Train | കാസർകോട് എന്താ കേരളത്തിലല്ലേ? ജൂലൈ 2 മുതൽ ഷൊര്‍ണൂർ-കണ്ണൂർ റൂടിൽ പുതിയ ട്രെയിൻ; ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം
കാസർകോട്: (KasaragodVartha) തിരക്ക് കുറയ്ക്കാൻ ഷൊർണൂർ-കണ്ണൂർ റൂടിൽ റെയിൽവേ പ്രഖ്യാപിച്ച പ്രത്യേക പാസൻജർ ട്രെയിൻ കാസർകോട്ടേക്ക് നീട്ടാത്തത്തിനെതിരെ കടുത്ത വിമർശനം. 06031 നമ്പർ ഷൊർണൂർ-കണ്ണൂർ ട്രെയിൻ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും 06032 നമ്പർ കണ്ണൂർ-ഷൊർണൂർ ട്രെയിൻ ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
ജൂലൈ 31 വരെ ഒരു മാസമാണ് തത്കാലം സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഷൊർണൂരിൽ നിന്ന് 3.40ന് പുറപ്പെടുന്ന ട്രെയിൻ 7.40ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽ നിന്ന് രാവിലെ 8.10ന് പുറപ്പെട്ട് 12.30ന് ഷൊർണൂരിലെത്തും. പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറൂഖ്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശേരി എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
അതേസമയം കടുത്ത യാത്രാദുരിതം നേരിടുന്ന കാസർകോടിനെ തീർത്തും അവഗണിക്കുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. വണ്ടികളുടെ കുറവ്, ടികറ്റ് ലഭ്യതയില്ലായ്മ, തിരക്ക് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് യാത്രക്കാരെ വലയ്ക്കുന്നത്. സമയത്തിന് ജോലിക്കെത്താനും വൈകീട്ട് വീടണയാനും സാധിക്കാതെ നിരവധി പേരാണ് പെരുവഴിയിലാകുന്നത്. ടികറ്റെടുത്തിട്ടും തിരക്ക് കാരണം കയറിപ്പറ്റാൻ സാധിക്കാതെ പ്ലാറ്റ് ഫോമിൽ തന്നെ നിൽക്കേണ്ടി വരുന്നവരും ഏറെയാണ്.
കണ്ണൂർ വരെ മാത്രമേ റെയിൽവേ ഉള്ളൂ എന്ന നിലപാടാണ് അധികൃതർ വെച്ചുപുലർത്തുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷൊര്‍ണൂർ-കണ്ണൂർ റൂടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ചപ്പോൾ കാസർകോടിനെ ഒഴിവാക്കിയ നടപടിയെന്നും കാസർകോട് ട്രെയിൻ പാസൻജേഴ്‌സ് അസോസിയേഷൻ വിമർശിച്ചു. റെയിൽവേ രംഗത്ത് കാസർകോട്ടെ ജനത ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.
2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ 33-ാം സ്ഥാനത്തേക്ക് കാസർകോട് ഉയർന്നിരുന്നു. ഇക്കാലയളവിൽ 24.03 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്‌തത്. 47 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി മതിയായ അടിസ്ഥാന സൗകര്യങ്ങൾ കാസർകോട്ടില്ല. യാത്രക്കാർക്ക് ആവശ്യമായ വേണ്ടത്ര ട്രെയിൻ സർവീസുകൾ പോലുമില്ല.
കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂടീവ് ട്രെയിന്‍ 14 മണിക്കൂറിലധികവും കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂറും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസന്‍ജര്‍ വണ്ടി എട്ട് മണിക്കൂറും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം വെറുതെ കിടക്കുന്നുണ്ട്. ഇവ കാസര്‍കോട്ടേക്കോ അല്ലെങ്കില്‍ മംഗ്‌ളൂറിലേക്കോ നീട്ടിയാല്‍ ജില്ലയിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം പകരുകയും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നേടിത്തരികയും ചെയ്യും.
വര്‍ഷങ്ങളായി കാസര്‍കോട്ടുകാരുടെ ആവശ്യമായ രാമേശ്വരം-മംഗ്‌ളുറു ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മംഗ്‌ളുറു-കോഴിക്കോട് പാസന്‍ജര്‍ പാലക്കാട് വരെ നീട്ടണമെന്നതും ഏറെക്കാലമായി ഉയർന്നുവരുന്ന ആവശ്യമാണ്. രാവിലെയും വൈകുന്നേരവും കാസർകോട് - കണ്ണൂർ - കോഴിക്കോട് റൂടിലോടുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞ നിലയിലാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് ട്രെയിനുകളെലാം ഓടുന്നത്. കാസർകോടിനെ അവഗണിക്കുന്ന റെയിൽവേയുടെ നയം മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം.