ദേശീയപാതയിലെ പ്രശ്നങ്ങൾ; ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തും; സർവ്വീസ് റോഡ് ഉപയോഗിക്കാത്ത ബസ്സുകൾക്കെതിരെ നടപടി

-
തീരദേശ ഹൈവേയുടെ അലൈൻമെന്റ് പൂർത്തിയാക്കി തുടർനടപടികൾ വേഗത്തിലാക്കും.
-
ജില്ലയിലെ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തും.
-
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ പട്ടയം ലഭിച്ചവർക്ക് ഭൂമി കണ്ടെത്തും.
-
കാസർകോട് കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
-
സർവ്വീസ് റോഡ് ഉപയോഗിക്കാത്ത ബസ്സുകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
കാസർകോട്: (KasargodVartha) ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനും, നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ജില്ലാ വികസന സമിതി യോഗം ചർച്ച ചെയ്തു. ചെങ്കള - നീലേശ്വരം സെക്ഷനിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കരാർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് നിന്നുള്ള വിദഗ്ധ സമിതി ജൂൺ 11, 12 തീയതികളിൽ നിർമ്മാണ സൈറ്റുകൾ പരിശോധിച്ചതായും എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
സ്വീകരിച്ച രീതികൾ അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പ്രൊജക്റ്റ് ഡയറക്ടർ വ്യക്തമാക്കി. ദേശീയപാതയിലെ പ്രശ്നബാധിത മേഖലകൾ ജനപ്രതിനിധികളും എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടറും ചേർന്ന് നേരിട്ട് സന്ദർശിക്കണമെന്ന് ജില്ലാ വികസന സമിതി നിർദ്ദേശിച്ചു.
തീരദേശ ഹൈവേയുടെ അലൈൻമെന്റ് പൂർത്തിയാക്കി തുടർനടപടികൾ ആരംഭിക്കണം
തീരദേശ ഹൈവേയുടെ ജില്ലയിലെ അലൈൻമെന്റ് പൂർത്തിയാക്കി തുടർനടപടികളിലേക്ക് വേഗത്തിൽ കടക്കേണ്ടതുണ്ടെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. പ്രവൃത്തിയുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി.
തീരദേശ ഹൈവേയുടെ ജില്ലയിലെ അലൈൻമെന്റ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ആകെ 14.92 കിലോമീറ്ററിൽ 4.3 കിലോമീറ്റർ ഒഴികെയുള്ള ഭാഗത്ത് കല്ലിടൽ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുള്ള അലൈൻമെന്റ് തന്നെ നിലനിർത്തി നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം പരമാവധി കുറയ്ക്കുന്ന വിധത്തിൽ അലൈൻമെന്റ് മാറ്റി വരയ്ക്കുവാൻ ഐ.ഡി.ഇ.സി.കെ-ക്ക് കിഫ്ബി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവ്വേ പ്രവൃത്തികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. അലൈൻമെന്റ് ഓപ്ഷൻ കിഫ്ബി പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് കല്ലിടൽ പ്രവൃത്തി പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഉദുമ, കാസർകോട് നിയോജക മണ്ഡലങ്ങളിലെ 730 മീറ്റർ നീളത്തിൽ കല്ലിടൽ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ടെന്നും, തുടർന്നുള്ള ഭാഗങ്ങളിൽ അലൈൻമെന്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഈ ഭാഗങ്ങളിൽ തീരദേശ ഹൈവേയുടെ നിർമ്മാണം ഒഴിവാക്കി അലൈൻമെന്റ് നിലവിലുള്ള കാസർകോട്-കാഞ്ഞങ്ങാട് പാതയിലേക്ക് യോജിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിൽ തീരുമാനമായിട്ടുണ്ടെന്നും കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി. കൂടാതെ, ബന്തടുക്ക പി.എച്ച്.സി. കെട്ടിടം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.
ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തണം
ജില്ലയിലെ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയിലെ നിലവിലുള്ള ജനറൽ കേഡറിലുള്ള ഒഴിവുകളിൽ പി.എസ്.സി വഴി 37 ഡോക്ടർമാരെ നിയമിച്ചുവെങ്കിലും 19 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ഇതിൽ 16 പേരും ഉപരിപഠനത്തിനായി അവധിയിൽ പോയിട്ടുണ്ട്. വെറും മൂന്ന് പേർ മാത്രമാണ് നിലവിൽ ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. മുഴുവൻ ജോലിയിൽ പ്രവേശിച്ചിട്ടില്ലാത്ത ഒഴിവുകളും നിയമനാധികാരിയായ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പട്ടയം ലഭിച്ചവർക്ക് ഭൂമി കണ്ടെത്താൻ നടപടി
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ പട്ടയം ലഭിച്ചവർക്ക് അനുവദിച്ച ഭൂമി കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ എൽ.ആർ അറിയിച്ചു. ജില്ലയിൽ ഡിജിറ്റൽ സർവ്വേ പുരോഗമിക്കുന്ന വില്ലേജുകളിൽ അനുവദിച്ച പട്ടയ ഭൂമി അതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകൾ ലഭിക്കുകയാണെങ്കിൽ സ്പെഷ്യൽ സർവ്വേ ടീമിനെ ഉൾപ്പെടുത്തി സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് കസബ കടപ്പുറത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും
കാസർകോട് കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭ, റവന്യു ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്തും. ഇവിടെ രണ്ട് പുതിയ കമ്മ്യൂണിറ്റി ടോയ്ലറ്റുകൾ നിർമ്മിച്ചിട്ടുള്ളതായും, കടലോര ശുചിത്വത്തിന്റെ ഭാഗമായി 'ശുചിത്വതീരം സുന്ദരതീരം' എന്ന പേരിൽ ശുചീകരണ ക്യാമ്പയിൻ നടത്തിയതായും നഗരസഭ സെക്രട്ടറി അറിയിച്ചു.
ദേശീയപാതയിൽ സർവ്വീസ് റോഡ് ഉപയോഗിക്കാത്ത ബസ്സുകൾക്കെതിരെ നടപടി
ദേശീയപാതയിൽ സർവ്വീസ് നടത്തുന്ന ബസുകൾ സർവ്വീസ് റോഡ് ഉപയോഗിക്കാതെ കെ.എസ്.ആർ.ടി.സി അടക്കമുള്ള പല ബസുകളും പ്രധാനപാതയിലൂടെയാണ് യാത്ര നടത്തുന്നതെന്നും, ആർ.ടി.ഒയും കെ.എസ്.ആർ.ടി.സി ബസ്സുകളും നിർബന്ധമായും സർവ്വീസ് റോഡുകൾ ഉപയോഗിക്കണമെന്ന് എ.കെ.എം. അഷറഫ് എം.എൽ.എ ആവശ്യപ്പെട്ടു. വിഷയം ബസ് ഓണർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും, ഇത്തരത്തിൽ സർവ്വീസ് നടത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആർ.ടി.ഒ വ്യക്തമാക്കി. വാഹന പരിശോധനയ്ക്കിടെ സ്വകാര്യ സ്റ്റേജ് കാരേജ് വാഹനങ്ങൾ പ്രധാന പാതയിൽ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഫീൽഡ് ഓഫീസർമാർക്ക് നിർദേശം നൽകിയതായും ആർ.ടി.ഒ അറിയിച്ചു.
മഞ്ചേശ്വരം ഹൊസബെട്ടു, മുട്ടം, ബേരിക്ക ബിച്ച് ടൂറിസം പദ്ധതിയുടെ ആവശ്യത്തിനായി കടലിനോട് ചേർന്നുള്ള ഭൂമിയുടെ ഉപയോഗാനുമതി ലഭ്യമാവുന്ന മുറയ്ക്ക് ഡി.പി.ആർ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മംഗൽപ്പാടി പഞ്ചായത്തിൽ ഉപ്പള കേന്ദ്രീകരിച്ച് ഒരു ഡീ-അഡിക്ഷൻ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ കെട്ടിടം ലഭ്യമായതിന് ശേഷം കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച അനുമതിക്കായി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
തങ്കയം ജംഗ്ഷൻ അപകടരഹിതമാക്കാൻ വിപുലീകരിക്കണം
കാലിക്കടവ്-ചന്തേര-ഒളവറ റോഡിൽ തൃക്കരിപ്പൂർ തങ്കയം ജംഗ്ഷൻ അപകടരഹിതമാക്കുന്നതിന് വീതി വർദ്ധിപ്പിച്ച് വിപുലീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് നിരത്തുകൾ വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം. രാജഗോപാലൻ എം.എൽ.എ പറഞ്ഞു. പ്രവൃത്തി വേഗത്തിൽ മുന്നോട്ട് പോകുന്നതിനായി കെ.എസ്.ഇ.ബി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലം സന്ദർശിച്ച് ആവശ്യമായ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടക്കാട് എം.ആർ.എസ്. സ്കൂളിന്റെ ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്തു സ്കൂളിന് ഗ്രൗണ്ട് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, മണ്ണ് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ സാധിക്കില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. ആറുവരിപ്പാത നിർമ്മാണം ചെറുവത്തൂർ കൊവ്വലിൽ പൂർത്തിയായതോടെ കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസുകൾ സർവ്വീസ് റോഡിൽ കയറി വി.വി.നഗർ സ്റ്റോപ്പിൽ നിർത്താതെയാണ് പോകുന്നത്. ഇത് ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതിനാൽ പരിഹരിക്കാനുള്ള ഇടപെടൽ വേണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എ.ഡി.എം പി. അഖിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. രാജഗോപാലൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസർകോട് നഗരസഭാ അധ്യക്ഷൻ അബ്ബാസ് ബീഗം എന്നിവർ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ആർ. രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ മുൻഗണനാ വിഷയങ്ങൾ പ്ലാനിങ് ഓഫീസറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കിടാനും മറക്കരുത്!
Article Summary: Public representatives and NHAI to inspect highway issues.
#NationalHighway #Kasaragod #ServiceRoad #KeralaNews #Infrastructure #PublicMeeting