കിണര്‍ വെള്ളത്തിലെ കോളിഫാം ബാക്ടീരിയ തടയാന്‍ കൂവവളര്‍ത്താം; കണ്ടുപിടുത്തവുമായി കാസര്‍കോട് സ്വദേശിനി
Jul 27, 2015, 15:54 IST
നീലേശ്വരം: (www.kasargodvartha.com 27/07/2015) കിണര്‍ വെള്ളത്തിലെ കോളിഫാം ബാക്ടീരിയ തടയാന്‍ കൂവവളര്‍ത്തലിലൂടെ കഴിയുമെന്ന് കാസര്‍കോട് സ്വദേശിനിയായ ഗവേഷക കണ്ടെത്തി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ബോട്ടണി വിഭാഗം ഗവേഷകയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോട്ടണി അധ്യാപികയുമായ നീലേശ്വരത്തെ എം. മിനിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
രാജ്യാന്തര ജേണലായ ഇക്കോളജി എന്‍വയണ്‍മെന്റ് ആന്‍ഡ് കണ്‍സര്‍വേഷനില്‍ മിനിയുടെ വിശദമായ ഗവേഷണ പഠന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് (Ecology Environment and Conservation). കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കെ. ചന്ദുക്കുട്ടി നായര്‍-ജാനകി ദമ്പതികളുടെ മകളാണ് നിമി. മനുഷ്യന്‍ ഉള്‍പെടെയുള്ള ഉഷ്ണരക്ത ജീവികളുടെ വന്‍ കുടലില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഇകൊളൈ എന്നറിയപ്പെടുന്ന ഇഷെറീഷ്യ കൊളി. വിസര്‍ജ്യത്തിലും മലിനജലത്തിലുമാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്. ഇവ ശരീരത്തില്‍ വസിക്കുമ്പോള്‍ വൈറ്റമിന്‍ കെ. സംഭാവന ചെയ്യുകയും വാസസ്ഥാനം മാറിയാല്‍ അപ്പെന്‍ഡി സൈറ്റിസ്, കോളി സിസ്‌റ്റെറ്റിസ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
സുരക്ഷിതമല്ലാത്ത സാഹചര്യത്തിലുള്ള സെപ്റ്റിക് ടാങ്കുകളിലെ വിസര്‍ജ്യങ്ങളില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ മഴ വെള്ളത്തിലൂടെയും മറ്റും കിണറുകളില്‍ എത്തുകയാണ് ചെയ്യുന്നത്. കിണറ്റില്‍ കൂവ വളര്‍ത്തിയാല്‍ കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം പൂര്‍ണമായും തടയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കൂവത്തിന്റെ കാണ്ഡത്തില്‍ നിന്നുള്ള സത്ത് രോഗകാരികളായ ആസപര്‍ജില്ലസ്, ഫഌവസ്, ഫുസേറിയം മൊണിലിഫോം എന്നീ ഫംഗസുകളുടെ വളര്‍ച്ച തടയുമെന്നും പഠനത്തില്‍ കണ്ടെത്തി. ഇതിലെ മീഥൈല്‍ എസ്റ്ററ്റായ രണ്ട്- ഹൈഡ്രോക്‌സി ബെന്‍സോയിക് ആസിഡ് ഡൈ ഇഥൈല്‍ പ്താലേറ്റ് എന്ന രാസഘടകമാണ് ബാക്ടീരിയയുടെ സാന്നിധ്യം തടയുന്നത്.
വംശനാശം നേരിടുന്ന കൂവ സസ്യം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതലായി വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പഠനത്തില്‍ എടുത്തി പറയുന്നുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള എടാട്ട് ആനന്ദതീര്‍ഥ ക്യാമ്പസ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് കോഴ്‌സ് ഡയറക്ടറായ ഡോ.പി.എം ബീബി റസീനയുടെ മേല്‍നോട്ടത്തിലാണ് മിനി ഗവേഷണം പൂര്‍ത്തിയാക്കിയത്.