Book Discussion | കാസർകോടൻ ഭാഷയിലെ രാമായണം: പുതിയൊരു വായനാനുഭവം
● വി. ഹരീഷിൻറെ പുതിയ നോവൽ ഒരു കാസർകോടൻ രാമായണം.
● പാലക്കുന്ന് പാഠശാല സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ഈ നോവൽ സൃഷ്ടിച്ചത് ഒരു നവ്യാനുഭവമായിരുന്നു.
കരിവെള്ളൂർ: (KasargodVartha) ‘വാൽമീകി സീതയോട് പിന്നേം ചോദിച്ചു. അല്ല, സീതേ, രാമനെന്തിന് നിന്ന പൊറത്താക്യേത്? നീ നല്ലൊരു പെണ്ണല്ലെ?’ - വി. ഹരീഷിൻറെ പുതിയ നോവൽ ഒരു കാസർകോടൻ രാമായണം. പാലക്കുന്ന് പാഠശാല സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ഈ നോവൽ സൃഷ്ടിച്ചത് ഒരു നവ്യാനുഭവമായിരുന്നു.
‘എൻ്റെ വയറ്റിൽത്തെ കുഞ്ഞി രാമന്റേതല്ലെന്ന് നാട്ട്കാരിലാരോ പറഞ്ഞു. രാവണന്റേതോലും.’ - ഈ വാക്കുകളിലൂടെ ഹരീഷ് രാമായണ കഥയെ പുതുതായി വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. കാസർകോട് പനയാൽ സ്വദേശിയായ ഹരീഷിൻറെ രചന രാമായണത്തിന്റെ പുനർവായനയല്ല, വ്യാഖ്യാനവുമല്ല, രാമായണ കഥയുടെ നോവൽ രൂപവുമല്ല, കേട്ടതും കേൾക്കാത്തതും വായിച്ചതും വായിക്കാത്തതുമായ വ്യത്യസ്ത രാമായണ കഥകളിൽ നിന്ന് തികച്ചും പുതിയ ഒരു സൃഷ്ടിയാണ്; അതും തനി കാസർകോടൻ ഭാഷയിൽ - പുസ്തകം പരിചയപ്പെടുത്തി കൊണ്ട് കെ. അനിത പറഞ്ഞു.
‘രാമായണം എയ്തീറ്റ് കഴിഞ്ഞല്ലപ്പോ, രാമന്റെ കീർത്തി എങ്ങോട്ടെല്ലോ പാടി നടക്കാനും തൊടങ്ങി. ഈന്റെട്ക്ക് ഇങ്ങൺത്തൊരു അറുവല ഇണ്ടാവൂന്ന് വിചാരിച്ചിറ്റ... എന്തായാലും നീയെന്റെ ആശ്രമത്തില് കയ്ഞ്ഞൊ. പേറ് കയ്യോളം നിന്നോ പേറ് കയ്ഞ്ഞാ മക്കളെ പറഞ്ഞയയ്ക്കാ....’ - നോവലിസ്റ്റ് ഹരീഷ് തന്നെ തന്റെ രചനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
ശശിധരൻ ആലപ്പടമ്പൻ അധ്യക്ഷനായി നടന്ന ചർച്ചയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, വിനോദ്. പി. ആണൂർ, അബ്ദുൽ സമദ് പാലക്കുന്ന്, കെ.പി. മുരളി, പി.ടി. ഷൈനി, ടി. കരുണാകരൻ എന്നിവർ സംസാരിച്ചു.
#Kasargod #Ramayana #VHarish #Literature #BookDiscussion #LocalDialect