Development | ദേശീയപാത വികസനം: മൊഗ്രാൽ പാലം പുനർനിർമിക്കാത്തത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കും; ആശങ്കയുമായി നാട്ടുകാർ

● കണ്ണൂരിൽ നിന്നടക്കം വിവിധ ആവശ്യങ്ങൾക്കായി മംഗ്ളൂരിലേക്ക് നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്.
● കർണാടകയിൽ സമാന രീതിയിലുള്ള നിർമ്മാണം മൂലം വലിയ അപകടം സംഭവിച്ചിട്ടുണ്ട്.
മൊഗ്രാൽ: (KasargodVartha) ചെങ്കള-തലപ്പാടി റീച്ചിലെ ദേശീയപാത വികസനം പുരോഗമിക്കുന്നതിനിടെ മൊഗ്രാൽ പാലം പുനർനിർമ്മിക്കാതെ ഹൈവേ നിർമ്മാണം പൂർത്തിയാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. കാസർകോട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാൽ, അവിടെ നിന്ന് മൊഗ്രാൽ പാലം വഴി പോകാൻ സർവീസ് റോഡോ നടപ്പാതയോ ഇല്ലാത്തത് ജനങ്ങളിൽ ഭീതിയുണർത്തുന്നു. കൂടാതെ, ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനത്തിന്റെ അഭാവം ദുരിതം ഇരട്ടിയാക്കും. ഇത്, മുൻപ് ഷിരൂരിൽ നടന്ന ലോറി അപകടത്തിന് സമാനമായ അപകടങ്ങൾക്ക് ഭാവിയിൽ സാധ്യതയുണ്ടാക്കുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ കവാടമായ മൊഗ്രാൽ പാലം പുനർനിർമ്മിക്കാത്തതുമൂലം മൂന്ന് വരി ഹൈവേ ഇവിടെയെത്തുമ്പോൾ രണ്ടുവരിയായി ചുരുങ്ങുന്നു. കണ്ണൂരിൽ നിന്നടക്കം വിവിധ ആവശ്യങ്ങൾക്കായി മംഗ്ളൂരിലേക്ക് നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. പാലത്തിലെത്തുമ്പോൾ പെട്ടെന്ന് പാത രണ്ടായി ചുരുങ്ങുന്നത്, വേഗതയിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് വലിയ അപകടങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. കർണാടകയിൽ സമാന രീതിയിലുള്ള നിർമ്മാണം മൂലം വലിയ അപകടം സംഭവിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ, കച്ചവട, ആശുപത്രി ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി മംഗ്ളൂരിലേക്ക് പോകുന്ന പാതയായതിനാൽ ഈ അശാസ്ത്രീയ നിർമ്മാണത്തെ ജനങ്ങൾ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പഴയ മൊഗ്രാൽ പാലം പൊളിച്ച് മൂന്ന് വരിയാക്കി പുനർനിർമ്മിക്കുകയും സർവീസ് റോഡ് സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.
വൻ അപകട സാധ്യത മുന്നിൽക്കണ്ട്, മൊഗ്രാൽ പാലം പൊളിച്ച് മൂന്നുവരിയായി പുനർനിർമ്മിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് ടി.കെ അൻവർ, ജനറൽ സെക്രട്ടറി എം.എ മൂസ എന്നിവർ ആവശ്യപ്പെട്ടു.
#MogralBridge #NationalHighway #AccidentRisk #Mangalore #Kasaragod #RoadSafety