city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊള്ളയും കൊലയും വെടിവെപ്പും; ഉപ്പളയിലെ അധോലോക സംഘങ്ങളെ നേരിടാന്‍ പോലീസ് പുതിയ ഗുണ്ടാപ്പട്ടിക തയ്യാറാക്കുന്നു; പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ഉപ്പള: (www.kasargodvartha.com 29/10/2016) കൊള്ളയും കൊലയും വെടിവെപ്പും നിത്യസംഭവമായി മാറിയ ഉപ്പളയില്‍ അധോലോക സംഘങ്ങളെ നേരിടാന്‍ പോലീസ് പുതിയ ഗുണ്ടാപ്പട്ടിക തയ്യാറാക്കുന്നു. ഇതു സംബന്ധിച്ച് മഞ്ചേശ്വരം, കുമ്പള പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ ഗുണ്ടാപ്പട്ടിക തയ്യാറാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നേരത്തെ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ നിന്നും പുറത്തിറങ്ങിയവര്‍ പോലും വീണ്ടും അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് കുമ്പള സി ഐ വി.വി മനോജ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ഇവര്‍ക്ക് നേരത്തെ ആറു മാസത്തെ തടവ് മാത്രമാണ് കാപ്പ കേസില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. വീണ്ടും കാപ്പ ചുമത്തിയാല്‍ ഇവര്‍ക്ക് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. കേസുകളുടെ പ്രാധാന്യം നോക്കിയാണ് ഗുണ്ടാപ്പട്ടിക തയ്യാറാക്കുക. മണല്‍ കടത്തിന് പിടിക്കപ്പെട്ടാല്‍ പോലും കാപ്പ ചുമത്താന്‍ കഴിയും.

നേരത്തെ വെടിവെപ്പ് നടത്തിയ കേസില്‍ കാപ്പ ചുമത്തപ്പെട്ട് പുറത്തിറങ്ങിയ കാലിയാ റഫീഖ് അടക്കമുള്ളവര്‍ വീണ്ടും ഗുണ്ടാപ്രവര്‍ത്തനവും മറ്റും നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായ കൊലക്കേസ് പ്രതികളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഉപ്പളയിലേക്ക് തോക്ക് എത്തിക്കാനാണോ ഇവര്‍ പോയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഉപ്പളയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഉപ്പളയിലെ ഗുണ്ടാമാഫിയകളെ കുറിച്ച് നിയമസഭയില്‍ മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ് സബ്മിഷന്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്. നേരത്തെ തന്നെ ഉപ്പളയിലും വിദ്യാനഗറിലും പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിദ്യാനഗറില്‍ മാത്രമാണ് പോലീസ് സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ഉപ്പളയിലെ നിര്‍ദിഷ്ട പോലീസ് സ്‌റ്റേഷന്‍ ഫയലില്‍ തന്നെ ഉറങ്ങുകയായിരുന്നു. ഗുണ്ടാവിളയാട്ടവും അധോലോകപ്രവര്‍ത്തനവും ശക്തമായതോടെയാണ് ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നേരത്തെ പോലീസ് സ്ഥാപിച്ച എയ്ഡ് പോസ്റ്റടക്കം ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെ കടന്നുവരുന്ന വാഹന ഡ്രൈവര്‍മാരില്‍ നിന്നും ഹഫ്ത്ത പിരിച്ചുകൊണ്ടാണ് ഗുണ്ടാസംഘങ്ങള്‍ വളര്‍ന്നത്. നിരവധി കൊലപാതകങ്ങളും കൊള്ളയും നടത്തിയ സംഘം പിന്നീട് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ ജനങ്ങള്‍ ഭീതിയിലാവുകയായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള അലംഭാവമാണ് ഗുണ്ടാസംഘങ്ങള്‍ ഇത്രയും വളരാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

പോലീസ് പോലും കേസുകളുടെ അന്വേഷണത്തിന് ഗുണ്ടാസംഘങ്ങളുടെ സഹായം തേടുന്ന സംഭവവും ഉണ്ടായിരുന്നു. ഗുണ്ടാസംഘങ്ങള്‍ പിന്നീട് മണല്‍ കടത്തിന്റെ തലവന്മാരായതോടെ പോരാട്ടം വേറൊരു ദിശയിലേക്ക് മാറി. അടുത്തിടെയാണ് ഗുണ്ടാസംഘങ്ങളുടെ കുടിപ്പക പരിധി വിട്ടത്. ഗുണ്ടാസംഘങ്ങള്‍ പരസ്പരം കൊന്നുവീഴ്ത്തിയാണ് മുന്നേറിയത്. പോലീസിന്റെ കണ്‍മുന്നില്‍ പോലും വെടിയുതിര്‍ത്ത് നിയമത്തെ പോലും ഇവര്‍ വെല്ലുവിളിച്ചു. പരസ്പരം കേസില്‍ കുടുക്കാന്‍ കള്ളക്കഥകളും ഇവര്‍ മെനഞ്ഞു. തോക്കുമായി ഒരു യുവാവിനെ സംഘാംഗങ്ങള്‍ പിടികൂടിയിരുന്നു. തന്നെ പറഞ്ഞയച്ചത് മറ്റൊരു സംഘാംഗമാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് കേസെടുപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. കഞ്ചാവ് വില്‍പനയും മയക്കുമരുന്ന് ഇടപാടും ഗുണ്ടകളുടെ തണലിലാണ് ഉപ്പളയില്‍ നടന്നുവരുന്നത്. മഡ്ക്ക കളിയില്‍ നിന്നും പണം വെച്ചുള്ള ചീട്ടുകളി കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ വിഹിതം ഗുണ്ടാസംഘങ്ങള്‍ക്ക് കിട്ടിയതോടെ ഇവര്‍ക്ക് ഫണ്ട് വരവും കൂടി.
കൊള്ളയും കൊലയും വെടിവെപ്പും; ഉപ്പളയിലെ അധോലോക സംഘങ്ങളെ നേരിടാന്‍ പോലീസ് പുതിയ ഗുണ്ടാപ്പട്ടിക തയ്യാറാക്കുന്നു; പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

Keywords:  Kasaragod, Kerala, police-station, Uppala, Police, Youth, Case, Complaint, New police station proposed at Uppala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia