Humanity | അലവൻസ് പൂർണമായും കൈമാറി പഞ്ചായത്ത് അംഗം; കൈകോർത്ത് സന്നദ്ധപ്രവർത്തകരും; നിര്‍ധന കുടുംബത്തിന് വീട് വച്ചുനല്‍കി
കുടുംബശ്രീയും ഒത്തുചേർന്നു
ചെർക്കള: (KasargodVartha) നിർധന കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അറുതിയായി. ഇവര്‍ക്കിനി മഴയെയും വെയിലിനെയും പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം. ചെങ്കള പഞ്ചായത്തിലെ ഒരു ദരിദ്ര കുടുംബത്തിനാണ് ഒരുപറ്റം മനുഷ്യ സ്നേഹികൾ പുതിയൊരു വീട് നിർമിച്ച് നൽകിയത്.
സിപിഎം കാസർകോട് ഏരിയാകമ്മിറ്റി അംഗമായ പി ശിവപ്രസാദ് പഞ്ചായത്ത് അംഗം എന്ന നിലയിലുള്ള തന്റെ അലവൻസ് മുഴുവൻ ഈ വീട് നിർമാണത്തിന് നീക്കിവച്ചു. കുടുംബശ്രീയും സിപിഎമ്മിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും ചേർന്ന് ആറ് മാസത്തിനുള്ളിൽ വീടിന്റെ നിർമാണം പൂർത്തിയാക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്തംഗം പി ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സിപിഎം ജില്ലാകമ്മിറ്റി അംഗം ടി എം എ കരീം, ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ്, പഞ്ചായത്തംഗം കെ വേണുഗോപാലൻ, കെ ജയകുമാരി, എ നാരായണൻ, അനീഷ് കട്ടാരം എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ വി ബാലരാജൻ സ്വാഗതവും ശ്രീജ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.