Protest | ദേശീയപാത വികസനം: കോടതിയുടെ പരിഗണനയിലിരിക്കെ വീടിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കാൻ ശ്രമം; ബേവിഞ്ചയിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പൊലീസ്

● ഹൈകോടതിയുടെയും ജില്ലാ കലക്ടറുടെയും പരിഗണനയിലുള്ള വിഷയം.
● ചെർക്കള എൻ എച്ച് 66 ആക്ഷൻ കമിറ്റിയാണ് പ്രതിഷേധിച്ചത്
● എംഎൽഎ അടക്കമുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി.
ചെർക്കള: (KasargodVartha) ദേശീയപാത വികസനത്തിന്റെ ഭാഗമായി ബേവിഞ്ചയിൽ രണ്ട് വീടുകളുടെ ഭാഗങ്ങൾ പൊളിച്ചു നീക്കാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച ചെർക്കള എൻ എച്ച് 66 ആക്ഷൻ കമിറ്റി ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വർകിങ് ചെയർമാൻ നാസർ ചെർക്കളം അടക്കമുള്ള ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ബേവിഞ്ചയിലെ സഹോദരങ്ങളായ എം ടി അഹ്‌മദ് അലി, എം ടി ബശീർ എന്നിവരുടെ വീടിന്റെ ഭാഗമാണ് അധികൃതർ പൊളിച്ചുമാറ്റാൻ ശ്രമിച്ചത്.
ഈ വീടുകളുടെ പ്രധാന തൂണുകൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ഈ തൂണുകൾ നീക്കം ചെയ്താൽ വീടുകൾ നിലനിൽക്കില്ലെന്നും അതിനാൽ വീട് പൂർണമായി പൊളിച്ച് നഷ്ടപരിഹാരം നൽകണമെന്നുമാണ് വീട്ടുടമകളുടെയും ആക്ഷൻ കമിറ്റിയുടെയും ആവശ്യം. ഈ വിഷയം നിലവിൽ ഹൈകോടതിയുടെയും ജില്ലാ കലക്ടറുടെയും പരിഗണനയിലാണ്.
വിഷയം ഈ മാസം 15ന് പരിഗണിക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു. എന്നാൽ, ഇതിനിടയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ധൃതിപിടിച്ച് വീടുകൾ പൊളിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. വീടിന്റെ പ്രധാന താങ്ങായ പില്ലർ പൊളിച്ചുമാറ്റുന്നത് വീടിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ നിർദേശപ്രകാരമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എംഎൽഎ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ, സിപിഎം ജില്ലാ കമിറ്റി അംഗം കെ എ ഹനീഫ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
In Bevincha, Kasaragod, police arrested nine members of the Cherkala NH 66 Action Committee for protesting against the authorities' attempt to demolish parts of two houses for national highway development. The homeowners and the committee argue that demolishing the main pillars, even while the matter is before the High Court and the District Collector, will render the houses uninhabitable and demand full compensation.
#NationalHighway66 #BevinchaProtest #HouseDemolition #Kasaragod #KeralaPolice #ActionCommittee