National Highway | ദേശീയപാത വികസനം: നിർമാണ പ്രവൃത്തികൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം വേണ്ടിവന്നേക്കാം; ഉദ്ഘാടനം ഡിസംബറോടെ

● മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമ്മാണം പുരോഗമിക്കുന്നു.
● മർജിംഗ് പോയിന്റുകളുടെ നിർമ്മാണവും തുടരുന്നു
● കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു.
കാസർകോട്: (KasargodVartha) ജില്ലയിൽ ദേശീയപാത നിർമാണ പ്രവൃത്തി ആരംഭിച്ച് കൃത്യം മൂന്നു വർഷം പിന്നിടുമ്പോൾ ആദ്യ റീച്ചായ തലപ്പാടി- ചെങ്കള റീച്ചിൽ 39 കിലോമീറ്ററിൽ 85% പ്രവൃത്തികൾ പൂർത്തിയായതിനാൽ 2025 ഏപ്രിൽ, മെയ് മാസത്തിൽ തുറന്നു കൊടുക്കേണ്ടിയിരുന്ന ദേശീയപാത ഉദ്ഘാടനം ഈ വർഷം അവസാനത്തേക്ക് നീണ്ടേക്കും. നിർമാണ കമ്പനിക്ക് ഡിസംബർ വരെ സമയം അനുവദിച്ച് നൽകിയതായാണ് വിവരം.
നിർമാണത്തിന് മൂന്ന് വർഷത്തെ കരാറാണ് നൽകിയിരുന്നതെങ്കിലും നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലെത്താൻ ഇനിയും ആറുമാസം കൂടി സമയമെടുക്കുമെന്നാണ് വിവരം. അങ്ങിനെയെങ്കിൽ 2025 നവംബർ 18 ആകുമ്പോഴേക്കും നാലുവർഷം തികയും. ഈ സമയത്ത് ഉദ്ഘാടനം നടത്താമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം. 2021 നവംബർ 18നാണ് ദേശീയപാത നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലമാണ് കാസർകോട് ഒരുങ്ങുന്നത്. ഇതിന്റെ ജോലിയും ഏകദേശം 85 ശതമാനം പൂർത്തിയായിട്ടുണ്ട്. കാസർകോട് കറന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ നീളുന്ന 1.13 കിലോമീറ്റർ നീളമുള്ളതാണ് ഈ മേൽപാലം. 30 തൂണുകളിലായാണ് പാലം സ്ഥാപിച്ചിട്ടുള്ളത്.
ഉപ്പളയിലെയും മേൽപാലത്തിന്റെ നിർമ്മാണം പുരോഗമിച്ച് വരുന്നുണ്ട്. ഇവിടെ 75% മാത്രമേ ജോലി പൂർത്തിയായിട്ടുള്ളൂ. അതിനിടെ ജില്ലയിലെ 10 കാൽനട മേൽപാലങ്ങളിൽ വിദ്യാനഗറിലെയും, മൊഗ്രാൽപുത്തൂർ കല്ലങ്കയിലെയും മേൽപാലങ്ങൾ തുറന്നു കൊടുത്തിട്ടുണ്ട്. പെറുവാഡ് നിർമാണം നടന്നു വരുന്നുണ്ട്. മുട്ടം ഗേറ്റ് ബന്തിയോട്, മംഗൽപാടി, ഉപ്പള സ്കൂൾ പരിസരം, ഭഗവതി ഗേറ്റ്, മഞ്ചേശ്വരം, തൂമിനാട് എന്നിവിടങ്ങളിലാണ് മറ്റ് കാൽനട മേൽപാലങ്ങൾ സ്ഥാപിക്കുന്നത്.
എട്ടു പാലങ്ങളുടെ പണികൾ ഏകദേശം പൂർത്തിയായി വരുന്നുണ്ട്. 19 അടിപ്പാതകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇവിടെയും മിനുക്ക് പണികൾ ബാക്കിയുണ്ട്. 60 മെർജിങ് പോയിന്റുകളുടെ നിർമാണത്തിൽ മാത്രം മെല്ലെ പോക്ക് തുടരുന്നുണ്ട്. ദേശീയപാതയിൽ നിന്ന് വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന് ഇറങ്ങാനും, കയറാനുമാണ് ഈ സംവിധാനം.ഇരു ഭാഗങ്ങളിലുമായി 30 വീതം മർജിങ് പോയിന്റുകളാകും ഉണ്ടാവുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
National Highway construction in Kasaragod is delayed, with the opening now expected by December 2025. Major bridges and road works are nearing completion.
#Kasaragod #NationalHighway #Infrastructure #RoadDevelopment #Construction #KasaragodNews