Award | എന്‍ എ സുലൈമാന്റെ ഓർമകളുമായി 7ന് കാസര്‍കോട്ട് ഒത്തുചേരും; പുരസ്‌കാരം ആസീം വെളിമണ്ണയ്ക്ക് അഡ്വ. എസ്എഎസ് നവാസ് സമ്മാനിക്കും
● ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും
● അബ്ദുല്ല സുനൈസ് അധ്യക്ഷത വഹിക്കും
● സി എച്ച് കുഞ്ഞമ്പു എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും
കാസര്‍കോട്: (KasargodVartha) ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടും വിവിധ സപോര്‍ട്സ് കൗണ്‍സിലുകളുടെ സംസ്ഥാന പ്രതിനിധിയും വ്യാപാരിയുമായിരുന്ന എന്‍ എ സുലൈമാന്റെ സ്മരണാര്‍ത്ഥം എന്‍ എ സുലൈമാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന അവാർഡ് മുഹമ്മദ് ആസീം വെളിമണ്ണയ്ക്ക് ഈ മാസം ഏഴിന് 2.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണര്‍ അഡ്വ. എസ്എഎസ് നവാസ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകല്യങ്ങളെ മറികടന്ന് ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭയാണ് മുഹമ്മദ് ആസീം വെളിമണ്ണ. നീന്തലറിയാത്തതിന്റെ പേരിൽ ആരും മുങ്ങിമരിക്കരുത് എന്ന സന്ദേശവുമായി ആലുവ പെരിയാർ നദിയിൽ 800 മീറ്ററിലധികം നീന്തി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയൻ എന്നിവയിൽ ഇടം നേടിയ ആസീം, കേരള സർക്കാറിന്റെ ഉജ്വല ബാല്യം പുരസ്‌കാരം, യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ്, ബംഗളൂരു ആസ്ഥാനമായുള്ള കലാം ഫൗണ്ടേഷൻ ഇൻസ്പെയറിങ് ഇന്ത്യൻ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
സംസ്ഥാന, ദേശീയ പാരാലിമ്പിക്‌സിൽ വിവിധ ഇനങ്ങളിൽ സ്വർണം നേടിയ ആസീം, 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ലധികം പാരാ സ്വിമ്മേഴ്സില്‍ നിന്ന് ജൂറിമാര്‍ തിരഞ്ഞെടുത്ത ബെസ്റ്റ് സ്വിമ്മേര്‍സ് അവാര്‍ഡ് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തില്‍ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി. ഖത്തര്‍ ലോക കപ്പ് ഫുട്ബോളില്‍ ലയണല്‍ മെസ്സി, എംബാപ്പെ, ജെറൂഡ് തുടങ്ങിയവര്‍ക്കൊപ്പം ചിലവഴിക്കാനുള്ള അപൂര്‍വാവസരവും 90 ശതമാനം അംഗപരിമിതനായ അസീമിനെ തേടിയെത്തിയിരുന്നു.
ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല സുനൈസ് അധ്യക്ഷത വഹിക്കും. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ എന്‍എ സുലൈമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എകെഎം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളാവും. കെ എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.
സ്‌പോര്‍ട്‌സ് ആൻഡ് യൂത്ത് അഫയേര്‍സ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ നജ്മുദ്ദീന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സുദീപ് ബോസ്, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് സിജു കണ്ണന്‍, സംസ്ഥാന നെറ്റ്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ സാബിറ യു പി, കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ദിനേശ് കെ, ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം കെ എ ശുഹൈബ് പ്രസംഗിക്കും. ഉപദേശക സമിതി അംഗങ്ങളായ ടി.എ ഷാഫി സ്വാഗതവും കെ.എം ഹനീഫ് നന്ദിയും പറയും.
വാർത്താസമ്മേളനത്തിൽ എന്‍ എ സുലൈമാന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി അബ്ദുല്ല സുനൈസ്, ഉപദേശക സമിതി അംഗം കെ എം ഹനീഫ്, ട്രസ്റ്റി അബൂബക്കര്‍ സുഫാസ് എന്നിവര്‍ സംബന്ധിച്ചു.
#NAASulaimanAward, #AzeemVelimanna, #Kasargod, #SportsAwards, #ParaAthletes, #SwimmingRecords