city-gold-ad-for-blogger

അവഗണനയ്ക്ക് അറുതി വേണം; കാസർകോടിന് പ്രത്യേക പദവി ആവശ്യപ്പെട്ട് നാസർ ചെർക്കളം

 Nasser Cherkalam addressing a press conference in Kasargod regarding the special status for the district.
KasargodVartha Photo

● ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ പലതും ജില്ലയിൽ അനാഥമായ അവസ്ഥയിലാണ്.
● ഓഫീസുകളിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ സാധാരണക്കാർ പത്തിലധികം തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നു.
● സർക്കാർ ജോലികളിൽ ജില്ലക്കാർക്ക് 80% സംവരണം ഏർപ്പെടുത്തുന്നതാണ് പ്രത്യേക പദവിയുടെ കാതൽ.
● മറ്റ് ജില്ലകളിൽ കാസർകോട് സ്വദേശികൾക്ക് 8% അധിക സംവരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
● ആർട്ടിക്കിൾ 371 പ്രകാരം കർണാടക, മഹാരാഷ്ട്ര മോഡലിൽ പ്രത്യേക വികസന ബോർഡ് രൂപീകരിക്കണം.

കാസർകോട്: (KasargodVartha) ജില്ലയ്ക്ക് പ്രത്യേക പദവി അനുവദിക്കണമെന്ന് മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകനും കെ-സ്റ്റഡീസ് ഡയറക്ടറുമായ നാസർ ചെർക്കളം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല നേരിടുന്ന കടുത്ത അവഗണനയ്ക്ക് പരിഹാരം കാണാൻ ഭരണഘടനാപരമായ ഈ നീക്കം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അനാഥമാകുന്ന വകുപ്പുകൾ

പൊതു വികസനം, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം, ദേശീയപാത, റെയിൽവേ, വ്യവസായ വികസനം, തൊഴിൽ മേഖല തുടങ്ങിയ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകേണ്ട വകുപ്പുകൾ ഇന്ന് പലതും അനാഥമായ അവസ്ഥയിലാണ്. 

ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ, അപേക്ഷകർക്ക് റസീറ്റ് കൊടുക്കാനോ മറുപടി കൊടുക്കാനോ സർക്കാർ ഓഫീസുകളിലെ കസേരകളിൽ ആളില്ല. ഓരോ അപേക്ഷകനും കുറഞ്ഞത് 50 വട്ടമെങ്കിലും കയറി ഇറങ്ങി പോകേണ്ട അവസ്ഥയാണുള്ളത്.

വികസന മുരടിപ്പിന്റെ കാരണങ്ങൾ

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ കോർത്തിണക്കിയുള്ള വികസന ജനക്ഷേമ പദ്ധതികൾ കാസർകോട് ജില്ലയിൽ കൃത്യമായി എത്തുന്നില്ല. വയനാട്, ഇടുക്കി ജില്ലകളിലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 

സർക്കാർ ജോലിക്കാർ പുറത്തുനിന്ന് വരുന്ന ആൾക്കാരായതുകൊണ്ടും മലയോര മേഖലയായതുകൊണ്ടും ഓഫീസുകളിലെ കസേരകൾ പലതും ഒഴിഞ്ഞു കിടക്കുന്നു. സ്കൂളുകളിലും കോളേജുകളിലും താൽക്കാലിക ജീവനക്കാരെയാണ് നിയമിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല.

പ്രത്യേക പദവി കൊണ്ടുള്ള ഗുണങ്ങൾ

ഇത്തരം പ്രശ്നങ്ങൾ മറികടക്കുന്നതിന് വേണ്ടി പ്രത്യേക വികസന ബോർഡ് രൂപീകരിക്കുകയും സർക്കാർ ജോലിയിൽ പ്രദേശവാസികൾക്ക് 80% സംവരണം ഏർപ്പെടുത്തുകയും വേണം. പ്രസ്തുത ജില്ലക്കാർക്ക് മറ്റു ജില്ലകളിൽ 8% സംവരണം കൂടി നൽകുന്നതാണ് പ്രത്യേക പദവി. 

ഈ സാഹചര്യം നിലവിൽ വരുമ്പോൾ കാസർകോട് ജില്ലക്കാർക്ക് തന്നെ ഇവിടെ ജോലി ലഭിക്കുകയും ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ മാറുകയും ചെയ്യും. പ്രൊഫഷണൽ കോളേജുകളിൽ സീറ്റ് ലഭ്യത വർദ്ധിപ്പിക്കാനും സംസ്ഥാന തലത്തിലുള്ള അലോട്ട്‌മെന്റിൽ പ്രത്യേക സംവരണം ജില്ലയ്ക്ക് ലഭിക്കാനും ഇത് സഹായിക്കും.

ഭരണഘടനാപരമായ സാധ്യതകൾ

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 371 മുതൽ 371 ജെ വരെയുള്ള പാർട്ട് 21-ന്റെ ഭാഗമായി ഇത്തരം നിയമം കൊണ്ടുവരാൻ സാധിക്കും. സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പാസാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ ഭൂരിപക്ഷം കൂടി പരിഗണിച്ചാണ് ഇത് നിയമമായി വരിക. 

 

കർണാടകയിലെ കല്യാൺ ജില്ലയടക്കം മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, ആസ്സാം, മണിപ്പൂർ, ആന്ധ്ര പ്രദേശ്, തെലുങ്കാന, സിക്കിം, മിസോറാം, അരുണാചൽ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പ്രത്യേക പദവി അംഗീകരിച്ചു നൽകിയിട്ടുണ്ട്.

അവഗണനയുടെ ആഴം

തലസ്ഥാനത്തുനിന്നുള്ള ദൂരം വെച്ച് അവസാനത്തെയും എണ്ണം വെച്ച് പതിനാലാമത്തെയും ജില്ലയായ കാസർകോട് വെറും ജാഥ തുടങ്ങാൻ വേണ്ടി മാത്രമാണ് പലപ്പോഴും ഉപയോഗപ്പെടുത്തുന്നത്. മെഡിക്കൽ കോളേജ് ഇല്ലാത്ത, എയിംസ് പ്രൊപ്പോസലിൽ പേര് പോലും ഉൾപ്പെടുത്താൻ കൂട്ടാക്കാത്ത അവസ്ഥയാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണക്കിൽ ഇങ്ങനെയൊരു ജില്ലയുണ്ട് എന്ന് പോലും നോക്കാത്ത സമീപനമാണ് നേരിടുന്നത്.

സമൂഹ്യ വികസന നീക്കങ്ങൾ

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ജില്ലകളുടെ വികസന അജണ്ടകൾ ക്രമീകരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് നാസർ ചെർക്കളം മുൻപ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ബെൽഗാം മാതൃകയിൽ നിയമസഭാ സമ്മേളനം നടക്കുന്ന അസംബ്ലി അനെക്സ് ഹോൾ കാസർകോട് ജില്ലയിൽ നിർമ്മിക്കണമെന്ന മഞ്ചേശ്വരം എം.എൽ.എയുടെ ആവശ്യത്തിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

പ്രത്യേക പദവി ലഭിക്കുന്നത് ജില്ലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും സന്നദ്ധ-യുവജന കൂട്ടായ്മകളും ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും നാസർ ചെർക്കളം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഉസ്മാൻ പള്ളിക്കാലും സംബന്ധിച്ചു.

പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Nasser Cherkalam demands special status under Article 371 for Kasargod district to solve its developmental issues.

#Kasargod #SpecialStatus #Article371 #NasserCherkalam #Development #KeralaGovernment #KasargodNeglect #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia