Achievement | കായികരംഗത്ത് കാസർകോടിന്റെ അഭിമാനമുയർത്തി നഫീസത്ത് റിസ; ദേശീയ ജൂനിയർ ഹാൻഡ്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിൽ ഇടം നേടി
● ചെമനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്
● നിരവധി കായിക ഇനങ്ങളിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികവ്
● കഠിനാധ്വാനവും സ്ഥിരോത്സാഹവും വിജയം കൊണ്ടുവന്നു
കാസർകോട്: (KasargodVartha) കായികരംഗത്ത് കാസർകോടിന് വീണ്ടുമൊരു പൊൻതൂവൽ. പെൺകുട്ടികളുടെ 46-ാമത് ദേശീയ ജൂനിയർ ഹാൻഡ്‌ബോൾ ടൂർണമെന്റിൽ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മേൽപറമ്പ് മാക്കോട് സ്വദേശിനി എം എം നഫീസത്ത് റിസ നാടിന്റെ അഭിമാനമായി. ഡിസംബർ 23 മുതൽ 27 വരെ തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വെച്ച് നടക്കുന്ന വാശിയേറിയ മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി നഫീസത്ത് കളത്തിലിറങ്ങും.
ചെറുപ്പം മുതലേ കായികരംഗത്ത് സജീവമായിരുന്നു റിസ. ഹാൻഡ്‌ബോളിന് പുറമെ ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഠിനാധ്വാനവും കായികപരമായുള്ള താല്പര്യവും ഉന്നതങ്ങളിലേക്ക് എത്തിച്ചു. ബാസ്കറ്റ്ബോളിൽ രണ്ട് തവണ ജില്ലാ സ്കൂൾ ടീമിലും ഫുട്ബോളിൽ ഒരു തവണ ജില്ലാ സ്കൂൾ ടീമിലും സംസ്ഥാന തലത്തിൽ മാറ്റുരച്ചിട്ടുണ്ട്. വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ച റിസയുടെ സ്ഥിരോത്സാഹത്തിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന ടീമിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്.
ചെമനാട് ജമാഅത്ത് ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പഠനത്തിലും കായികരംഗത്തും ഒരുപോലെ മികവ് പുലർത്തുന്ന റിസ മറ്റു വിദ്യാർഥികൾക്കും ഒരു പ്രചോദനമാണ്. ചന്ദ്രഗിരി ക്ലബ് യുഎഇ ട്രഷറർ റാഫി മാക്കോട് - തളങ്കര ഖാസിലൈനിലെ സഫ്രീന ഹൂദ് ദമ്പതികളുടെ മകളാണ്. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഈ മിടുക്കിയുടെ കായിക ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും കരുത്തായി.
#NafeesathRiz, #KeralaSports, #Handball, #JuniorAthlete, #Kasargod, #SportsAchievement