city-gold-ad-for-blogger

കാസര്‍കോട് നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു; സംസ്‌ക്കരണത്തിന് ഇന്‍സിനറേറ്റര്‍ അനിവാര്യം

കാസര്‍കോട്: (www.kasargodvartha.com 25.12.2017) നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുമ്പോളും അത് സംസ്‌ക്കരിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് നഗരസഭ. പഴയ ബസ് സ്റ്റാന്‍ഡിലും പുതിയ ബസ് സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും എന്നു വേണ്ട സകല സ്ഥലത്തും മാലിന്യക്കൂമ്പാരമാണ്. വന്‍കിട ഫ് ളാറ്റു ബിസിനസുകാര്‍ ഇപ്പോള്‍ കാസര്‍കോട് നഗരത്തിലാണ് ഫ് ളാറ്റുകള്‍ പണിയുന്നത്. അതിനാല്‍ ഫ് ളാറ്റുകള്‍, ഹോട്ടലുകള്‍, സാധാരണ ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കല്ല്യാണഹാളുകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. പഴം, പച്ചക്കറി, പൂമാലകള്‍ തുടങ്ങിയ വഴിയോര കച്ചവടക്കാര്‍ കൊണ്ടു വന്നിടുന്ന മാലിന്യങ്ങള്‍ കൂടിയാവുമ്പോള്‍ നഗരം വൃത്തിഹീനമാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ ഇപ്പോഴും കാസര്‍കോട് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ ഡോര്‍ ടു ഡോര്‍ വഴി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നുവെങ്കിലും ഇന്നതൊന്നും നടക്കുന്നില്ല. ഏഴ് ക്ലാര്‍ക്കുമാരും അഞ്ച് ഡ്രൈവര്‍മാരുമടക്കം 12 ഓളം നഗരസഭ ജീവനക്കാരുടെ കുറവു മൂലം ഒന്നും നടത്താനാവുന്നില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പറയുന്നു.

കാസര്‍കോട് നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു; സംസ്‌ക്കരണത്തിന് ഇന്‍സിനറേറ്റര്‍ അനിവാര്യം

വീടുകളിലെ മാലിന്യങ്ങള്‍ നീക്കാന്‍ പൈപ്പ് കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ്, വെര്‍മി കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. 38 വാര്‍ഡുകളിലായി 15 ടണ്‍ മാലിന്യമാണ് ഒരു ദിവസം കാസര്‍കോട് നഗരത്തില്‍ സംസ്‌ക്കരിക്കേണ്ടി വരുന്നത്. എന്നാല്‍ 13 ടണ്ണിനടുത്ത് മാലിന്യങ്ങള്‍ മാത്രമേ വാഹനങ്ങള്‍ വഴി ശേഖരിച്ച് സംസ്‌ക്കരിക്കാനാകുന്നുള്ളു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നഗരസഭാതിര്‍ത്തിക്ക് പുറത്തുള്ള കേളുഗുഡ്ഡെയിലെ അഞ്ച് ഏക്കറോളം ഭൂമിയില്‍ മാലിന്യങ്ങള്‍ കൊണ്ടിടുകയാണ് പതിവ്. എന്നാല്‍ പരിസ്ഥിതിവാദികളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അത് നിലച്ചിരിന്നു. അതാത് സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുണ്ടാകുന്ന മാലിന്യങ്ങള്‍ വ്യാപാരികള്‍ തന്നെ സംസ്‌കരിക്കണമെന്ന് കലക്ടറുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാലിന്യ നീക്കം ഇപ്പോള്‍ പേരിന് മാത്രമാണ്. ്മാലിന്യങ്ങള്‍ കൊണ്ടു വന്നിടാന്‍ ഒരു ട്രക്കും, ഒരു ജെ.സി.വി.ട്രാക്ടറും ഉണ്ടെങ്കിലും മാസങ്ങളായി ഒരു വാഹനം കട്ടപ്പുറത്താണ്. നഗരത്തില്‍ ഉണ്ടാകുന്ന 80.25 ശതമാനം മാലിന്യങ്ങളും അവരവര്‍ തന്നെ സംസ്‌ക്കരിക്കുകയാണ് പതിവ്. എന്നാല്‍ 9.59 ശതമാനം ആള്‍ക്കാര്‍ ആശ്രയിക്കുന്നത് മുനിസിപ്പാലിറ്റിയെയാണ്. നിലവില്‍ കേളുഗുഡെയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാലിന്യങ്ങള്‍ കൊണ്ടിടാന്‍ കഴിയാത്തതു കൊണ്ട് 51 ശതമാനം മാലിന്യങ്ങള്‍ മാത്രമാണ് സംസ്‌ക്കരിക്കാന്‍ കഴിയുന്നത്. ബാക്കിയുളളവ പൊതുനിരത്തിലും മറ്റും തള്ളുകയാണ് പതിവ്.

നഗരസഭയില്‍ മാലിന്യസംസ്‌ക്കരണം നല്ല രീതിയില്‍ നടത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും ഏക പോംവഴി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുക എന്നതു മാത്രമാണ്. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റും നഗരസഭ ഉണ്ടാക്കിയെങ്കിലും പദ്ധതി എവിടെയുമെത്തിയിട്ടില്ല. 125 കിലോ മുതല്‍ 150 കിലോവരെയുള്ള മാലിന്യങ്ങള്‍ ഒരു ചെറിയ ഇന്‍സിനറേറ്ററില്‍ മൂന്നോ നാലോ മിനുട്ടുകൊണ്ട് സംസ്‌ക്കരിക്കാം. 1200 ഡിഗ്രി ചൂടിലാണ് മാലിന്യങ്ങളെ ഇത് കരിച്ചു കളയുന്നത്.

ഡബ്ള്‍ ലെയര്‍ ഇന്‍സുലേഷനുള്ള ഇന്‍സിനറേറ്ററുകളാണ് ഇപ്പോള്‍ മാര്‍ക്കറ്റിലുള്ളത്. ഇതുകൊണ്ട് പരിസ്ഥിതിക്ക് ഒരു ദോഷവുമുണ്ടാവില്ല. ഇതില്‍ നിന്ന് കിട്ടുന്ന ചാരം കൃഷിക്ക് വളമായി ഉപയോഗിക്കാം. എന്നാല്‍ നഗരസഭ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നു എന്ന് അറിയിച്ചതോടെ കുറച്ച് പരിസ്ഥിതി വാദികളും ചില പ്രതിപക്ഷ കക്ഷികളും ഇതിനു തടയിടാന്‍ ശ്രമം നടത്തിയതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. ഒരു സമവായമുണ്ടാക്കി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചില്ലെങ്കില്‍ ഭാവിയില്‍ മാലിന്യ നഗരം എന്ന പേരിലായിരിക്കം കാസര്‍കോട് അറിയപ്പെടുക. മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താന്‍ രണ്ടോ മൂന്നോ ഇന്‍സിനറേറ്റര്‍ വാങ്ങി സംസ്‌ക്കരിക്കുക മാത്രമാണ് പോംവഴി.

Keywords: Kasaragod, Kerala, News, Waste, Railway station, Road, Incinerator, KSRTC bus stand, Flat, Hotel,  Need incinerator for waste disposal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia