Search | റിയാസിനെ കണ്ടെത്താനായി നാവികസേനയും ഇറങ്ങി; കടലിൽ തിരച്ചിൽ ഊർജിതം; വിവിധയിടങ്ങളിലെ മീൻ തൊഴിലാളികൾക്കും വിവരങ്ങൾ കൈമാറി
പട്രോൾ ബോടുകളും തിരച്ചിലിനായി രംഗത്തുണ്ട്
മേൽപറമ്പ്: (KasargodVartha) കീഴൂർ കടപ്പുറത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ (36) കണ്ടെത്താനുള്ള തിരച്ചിലിന് നാവികസേനയും ഇറങ്ങി. നാവിക സേനയുടെ സ്കൂബ ഡൈവിംഗ് സംഘമാണ് തിരച്ചിലിൽ ഭാഗമായത്. ഇതോടെ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി ലഭിച്ചിട്ടുണ്ട്.
ഇത് കൂടാതെ പട്രോൾ ബോടുകളും തിരച്ചിലിനായി രംഗത്തുണ്ട്. കാസർകോട്ട് നിന്നുള്ള പട്രോൾ ബോട് വ്യാഴാഴ്ച രാവിലെ കീഴൂരിൽ നിന്നും പുറപ്പെട്ട് നീലേശ്വരം ഭാഗം വരെ ഇതുവരെ തിരച്ചിൽ നടത്തിയിട്ടുണ്ട്. അതുപോലെ കണ്ണൂരിലെ പട്രോൾ ബോട് എഴിമലയിൽ നിന്നും പുറപ്പെട്ട് തലശേരി ഭാഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
ഓരോയിടത്തും ഉള്ള ബോടുകളിലേക്കും മീൻപിടുത്ത തൊഴിലാളികൾക്കും വയർലെസ് വഴി തിരച്ചിൽ സംബന്ധിച്ച നിർദേശം നൽകുന്നുണ്ട്. ശക്തമായ അടിത്തട്ടിലെ അടിയൊഴുക്ക് തിരച്ചിലിനെ ബാധിക്കുന്നുണ്ടെങ്കിലും നാവിക സേനയുടെ സഹായത്തോടെ തിരച്ചിൽ കൂടുതൽ ശാസ്ത്രീയമായി നടത്താനാകുമെന്നാണ് പ്രതീക്ഷ.
റവന്യൂ വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ്, നാട്ടുകാർ എന്നിവരും ശക്തമായ തിരച്ചിൽ നടത്തിവരുന്നുണ്ട്. കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. റിയാസിനെ കാണാതായി ആറാം ദിവസമാണ് വ്യാഴാഴ്ച. തിരച്ചിൽ ദൗത്യത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രയത്നം പ്രകാരം, റിയാസിനെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും അധികൃതരും
#MissingPerson #Kerala #Kasargod #Navy #SearchAndRescue #CoastGuard #India #PrayForRiyas