city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 7ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സത്യാഗ്രഹമിരിക്കും


കാസര്‍കോട്: (www.kasargodvartha.com 29.02.2020) ജില്ലയുടെ അഭിമാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (ഭെല്‍ ഇഎംഎല്‍) ഗുരുതരമായ പ്രതിസന്ധിയിലാണെന്നും കമ്പനിയെയും ജീവനക്കാരേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ഏഴിന് കാസര്‍കോട് സത്യാഗ്രഹ സമരം നടത്തുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

18 കോടി രൂപ മുതല്‍ മുടക്കില്‍, ഫ്രാന്‍സിന്റെ സാങ്കേതിക സഹായത്തോടെ പിന്നോക്ക പ്രദേശമായ കാസര്‍കോട് മണ്ഡലത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ബെദ്രടുക്കയില്‍ ആരംഭിച്ച കെല്‍ യൂണിറ്റാണ് 2011 മാര്‍ച്ച് 28ന് ഭെല്‍ ഇഎംഎല്‍ ആയി മാറിയത്. കാസര്‍കോട് കെല്‍ യൂണിറ്റിന്റെ മുഴുവന്‍ സ്ഥലവും കെട്ടിടവും മെഷിനറികളുമെല്ലാമുള്‍പ്പടെ 10.5 കോടി രൂപ വില കണക്കാക്കി അതിന്റെ 51 ശതമാനം ഓഹരികള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കൈമാറുകയായിരുന്നു.

പുതിയ കമ്പനിയില്‍ 49 ശതമാനം ഓഹരികള്‍ കേരളത്തിന് ഉണ്ടെങ്കിലും കമ്പനിയുടെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറും, ഏഴംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ആറു പേരും ഭെല്ലിനാണ്. കേരളത്തിന് ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗം മാത്രമാണ് അനുവദിച്ചത്. ഭെല്ലിന്റെ ഭാഗത്ത് നിന്ന് പുതിയ നിക്ഷേപങ്ങളോ, ഉല്പന്നങ്ങളോ, സാങ്കേതിക വിദ്യകളോ ഉണ്ടായില്ലെന്ന് മാത്രമല്ല നിലവിലുള്ള ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നത് പോലും നിര്‍ത്തിവച്ചതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്.

2016 ആഗസ്റ്റ് അഞ്ചിന് കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ ഭെല്‍ ഒഴിയുകയാണെന്ന് കാണിച്ച് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തെഴുതി. 2017 ജൂണ്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം 51 ശതമാനം ഓഹരികള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പഴയത് പോലെ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാക്കാന്‍ തീരുമാനിച്ചിരുന്നു. നടപടികള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല കമ്മറ്റിയേയും നിയോഗിച്ചു. എന്നാല്‍ നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഒരു രൂപ ടോക്കന്‍ മണിയായി നല്‍കി ഓഹരികള്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുവാന്‍ രണ്ട് വര്‍ഷത്തിലധികം വേണ്ടിവന്നു. തീരുമാനപ്രകാരം കമ്പനിയുടെ മുഴുവന്‍ ബാധ്യതകളും സംസ്ഥാന സര്‍ക്കാരിനാണ്. ഏറ്റെടുക്കല്‍ നടപടികള്‍ അനന്തമായി നീളുന്നതോടൊപ്പം പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം മൂലം ഉല്‍പ്പാദനം മുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് 6.5 കോടി രൂപ രണ്ട് തവണകളായി വായ്പ നല്‍കിയത് ആശ്വാസമായെങ്കിലും ബാധ്യതകള്‍ കുന്ന് കൂടിയതോടെ ശമ്പളം മുടങ്ങുകയും ഉല്‍പ്പാദനം നിലക്കുകയും ചെയ്തിരിക്കയാണ്.

ജീവനക്കാര്‍ക്ക് 15 മാസമായി ശമ്പളമില്ല. പിഎഫ് വിഹിതം അടച്ചിട്ട് രണ്ട് വര്‍ഷമാവുന്നു. വായ്പകള്‍ തിരിച്ചടക്കാനാവാതെ ജപ്തി നടപടികള്‍ക്ക് നോട്ടീസ് ലഭിക്കുന്നു. 30 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാര്‍ വെറും കയ്യോടെ, കണ്ണീരോടെ പിരിഞ്ഞ് പോകേണ്ടി വരുന്നു. 30 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തന മൂലധനത്തിന്റെയും, വിദഗ്ദ മാനേജ്‌മെന്റിന്റെയും അഭാവം കാരണം ഓര്‍ഡറുകള്‍ നഷടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.

യൂണിയനുകളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് കൈമാറ്റനടപടികള്‍ പൂര്‍ത്തിയാക്കാനും, മേല്‍നോട്ടം വഹിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ഡയറക്ടര്‍ ബോര്‍ഡിലുള്ള ഉദ്യോഗസ്ഥനും തിരിഞ്ഞ് നോക്കുന്നില്ല. കൈമാറ്റനടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും, സ്ഥാപനം നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകാനും ബാധ്യസ്ഥരായ ഭെല്‍ അധികൃതരും കേന്ദ്ര സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട് 2019 സെപ്തംബര്‍ അഞ്ചിന് ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കാതെ നീട്ടിക്കൊണ്ട് പോവുകയാണ്. അധികാരികളുടെ അനാസ്ഥകാരണം വര്‍ഷം അഞ്ച് കോടി രൂപ ലാഭമുണ്ടാക്കിയിരുന്ന ജില്ലയുടെ അഭിമാനമായ വ്യവസായ സ്ഥാപനം അടച്ച് പൂട്ടലിന്റെ വക്കിലാണ്. ആസ്ട്രാള്‍ വാച്ചസ് പോലെ ഭെല്‍ ഇഎംഎല്‍ കമ്പനിയും ജില്ലയ്ക്ക് നഷ്ടപ്പെടാന്‍ പാടില്ലെന്ന് എംഎല്‍എ പറഞ്ഞു. കാസര്‍കോട് ജില്ലക്കാരുള്‍പ്പടെയുള്ള ജീവനക്കാരെയും കുടുംബങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, വ്യവസായ വകുപ്പ് മന്ത്രിമാര്‍, എംപിമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി പല തവണ എംഎല്‍എ എന്ന നിലയില്‍ താന്‍ ചര്‍ച്ച നടത്തുകയും നിയമസഭക്കകത്ത് നിരവധി തവണ വിഷയം ഉന്നയിക്കുകയും ചെയ്തിട്ടും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

വ്യവസായ രഹിത ജില്ലയായ കാസര്‍കോട്ടെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനത്തിന്റെ സംരക്ഷണത്തിനായി പ്രക്ഷോഭ പരിപാടികള്‍ അനിവാര്യമായി വന്നിരിക്കുന്നു. ജീവനക്കാരുടെ സത്യാഗ്രഹ സമരം 182 ദിവസം പിന്നിടുകയാണ്. കൂട്ടായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും, അധികാരികളുടെയും ബഹു ജനങ്ങളടെയും സജീവശ്രദ്ധ ഉണ്ടാവുന്നതിനുമായാണ് മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

എംഎല്‍എ കൂടാതെ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ എ എം കടവത്ത്, കണ്‍വീനര്‍ കരുണ്‍ താപ, എസ്ടിയു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ എന്നിവര്‍ സംബന്ധിച്ചു.

ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 7ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സത്യാഗ്രഹമിരിക്കും

Keywords: Kasaragod, News, Kerala, MLA, N.A.Nellikunnu, Press meet, Hunger strike, N A Nellikkunnu MLA will hold hunger strike On March 7
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia