സിവില്‍ സ്റ്റേഷന്‍ ഹരിത വല്‍ക്കരണത്തിന് തുടക്കം
Jun 5, 2012, 16:02 IST
കാസര്‍കോട്: സിവില്‍ സ്റ്റേഷന്‍ വളപ്പ് ഹരിതവല്‍ക്കരിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. ഒന്നര ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഹരിതവല്‍ക്കരണ പദ്ധതി.
40 തൊഴിലാളികള്‍ക്കായി 571 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയിലൂടെ സിവില്‍ സ്റ്റേഷനില്‍ പച്ചപ്പ് നിറയ്ക്കുക എന്നതാണ് ലക്ഷ്യം. സി.പി.സി.ആര്‍.ഐ, സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള തൈകളാണ് വച്ച് പിടിപ്പിക്കുക. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത്, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഹരിതവല്‍ക്കരണ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, എ.ഡി.എം ഏച്ച്.ദിനേശന്‍. എ.ഡി.സി. കെ.എം.രാമകൃഷ്ണന്‍, പി.എ.യു പി.ഒ. ടി.തുളസീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Civil Station, Kasaragod