Inspiration | സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ: നിയാസിൻ്റെ പ്രചോദനത്തിൽ ഹാൻഡ്ബോൾ പരിശീലനം
● നിയാസ് അഹമ്മദ് പന്ത് ത്രോ ചെയ്ത് ഹാൻഡ്ബോൾ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
● മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്, പരിശീലന സൗകര്യങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു.
● സ്കൂൾ ഹെഡ്മാസ്റ്റർ എ രാധാകൃഷ്ണൻ ജേഴ്‌സി, പാന്റ് അടങ്ങുന്ന കിറ്റ് സമ്മാനിച്ചു.
ബദിയടുക്ക: (KasargodVartha) കുംടികാന എ എസ് ബി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഹാൻഡ്ബോൾ പരിശീലനം ഉദ്ഘാടനം ചെയ്തത് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടിയ നിയാസ് അഹമ്മദ്.
മാധ്യമങ്ങളിലൂടെ നിയാസിന്റെ നേട്ടം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന്, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് നിയാസിന് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ സ്കൂളുകളും ക്ലബ്ബുകളും നിയാസിനെ അഭിനന്ദിച്ചെങ്കിലും, ഒരു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുക എന്നത് ജീവിതത്തിലെ നിർണായകമായ ഒരു അവസരമാണെന്ന് നിയാസിന്റെ പിതാവ് ഇബ്രാഹിം പറഞ്ഞു.
നിയാസ് അഹമ്മദ് പന്ത് ത്രോ ചെയ്ത് ഹാൻഡ്ബോൾ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ക്യാഷ് അവാർഡ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ എം അബ്ബാസ് പൊന്നാട അണിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ രാധാകൃഷ്ണൻ ജേഴ്‌സി, പാന്റ് അടങ്ങുന്ന കിറ്റ് സമ്മാനിച്ചു.
പിടിഎ പ്രസിഡണ്ട് കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് കുമാർ കെ, എസ് ആർ ജി കൺവീനർ ദിന, മുതിർന്ന അധ്യാപിക കെ മുകാംബിക, പ്രശാന്ത് കുമാർ ബി, സുദർശന, അബ്ദുൽസലാം പാടലടുക്ക, ഹാൻഡ്ബോൾ പരിശീലകൻ സിദ്ധാർത്ഥ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അൻവിത് സ്വാഗതവും ജ്യോതി കേ നന്ദിയും പറഞ്ഞു.
#NiyasAhmed #HandballTraining #SportsInspiration #KeralaSchoolOlympics #YouthDevelopment #LocalInitiatives