GovernmentResponse #TransportationProblems