Innovation | ലോക നാളികേര ദിനത്തിൽ പുതിയ നാളികേര പാനീയം പുറത്തിറക്കി സിപിസിആർഐ
ഐസിഎആർ-സിപിസിആർഐയിൽ ലോക നാളികേര ദിനാചരണത്തിൽ സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് മുഖ്യാതിഥിയായിരുന്നു
കാസർകോട്: (KasargodVartha) കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (ICAR-CPCRI) ലോക നാളികേര ദിനത്തിൽ പുതിയ നാളികേര പാനീയം പുറത്തിറക്കി. രണ്ടു വർഷത്തെ അധ്വാനത്തിന്റെ ഫലമായി, കർഷകരുടെയും ശാസ്ത്രജ്ഞരുടെയും സംയുക്ത ശ്രമത്തിലൂടെയാണ് 'കൽപ ബ്ലിസ്' എന്ന ഈ പുതിയ പാനീയം പിറന്നത്. ബദാം രുചിയുള്ള പാനീയത്തിൽ കൃത്രിമ ചേരുവകൾ ഒന്നും ചേർത്തിട്ടില്ല എന്നത് വലിയൊരു സവിശേഷതയാണ്.
ഐസിഎആർ-സിപിസിആർഐയിൽ ലോക നാളികേര ദിനാചരണത്തിൽ സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതിയ്ക്ക് അത്യന്തം പ്രധാനപ്പെട്ട ഒരു വൃക്ഷമാണ് നാളികേരമെന്ന് മന്ത്രി പറഞ്ഞു. നാളികേരത്തിനായി ഒരു ദിനം ആചരിക്കുന്നതിനെ മന്ത്രി അഭിനന്ദിച്ചു. നാളികേരത്തിൽ നിന്ന് പരമാവധി പ്രയോജനം ഉണ്ടാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. നാളികേരത്തെ ബാധിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.
തെങ്ങ് ഒരു അദ്ഭുത വൃക്ഷമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐസിഎആർ ന്യൂഡൽഹിയിലെ ഡോ. എസ്.കെ. സിംഗ് പറഞ്ഞു. തെങ്ങിന്റെ ഓരോ ഭാഗവും ഉപയോഗപ്രദമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നാളികേര കൃഷിയെ കൂടുതൽ ശാസ്ത്രീയമായി മുന്നോട്ട് കൊണ്ടുപോകണം. നാളികേരത്തിൽ നിന്ന് 200-ലധികം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം. ഇത് ഇന്ത്യയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയ്ക്ക് ലോകത്തെ നയിക്കാനും ദ്വീപുരാഷ്ട്രങ്ങൾ ചെലുത്തുന്ന മത്സരം മറികടക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിസിആർഐ വിവിധ മേഖലകളിൽ നൂതന സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ഡോ. കെ.ബാലചന്ദ്ര ഹെബ്ബാർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിന്റെ ഫലമായി പുതിയ നാളികേര ഇനങ്ങൾ വികസിപ്പിക്കുന്നതിനും കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിനും സാധിച്ചിട്ടുണ്ട്.
കൽപ സുവർണ, കൽപ വജ്ര എന്നീ രണ്ട് പുതിയ നാളികേര ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയെല്ലാം കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഇനങ്ങളാണെന്നും അദ്ദെഅഹമ് വ്യക്തമാക്കി.
സിപിസിആർഐ വികസിപ്പിച്ച നീര ഉൾപ്പെടെയുള്ള ഉത്പന്നങ്ങളെ എംഎൽഎ എൻ എ നെല്ലിക്കുന്ന് പ്രശംസിച്ചു. ഗുണമേന്മയുള്ള തെങ്ങിൻ തൈ, തേങ്ങാ ഹൽവ, തെങ്ങിന് കീഴിലുള്ള ഇടവിളയായ മരച്ചീനി, എന്നിവയും പുറത്തിറക്കി. ചടങ്ങിൽ ഡോ. മേഗലിംഗം, ഡോ. ബി. അഗസ്റ്റിൻ ജെറാർഡ്, ശാരോൺ നവാസ്, ജ്യോതികുമാരി, ഡോ. കെ. പൊന്നുസ്വാമി തുടങ്ങിയവർ പങ്കെടുത്തു. സിപിസിആർഐ ജീവനക്കാർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച 3,66,000 രൂപ മന്ത്രി പി പ്രസാദിന് കൈമാറി.