ദേശീയപാത നിർമാണത്തിലെ ഗുരുതര ക്രമക്കേടുകൾ; നിർമാണ കമ്പനിക്കെതിരെ ആരോപണങ്ങൾ ശക്തമാക്കി എംപി; ശാസ്ത്രീയ നടപടി വേണമെന്ന് നാട്ടുകാരുടെ ആവശ്യം

● നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിൽ വിമർശനം.
● വീരമലക്കുന്നിൽ നിന്ന് അമിതമായി മണ്ണെടുത്തതിന് പിഴ.
● ദേശീയപാത അതോറിറ്റിക്കും വീഴ്ചയെന്ന് സിപിഐ.
● നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം.
കാസർകോട്: (KasargodVartha) ദേശീയപാത 66-ൻ്റെ രണ്ടാം റീച്ചിലെ നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെതിരെ വ്യാപക ക്രമക്കേട് ആരോപണവുമായി എംപി അടക്കമുള്ളവർ രംഗത്ത്. റോഡ് നിർമാണത്തിനിടെ കുന്നിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. 2022-ൽ പെരിയയിൽ ഇതേ കമ്പനി നിർമിക്കുന്ന അടിപ്പാതയുടെ മുകൾഭാഗം തകർന്ന് അപകടമുണ്ടായത് ഭാഗ്യം കൊണ്ടാണ് ജീവഹാനി ഒഴിവാക്കിയത്.
തലപ്പാടി-ചെർക്കള ഒന്നാം റീച്ചിലെ നിർമാണം അതിവേഗം പൂർത്തിയായപ്പോൾ, മേഘ കമ്പനി നിർമിക്കുന്ന രണ്ട്, മൂന്ന് റീച്ചുകളിലെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ദേശീയപാത നവീകരണത്തിൻ്റെ മറവിൽ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണിടിച്ച് കടത്തിയതിന് മേഘ കമ്പനിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. 65,000 ക്യുബിക് മീറ്റർ മണ്ണ് നീക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, ഹൊസ്‌ദുർഗ് തഹസിൽദാർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൽ കമ്പനി ഈ പരിധി ലംഘിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ നിയമാനുസൃതമായ മണ്ണ് മാത്രമാണ് നീക്കിയതെന്ന് കമ്പനി വിശദീകരിച്ചെങ്കിലും ജിയോളജി വകുപ്പ് ഈ വാദം തള്ളി. അമിതവേഗവും ദിശ തെറ്റിച്ചെത്തുന്ന വാഹനങ്ങളും ദേശീയപാതയിൽ അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മഴക്കാലമാകുന്നതോടെ അപകടങ്ങൾ ഇനിയും കൂടുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
അജേഷിൻ്റെ ഞെട്ടൽ മാറുന്നില്ല
ചെറുവത്തൂർ മട്ടലായിയിലെ അപകടം നേരിൽ കണ്ട അജേഷിന് ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല. മട്ടലായി കോളനിയിൽ താമസക്കാരനായ എൻ. അജേഷ് മട്ടലായി മഹേശ്വരി മരമില്ലിലെ തൊഴിലാളിയാണ്. മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം അപകടം നടന്ന സ്ഥലത്തിനടുത്തുള്ള പെട്ടിക്കടയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു അജേഷ്. കൈ കഴുകി കടയിലിരിക്കുന്നതിനിടെയാണ് തൊട്ടടുത്തുനിന്ന് എന്തോ പൊട്ടിവീഴുന്നതും ആരോ ഉറക്കെ ഒച്ചവയ്ക്കുന്നതും കേൾക്കുന്നത്.
പുറത്തിറങ്ങി നോക്കിയപ്പോഴാണ് മലയരികിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായി മനസ്സിലാക്കിയത്. ഉടൻതന്നെ അജേഷ് അടക്കമുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചു. തൃക്കരിപ്പൂരിൽനിന്ന് അഗ്നിരക്ഷാസേനയും ചന്തേര പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളെ വേഗം പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും മുൻതാജ് മിറിനെ പുറത്തെടുക്കാൻ താമസം നേരിട്ടു. ഇയാളാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അജേഷ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ഒപ്പമുണ്ടായിരുന്നു.
അടിയന്തര നടപടിക്ക് മന്ത്രിയുടെ നിർദേശം
കാസർകോട് മട്ടലായി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. അടിയന്തര നടപടിക്ക് നിർദേശം നൽകി. അപകടത്തെക്കുറിച്ച് കളക്ടറുമായും ജില്ലാ പോലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി, അന്വേഷണം നടത്താൻ പോലീസിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും നിർദേശം നൽകി. നിർമ്മാണ സ്ഥലത്ത് കുന്നിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത പശ്ചാത്തലത്തിൽ വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങളിൽ പാർശ്വ റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കാൻ, ജില്ലാ കലക്ടർ കെ ഇമ്പശേഖരൻ തിങ്കളാഴ്ച വൈകീട്ട് അപകട സ്ഥലം സന്ദർശിച്ച് ഉത്തരവിട്ടിരുന്നു.
ദേശീയപാത അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് സിപിഐ
ചെറുവത്തൂർ മട്ടലായിയിൽ മണ്ണിടിച്ചിലുണ്ടായത് ദേശീയപാത അതോറിറ്റിയുടെ ഗുരുതരമായ സുരക്ഷാ വീഴ്ച മൂലമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ആരോപിച്ചു. ജില്ലയിൽ പലയിടങ്ങളിലും തൊഴിലാളികളെ സുരക്ഷാ സംവിധാനങ്ങളില്ലാതെ പണിയെടുപ്പിക്കുമ്പോൾ ദേശീയപാത അതോറിറ്റി യാതൊരു പരിശോധനയും നടത്തുന്നില്ല. നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ സംഭവിക്കുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കാലവർഷം വരാൻ പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും ശക്തമായി ഇടപെടണമെന്നും നിർമാണ കമ്പനിയുടെ ജോലികൾ പരിശോധിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു
മണ്ണിടിച്ചിൽ പാർശ്വഭിത്തി പ്രതിരോധിക്കില്ല; ശാസ്ത്രീയ നടപടി വേണമെന്ന് ആവശ്യം
ചെറുവത്തൂർ ദേശീയപാതയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കാനിടയായ സംഭവം അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീരമലക്കുന്ന്, മട്ടലായി കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ മഴക്കാലത്ത് വലിയ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് വീരമലക്കുന്ന് അശാസ്ത്രീയമായി ഇടിച്ചതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്നാണ് പ്രധാന ആരോപണം.
കുന്നിടിച്ച ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിന് മേഘ കൺസ്ട്രക്ഷൻസ് ശാസ്ത്രീയമായ യാതൊരു സജ്ജീകരണവും ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുന്നിന് താഴെ സുരക്ഷാഭിത്തി നിർമ്മിക്കുന്നുണ്ടെങ്കിലും, വലിയ തോതിൽ മലയിടിഞ്ഞാൽ ഇത് പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അനുവദിച്ചതിലും അധികം സ്ഥലത്തുനിന്ന് കരാർ കമ്പനി മണ്ണെടുത്തത് മലയിടിച്ചിലിന് കാരണമാകുമെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മഴക്കാലത്ത് വീരമലക്കുന്ന് ഇടിയുന്നത് പരിസരങ്ങളിലെ കുടുംബങ്ങൾക്കും ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് വീരമലക്കുന്ന് പലതവണ ഇടിഞ്ഞിരുന്നു.
എം രാജഗോപാലൻ എംഎൽഎയും അന്നത്തെ കളക്ടർ കെ ഇമ്പശേഖറും ഇടപെട്ട് കുന്നിൻ്റെ സുരക്ഷ ഉറപ്പാക്കാനും അശാസ്ത്രീയമായ മണ്ണെടുപ്പ് തടയാനും നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മൂന്ന് ദിവസത്തോളം രാത്രികാലങ്ങളിൽ ദേശീയപാത അടച്ചിടേണ്ടി വന്നിട്ടുണ്ട്. മഴക്കാലം അടുത്തെത്തുന്നതോടെ വീരമലക്കുന്നും മട്ടലായിക്കുന്നും വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മലയിടിച്ചിൽ തടയാൻ പാർശ്വഭിത്തി നിർമ്മിക്കുന്നത് കൊണ്ട് മാത്രം സാധ്യമല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഈ അപകടത്തെ ശാസ്ത്രീയമായ രീതിയിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം മഴക്കാലത്തിന് മുൻപായി ഈ പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാതയുടെ പരിസരത്തുള്ള താമസക്കാർ ആവശ്യപ്പെടുന്നു.
.
ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Summary: MP and others raise allegations of serious irregularities against the construction company of National Highway 66's second reach in Kasargod. Demands for a case against the company for the worker's death due to a landslide have been made, citing previous incidents and slow construction progress.
#KeralaNews #NationalHighway #Kasargod #ConstructionIrregularities #Landslide #MeghaConstructions