Train | 'ഷൊർണൂർ - കണ്ണൂർ പ്രത്യേക ട്രെയിൻ മംഗ്ളുറു വരെ നീട്ടണം', കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി
കാസർകോട്: (KasaragodVartha) പുതുതായി മലബാറിലേക്ക് അനുവദിച്ച ഷൊർണൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ കാസർകോട് അല്ലെങ്കിൽ മംഗ്ളുറു വരെ നീട്ടണമെന്നും കാഞ്ഞങ്ങാട് പോലുള്ള പ്രധാന സ്റ്റേഷനുകൾക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് പ്രൊപോസൽ നൽകി നേരിട്ട് കണ്ടുചർച്ച നടത്തിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു
പുതിയ ട്രെയിൻ കാസർകോട് പ്രദേശത്തെ സാധാരണ ട്രെയിൻ യാത്രക്കാരുടെ കഷ്ടപ്പാടുകൾക്കുള്ള പ്രതിവിധിയായിരിക്കും. ഈ സമയങ്ങളിൽ ഓടുന്ന മംഗള, നേത്രാവതി എക്‌സ്പ്രസ് ട്രെയിനുകളുടെ തിരക്ക് കുറയ്ക്കാൻ ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടും. നിലവിൽ കാസർകോട് മണ്ഡലത്തിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ട്രെയിൻ യാത്രാ സൗകര്യമില്ലാത്ത അവസ്ഥയാണെന്നും എം പി വ്യക്തമാക്കി.
മാത്രമല്ല, വന്ദേ ഭാരത് ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്, കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനവും മറ്റും പരിഗണിക്കാവുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലും മറ്റു സ്റ്റേഷനുകളിൽ പൊതുവായും ഉള്ള വിഷയങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നും കൂടി മന്ത്രി അറിയിച്ചതായി എംപി കൂട്ടിച്ചേർത്തു