Karate | കരാടെ ബ്ലാക് ബെൽറ്റ് മികവിൽ ചെമനാട്ടെ താരങ്ങൾ
* ചീഫ് ഇൻസ്ട്രക്ടർ കെ യു കൊയ്‌ഷി റോയ്‌മോനിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്
ചെമനാട്: (KasaragodVartha) മടിപിടിച്ച് മൊബൈൽ ഫോണിൽ മുഴുകുന്ന ആധുനിക കാലത്തെ യുവസമൂഹത്തിന് പാഠമാവുകയാണ് ചെമനാട്ടെ ഒരു സംഘം. കരാടെയിൽ ബ്ലാക് ബെൽറ്റ് (Black Belt in Karate) നേടിയാണ് ഇവർ ഒരു നാടിന് തന്നെ അഭിമാനമായത്. ചെമനാട് സ്വദേശികളായ മൊയ്തീൻ സന, ഹംന സുഹൈൽ, മുനവ്വർ ഹുസൈൻ, അഹ്‌മദ് സിയ, രീഹ എം, ഇഫ്ഫ ഇല്യാസ്, സൂര്യ, മുഹമ്മദ് ഫിനാൻ എന്നിവരാണ് ആയോധന കലയിൽ മികവ് കുറിച്ചത്.
കോഴിക്കോട് തിരുവമ്പാടി യാമത്തൊ ഷോടോകാൻ കരാടെ അസോസോയിയേഷനിൽ നടന്ന പ്രൗഢമായ മത്സരവേദിയിൽ വെച്ച് ചീഫ് ഇൻസ്ട്രക്ടർ കെ യു കൊയ്‌ഷി റോയ്‌മോനിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ചെമനാട് സ്വദേശികളും ഇൻസ്ട്രക്ടർമാരുമായ അശ്റഫ് പോസ്റ്റ്, ശ്രീധരൻ എന്നിവരുടെ കീഴിലാണ് അഭ്യസിച്ചത്.
അഹ്‌മദ് സിയ, രീഹ എം, ഇഫ്ഫ ഇല്യാസ്, സൂര്യ, മുഹമ്മദ് ഫിനാൻ എന്നിവർ ഫസ്റ്റ് ഡാൻ ബ്ലാക് ബെൽറ്റും മൊയ്തീൻ സന, ഹംന സുഹൈൽ, മുനവ്വർ ഹുസൈൻ എന്നിവർ സെകൻഡ് ഡാൻ ബ്ലാക് ബെൽറ്റുമാണ് സ്വന്തമാക്കിയത്. ഇതിൽ ഹംന സുഹൈൽ നേരത്തെ ഫസ്റ്റ് ഡാൻ കരസ്ഥമാക്കിയിരുന്നു. ശേഷം കല്യാണവും ഗൾഫിൽ ക്ലാസുമായി മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് നാല് മാസത്തെ കുട്ടിയുമായി ഭർത്താവിനൊപ്പം നാട്ടിലെത്തിയാണ് സെകൻഡ് ഡാനിന് തയ്യാറെടുത്തതും ഒടുവിൽ പട്ടം കരസ്ഥമാക്കിയതും.