Launch | കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രം ഉപ്പളയിൽ വരുന്നു; യുഎഇ രാഷ്ട്രശിൽപി ശെയ്ഖ് സാഇദിന്റെ പേരിൽ അറിയപ്പെടുമെന്ന് ഭാരവാഹികൾ
● 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സെന്റർ നിർമിക്കുന്നത്
● 60 ഡയാലിസിസ് മെഷീനുകൾ ഒരുക്കും
● നവംബർ 14ന് തറക്കല്ലിടൽ ചടങ്ങ് നടക്കും
കാസർകോട്: (KasargodVartha) കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് നവംബർ 14ന് മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തറക്കല്ലിടുമെന്ന് ട്രസ്റ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഎഇ രാഷ്ട്രശിൽപി ശെയ്ഖ് സാഇദിന്റെ പേരിലാണ് അറിയപ്പെടുക.
60 ഡയാലിസിസ് മെഷീനുകളോടുകൂടി 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മിക്കുക. ജില്ലയിലെ നൂറുകണക്കിന് വൃക്ക രോഗികൾക്ക് ഈ കേന്ദ്രം ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ചേശ്വരം താലൂക്കിൽ മാത്രം 500 ൽ അധികം വൃക്ക രോഗികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മംഗൽപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ നേതൃത്വം നൽകുന്ന ട്രസ്റ്റിന്റെ കീഴിൽ നിലവിൽ 50 പേർക്ക് താമസിക്കാൻ കഴിയുന്ന അനാഥ -അഗതി -വൃദ്ധ മന്ദിരം കൂടി പ്രവർത്തിക്കുന്നുണ്ട്.
കുമ്പോൽ സയ്യിദ് അലി തങ്ങൾ, ശ്രീ ശ്രീ യോഗനന്ദ സരസ്വതി സ്വാമിജി, റവ. ഫാദർ. എഡ്വിൻ ഫ്രാൻസിസ് പിന്റോ, എംഎൽഎമാരായ എകെഎം അഷ്‌റഫ്, എൻഎ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരിയും, ഡയരക്ടറുമായ കൂക്കൾ ബാലകൃഷ്ണൻ, മാനേജിങ് ട്രസ്റ്റികളായ കെ എഫ് ഇഖ്ബാൽ, ഇർഫാന ഇഖ്ബാൽ, ട്രസ്റ്റ് കോർഡിനേറ്റർമാരായ മഹ്‌മൂദ് കൈകമ്പ, സത്യൻ സി ഉപ്പള എന്നിവർ പങ്കെടുത്തു.
#dialysis #Kerala #healthcare #SheikhZayed #Uppala #medical #freehealthcare #kidneydisease