city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം ഗോവിന്ദപൈ ഗവണ്‍മെന്റ് കോളജിന് നാക്ക് അക്രഡിറ്റേഷന്‍; ജില്ലയ്ക്ക് ഇത് അഭിമാന നിമിഷം

മഞ്ചേശ്വരം: (www.kasargodvartha.com 02/11/2017) രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണയില്‍ ആരംഭിച്ച ഗോവിന്ദപൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് നാക്ക് അക്രഡിറ്റേഷന്‍ ലഭിച്ചതായി കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2.45 സ്‌കോറോടെ ബി ഗ്രേഡ് അക്രഡിറ്റേഷനാണ് ലഭിച്ചത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കോളജ് അധികൃതരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പി ടി എയുടെയും ശ്രമഫലമായാണ് കോളജിന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. പരിമിതികളെ തരണം ചെയ്തുകൊണ്ടാണ് കോളജിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

1980 ല്‍ ആരംഭിച്ച കോളജ് 1990 ല്‍ ഗോവിന്ദപൈ കുടംബം വിട്ടുനല്‍കിയ ഭൂമിയില്‍ പണിത പുതിയ കെട്ടിടത്തിലേക്ക് മാറുകയും ബി എ കന്നഡ, ബി കോം, ബിടിടിഎം, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 2004, 2012 വര്‍ഷങ്ങളില്‍ എം കോം, എം എസ് സി എന്നീ പിജി കോഴ്‌സുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 429 വിദ്യാര്‍ത്ഥികളും 30 അധ്യാപകരും (19 പേര്‍ സ്ഥിരം), 17 ഓഫീസ് സ്റ്റാഫും അടങ്ങുന്ന മികവുറ്റ ജീവനക്കാരാണ് കോളേജിന്റെ അക്കാദമികവും വികസനപരവുമായ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. കോളേജിന് അംഗീകാരം ലഭിച്ചത് അത്യുത്തര കേരളത്തിന് ആഹ്ലാദം പകരുന്നതാണ്.

മഞ്ചേശ്വരം ഗോവിന്ദപൈ ഗവണ്‍മെന്റ് കോളജിന് നാക്ക് അക്രഡിറ്റേഷന്‍; ജില്ലയ്ക്ക് ഇത് അഭിമാന നിമിഷം

സ്ഥാപിതമായിട്ട് 37 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണ് കോളേജ്. നാക്ക് അംഗീകാരം കോളേജിന്റെ അഭിവൃദ്ധി ഉയര്‍ത്തുവാന്‍ സഹായമാകും. നാക്ക് അംഗീകാരം കിട്ടാത്തതിനാല്‍ യുജിസിയില്‍ നിന്നും അര്‍ഹതമായ ഫണ്ടുകള്‍ പോലും കോളേജിന് ലഭ്യമാകാതിരുന്ന സാഹചര്യത്തിന് ഇതോടെ അറുതിവരും. കോളജിന്റെ വികസന കുതിപ്പിന് ഈ അംഗീകാരം അത്യന്താപേക്ഷിതമാണ്. കൂട്ടായ്മയിലൂടെ അതു നേടിയെടുക്കാന്‍ സാധിച്ചതായി പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഉയരാനും വളരാനും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന ഇന്നത്തെ തലമുറയെ കലാലയത്തിലേക്ക് ആകര്‍ഷിക്കാന്‍ പോന്ന സുസജ്ജ സംവിധാനം, ഹൈടെക്ക് സൗകര്യങ്ങളടക്കം ഒരുക്കേണ്ടത് അനിവാര്യമാണ്. നാക്ക് അംഗീകാരം ലഭിച്ചതോടെ ഈ കലാലയം വലിയ പ്രതീക്ഷയിലാണ്.

കൂടുതല്‍ കോഴ്‌സുകള്‍ അനിവാര്യം
വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമവാസികള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഇടമായി കലാലയം മാറേണ്ടതുണ്ട്. അധ്യാപകരും പിടിഎയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിന് സര്‍ക്കാര്‍ തലത്തിലുള്ള ധനസഹായവും പുതിയ കോഴ്‌സുകള്‍ അനുവദിക്കലും ആവശ്യമാണ്. കോളേജ് ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ വികസന തടസ്സം കാലാനുസൃതമായി കോഴ്‌സുകള്‍ അനുവദിക്കാത്തതാണ്. കാലാകാലങ്ങളില്‍ കോഴ്‌സുകള്‍ക്കായി സ്ഥാപനം അപേക്ഷിക്കാറുണ്ട്.

മഞ്ചേശ്വരം ഗോവിന്ദപൈ ഗവണ്‍മെന്റ് കോളജിന് നാക്ക് അക്രഡിറ്റേഷന്‍; ജില്ലയ്ക്ക് ഇത് അഭിമാന നിമിഷം

33 ഏക്കര്‍ സ്ഥലം ഉണ്ടായിട്ടും 1990 മുതല്‍ ആരംഭിച്ച 4 ഡിഗ്രി കോഴ്‌സുകളും 2 പിജി കോഴ്‌സുകളും അല്ലാതെ മറ്റൊരു കോഴ്‌സും ഇവിടെ അനുവദിച്ചിട്ടില്ല. സപ്തഭാഷാസംഗമഭൂമിയും തുളുനാടിന്റെ സാംസ്‌കാരിക ഭൂമിയുമായ മഞ്ചേശ്വരത്ത് കൂടുതല്‍ ഭാഷാ കോഴ്‌സുകള്‍ ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ പരിഗണിക്കപ്പെടേണ്ടവയാണ്. ശാസ്ത്രവിഷയങ്ങളില്‍ ഭൂമിശാസ്ത്രം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിലും മാനവിക വിഷയങ്ങളില്‍ ചരിത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലും കോഴ്‌സുകള്‍ കോളേജിന് ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. നിലവിവുള്ള യുജി കോഴ്‌സുകളായ ബി ടി ടി എം, ബി എ കന്നഡ, എന്നിവയെ അപ്‌ഗ്രേഡ് ചെയ്ത് പിജി വകുപ്പുകളാക്കി മാറ്റേണ്ടതുണ്ട്.

ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ്, ഭൂമിശാസ്ത്രം, എം ടി ടി എം, എം എ കന്നഡ എന്നീ ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ അടിയന്തരമായി അനുവദിക്കാനുള്ള അപേക്ഷ ഈ വര്‍ഷം സര്‍ക്കാര്‍ തലത്തിലേക്ക് സമര്‍പിച്ചിട്ടുണ്ട്. മതിയായ കോഴ്‌സുകള്‍ ഇല്ലാത്തതിനാല്‍ പൊതുസമൂഹത്തിന്റെയും നാട്ടുകകാരുടെയും അഭിലാഷമനുസരിച്ച് മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ സര്‍ക്കാരിന്റെ സഹായഹസ്തം പ്രതീക്ഷിച്ചിരിക്കുകയാണ് കലാലയം.

ഉദ്ഘാടനത്തിനൊരുങ്ങി പുതിയ കെട്ടിടം
പൊതുസമൂഹത്തിനു മുന്നില്‍ ഇനിയും ആറോളം പുതിയ കോഴ്‌സുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് തലയുയുര്‍ത്തി നില്‍ക്കുകയാണ് പണികഴിഞ്ഞ പുതിയ കെട്ടിടം. ഇതിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തി അവസാനഘട്ടത്തിലാണ്. വളരെ വേഗത്തില്‍ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതര്‍.

കാസര്‍കോടിന്റെ ഗതാഗതയോഗ്യമല്ലാത്ത പല ഭാഗങ്ങളില്‍ നിന്നും വരുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ കലാലയാഭ്യസനത്തിനായി ഇവിടെ എത്തിച്ചേരുന്നുണ്ട്. യാത്രാദുരിതം കാരണം പലരും പഠിപ്പ് നിര്‍ത്തുകയോ വലിയ വാടക നല്‍കി കോളേജിനു സമീപം താമസിക്കുകയോ ആണ് പതിവ്. ഇതിനു വിരാമമുണ്ടാക്കാന്‍ തീവ്രശ്രമം നടത്തുകയാണ് കോളേജധികൃതര്‍. ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മ്മിതമായിട്ടുണ്ടെങ്കിലും സാമഗ്രികളുടെ അഭാവത്താല്‍ തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല. അതു തുറന്നു കൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ദൂരദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ചു പഠിക്കാന്‍ ഒരു ഹോസ്റ്റല്‍ അനിവാര്യമാണ്. അതിനായുള്ള ഫണ്ട് ലഭിക്കുന്നതിനും ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികളും, സ്വീകരിച്ചുവരികയാണ് കോളേജ് അധികൃതര്‍.

കലകള്‍ അവതരിപ്പിക്കുവാന്‍ ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഹെറിറ്റേജ് മ്യൂസിയം, താരതമ്യഭാഷാപഠന കേന്ദ്രം, മിനി തിയേറ്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ കോളേജിന്റെ സ്വപ്നങ്ങളില്‍ പെടുന്നു. മംഗളൂരുവിലെ സ്വാശ്രയകോളേജുകളില്‍ ഉപരി പഠനത്തിനായി പോകുകയും തുകയായി പതിനായിങ്ങള്‍ ചെലവഴിക്കുകയും ചെയ്യേണ്ടതിനാല്‍ ഉപരിപഠനം നടത്താതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ആശ്രയമാകണമെങ്കില്‍ ഇനിയും വളരേണ്ടതുണ്ട്. അതിന്നായുള്ള സഹായം സര്‍ക്കാര്‍തലത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനം.

വാര്‍ത്താ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു ജോര്‍ജ്, ഡോ. ഡി. ദിലീപ്, ഡോ. പി.എം സലീം, പ്രൊഫ. ഗണേശ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Manjeshwaram, District, College, Teachers, Students, News,  inauguration, Naac Accreditation for Manjeshwaram Govindapai Govt. college.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia