city-gold-ad-for-blogger

ദേശീയപാത 66: രൂപകൽപ്പനയിൽ മാറ്റം വരുത്തും, മൂന്ന് റീച്ചുകളുടെ ഉദ്ഘാടനം വൈകും

NH 66 road construction in Kerala with machinery.
Photo: Special Arrangement
  • മലബാർ മേഖലയിലാണ് നിർമ്മാണത്തിനിടെ കൂടുതൽ തകർച്ച നേരിട്ടത്.

  • ചതുപ്പു പ്രദേശങ്ങളും കുന്നുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയിൽ വീഴ്ചകൾ ഉണ്ടായി.

  • തലപ്പാടി-ചെങ്കള റീച്ച്, വെങ്ങളം-രാമനാട്ടുകര, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചുകളാണ് വൈകുന്നത്.

  • 644 കിലോമീറ്റർ ദേശീയപാത നിർമ്മാണം ഈ വർഷാവസാനം പൂർത്തിയാക്കണം.

ന്യൂഡൽഹി: (KasargodVartha) കേരളത്തിലെ ദേശീയപാത 66-ന്റെ രൂപകൽപ്പനയിൽ ചിലയിടങ്ങളിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ശക്തമായ കാലവർഷത്തിൽ ദേശീയപാത നിർമ്മാണത്തിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉണ്ടായ തകർച്ചകൾ പരിശോധിക്കാൻ നിയോഗിച്ച നാലംഗ സമിതിയുടെ കണ്ടെത്തലുകളെ തുടർന്നാണ് ഈ നീക്കം.

നിർമ്മാണത്തിനിടെ ഇടയ്ക്കിടെ തകർച്ച നേരിടുന്ന സ്ഥലങ്ങളിൽ നിർമ്മാണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം നാലംഗ സമിതിയുടെ പഠന റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. വിശദമായ റിപ്പോർട്ട് ഈ മാസം ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്നാണ് അറിയുന്നത്.

ദേശീയപാത നിർമ്മാണത്തിനിടെ മലബാർ മേഖലയിലാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ഭാഗത്തെ ചതുപ്പു പ്രദേശങ്ങളും കുന്നുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയിൽ സുരക്ഷാ കവച നിർമ്മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ച ഭൂമി ഏറ്റെടുക്കുമ്പോൾ സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 

കാസർകോട് ജില്ലയിലെ ചെറുവത്തൂർ-വീരമലക്കുന്ന്, ചെങ്കള-നീലേശ്വരം, ചെർക്കള, ചെറുവത്തൂർ-മട്ടലായി, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്-കുപ്പം, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര-വളാഞ്ചേരി റീച്ചിലെ കൂരിയാട്ട് തുടങ്ങിയ സ്ഥലങ്ങൾ റിപ്പോർട്ടിൽ പേരെടുത്ത് പറയുന്നുണ്ട്. എല്ലാ സ്ഥലവും വിശദമായി പരിശോധിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഈ മാസാവസാനം തുറന്നു കൊടുക്കേണ്ടിയിരുന്ന മൂന്ന് റീച്ചുകളുടെ ഉദ്ഘാടനം ഇതോടെ നീളുമെന്നുറപ്പായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത് 90 ശതമാനം പ്രവൃത്തി പൂർത്തീകരിച്ച 39 കിലോമീറ്റർ ദൈർഘ്യമുള്ള തലപ്പാടി-ചെങ്കള റീച്ച്, വെങ്ങളം-രാമനാട്ടുകര, വളാഞ്ചേരി-കാപ്പിരിക്കാട് എന്നീ റീച്ചുകളായിരുന്നു ഈ മാസം അവസാനം തുറന്നു കൊടുക്കാൻ പദ്ധതിയിട്ടിരുന്നത്. പഠനസമിതി റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉദ്ഘാടനം വേണ്ടതില്ലെന്ന നിഗമനത്തിൽ ദേശീയപാത അതോറിറ്റി എത്തിയിരിക്കുന്നത്.

കേരളത്തിലെ 644 കിലോമീറ്റർ ദേശീയപാത നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനികളുടെ നിർമ്മാണ കാലാവധി ഈ വർഷാവസാനം ഡിസംബറോടെ അവസാനിക്കുകയും ചെയ്യും. മൊത്തത്തിൽ ദേശീയപാത നിർമ്മാണം പൂർത്തിയായാൽ തുറന്നു കൊടുക്കാമെന്നാണ് അതോറിറ്റിയുടെയും കേന്ദ്രസർക്കാറിന്റെയും ഇപ്പോഴത്തെ നിലപാട് എന്നാണ് അറിയുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!

Article Summary: NH 66 design changes in Kerala, delaying three reach inaugurations.

#NH66 #Kerala #NationalHighway #Infrastructure #RoadConstruction #Delay

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia