Mismanagement | നടക്കാവ് കാപ്പ് കുളം: 'കോൺക്രീറ്റ് തൂണുകളും കല്ലുകളും തകർന്നു തുടങ്ങി'; 27 ലക്ഷം രൂപയുടെ പദ്ധതി പാഴായോ?
● 27 ലക്ഷം ചെലവിട്ട് നടത്തുന്ന നവീകരണ പദ്ധതി
● 'എഞ്ചിനീയറിംഗ് രംഗത്തെ അശാസ്ത്രീയതയുടെയും അനാസ്ഥയുടെയും ഉദാഹരണം'
തൃക്കരിപ്പൂർ: (KasargodVartha) പടന്ന പഞ്ചായത്തിലെ നടക്കാവ് കാപ്പ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്ന് ആരോപണം. 27 ലക്ഷം രൂപ ചെലവിലുള്ള ഈ പദ്ധതി പൂർത്തീകരിക്കുന്നതിനു മുൻപേ തന്നെ കോൺക്രീറ്റ് തൂണുകളും കല്ലുകളും തകർന്നു തുടങ്ങിയിരിക്കുന്നു. ജില്ലാ പഞ്ചായത്ത് ആണ് ആദ്യം 20 ലക്ഷവും പിന്നീട് 7 ലക്ഷവും കുളത്തിന്റെ നവീകരണത്തിനായി അനുവദിച്ചത്.
ഒരു വർഷം മുമ്പ് ആരംഭിച്ച ഈ പദ്ധതി ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. കുളത്തിനു ചുറ്റും ചെങ്കല്ല് പാകി നടപ്പാത നിർമ്മിക്കുകയും മൂന്നു വരി മതിലും മുകൾഭാഗത്ത് ഫെൻസിംഗും സ്ഥാപിക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ, നിർമ്മാണത്തിലെ അശ്രദ്ധ കാരണം നിർമിതികൾ ദുർബലമായിരിക്കുന്നു. ചെറുതായൊന്ന് തള്ളിയാൽ പോലും മറിഞ്ഞുവീഴുന്ന രീതിയിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. പലയിടത്തും തൂണുകളും മതിലുകളും ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു.
തറനിരപ്പിൽ നിന്നും ഒരടിപോലും താഴ്ത്തി ഉറപ്പിക്കാത്ത കോൺക്രീറ്റ് തൂണുകൾ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാമാന്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്. ഇത് എഞ്ചിനീയറിംഗ് രംഗത്തെ അശാസ്ത്രീയതയുടെയും അനാസ്ഥയുടെയും ഉദാഹരണമാണ്.
കഴിഞ്ഞദിവസം ഇവിടം സന്ദർശിച്ച ജനപ്രതിനിധികൾക്ക് പദ്ധതി നിർവഹണത്തിലെ കെടുകാര്യസ്ഥത ബോധ്യപ്പെട്ട് കാണണം. അതുകൊണ്ടുതന്നെ അശാസ്ത്രീയതയുടെയും അഴിമതിയുടെയും ഉദാഹരണമായി കാപ്പ് കുളം മാറില്ലെന്ന് പ്രതീക്ഷിക്കാം. ഏതു നിമിഷവും തകർന്നുവീഴാവുന്ന സംരക്ഷണ വേലിക്കൊപ്പം ഹാപ്പിനെസ്സ് പാർക്കും നിർമ്മിച്ച് പൊതുജനത്തെ സ്വാഗതം ചെയ്യുമ്പോൾ കുറഞ്ഞപക്ഷം ഉള്ള ഹാപ്പിനസ് കെടുത്തി കളയാതിരിക്കാൻ എങ്കിലും അധികൃതർ ശ്രദ്ധിക്കണം.
#Kerala #PublicFunds #Infrastructure