Obituary | കടലിൽ വലയെറിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കാസർകോട് സ്വദേശി മരിച്ചു
സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്
തലശേരി: (KasaragodVartha) കടലിൽ വലയെറിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കാസർകോട് സ്വദേശി മരിച്ചു. കളനാട് ചാത്തങ്കൈ മാണിയിലെ അബ്ദുർ റഹ്‌മാന്റെ മകൻ മുഹമ്മദ് കുഞ്ഞി മാണി (52) ആണ് മരിച്ചത്. കളനാട് കൊമ്പൻപാറ ഗവ. ജിഎൽപി സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയും കുടുംബവും മകന്റെ ചികിത്സാർഥം തലശേരി മലബാർ കാൻസർ സെന്ററിനടുത്ത് തത്കാലത്തേക്ക് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തലശേരി തീരത്ത് നിന്നും അര നോടികൽ മൈൽ അകലെയുള്ള പാറക്കൂട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ മുഹമ്മദ് കുഞ്ഞിയെ മീൻപിടുത്ത തൊഴിലാളികളാണ് തലശേരി ഗവ. ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മീൻ പിടിക്കുന്നതിനായി രണ്ടാമത്തെ വല വീശുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് തലശേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശാർജ ഖോര്‍ഫഖാനിൽ കടനടത്തിവരുന്ന മുഹമ്മദ് കുഞ്ഞി ചെറുപ്പം മുതലേ മീൻ പിടുത്തവും വളർത്തലും ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദേശത്ത് നിന്ന് നാട്ടിൽ വന്നാൽ ഒഴിവുസമയങ്ങളിൽ മീൻപിടുത്തം ശീലമാക്കിയ വ്യക്തിയായിരുന്നു. വീട്ടിൽ ടാങ്കുകളിൽ മീൻ കൃഷി ചെയ്‌തും ശ്രദ്ധനേടിയിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ അപ്രതീക്ഷിത വിയോഗം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി.
ഭാര്യ: ഖൈറുനിസ കെ പി കളനാട്.
മക്കൾ: റാഫിസ്,
അബ്ദുൽ അസീസ് (ഇരുവരും വിദ്യാർഥികൾ),
റംസീന,
റൈഹാന,
റിസ് വാന (വിദ്യാർഥി)
മരുമക്കൾ: ശാഫി ചെമ്പരിക്ക,
അഫ്രീൻ മാങ്ങാട് .
സഹോദരങ്ങൾ: അബ്ദുൽ ഖാദർ മാണി,
മാഹിൻ,
അബ്ദുൽ ഹമീദ്,
ഇബ്രാഹിം,
ഉമ്മു ഹലീമ,
നഫീസ,
ബീഫാത്വിമ,
സഫിയ.
രാത്രി 11 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ മയ്യത് നിസ്‌കാരം നടക്കും. തുടര്‍ന്ന് 11:30 മണിയോടെ ചെമ്പരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.