Public Order | 'പ്രിയപ്പെട്ട നാട്ടുകാരെ, സഹോദരി സഹോദരന്മാരെ'.... വാഹനങ്ങളിൽ മൈക്ക് കെട്ടി പ്രചാരണത്തിനുള്ള നിബന്ധനകൾ കർശനമാക്കുന്നു
● കോടതികളുടെ ഇടപെടലാണ് പൊതുജനങ്ങളുടെ പരാതിയിൽ മേൽ സർക്കാർ നടപടികൾ കടുപ്പിക്കുന്നത്.
● സംഘടനാ പരിപാടികൾക്കും മറ്റും മൈക്ക് കെട്ടാൻ ടാക്സി വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
● വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ മൈക്ക് ഉപയോഗിക്കരുതെന്ന പഴയ നിബന്ധന തുടരും.
കാസർകോട്: (KasargodVartha) ശബ്ദ മലിനീകരണം കൊണ്ട് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള സ്വകാര്യ വാഹനങ്ങളിലെ മൈക്ക് കെട്ടി പരിപാടികളുടെ പ്രചാരണം നടത്തുന്നതിനും ഒടുവിൽ നിയന്ത്രണം വരുന്നു. 'വെളുത്ത ചിരിയോടു കൂടിയുള്ള നേതാക്കളുടെ' ഫ്‌ലക്‌സ് ബോർഡുകൾക്കും, ബാനറുകൾക്കും പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മൈക്ക് കെട്ടിയുള്ള പ്രചാരണത്തിനും കർശന നിയന്ത്രണം കൊണ്ടുവരുന്നത്.
ഇത് ഏറെയും ബാധിക്കുക രാഷ്ട്രീയ പാർട്ടി പ്രവർത്തന പ്രചാരണങ്ങളെയാണ്. കോടതികളുടെ ഇടപെടലാണ് പൊതുജനങ്ങളുടെ പരാതിയിൽ മേൽ സർക്കാർ നടപടികൾ കടുപ്പിക്കുന്നത്. മൈക്ക് ഉപയോഗിച്ച് പ്രചാരണം നടത്തുന്ന പരിപാടികൾക്കുള്ള അനുമതി ലഭിക്കാനുള്ള പുതുക്കിയ നിബന്ധനകളിലാണ് ഈ കാര്യങ്ങൾ ഉള്ളത്. ശബ്ദ മലിനീകരണം പൊതുജനങ്ങൾക്കിടയിൽ ഏറെ പ്രയാസം ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് നിബന്ധനകൾ കടുപ്പിക്കാൻ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഘടനാ പരിപാടികൾക്കും മറ്റും മൈക്ക് കെട്ടാൻ ടാക്സി വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അനൗൺസ്മെന്റ് നടത്തുമ്പോൾ രണ്ട് സ്പീക്കറിൽ കൂടുതൽ ഉപയോഗിക്കാൻ അനുമതി ഉണ്ടാവില്ല. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ മൈക്ക് ഉപയോഗിക്കരുതെന്ന പഴയ നിബന്ധന തുടരും. സ്വകാര്യ വാഹനങ്ങൾ നിബന്ധനകൾ മറികടന്ന് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള നടപടി കർശനമാക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പുകാലത്തെ പ്രചാരണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രത്യേക അനുമതി നൽകുന്നത് എന്നത് രാഷ്ട്രീയപാർട്ടിക്കാർക്ക് ആശ്വാസമാകും.
#NoisePollution #Kasargod #PublicAnnouncement #VehicleSpeakers #PoliticalCampaign #KeralaNews