Mystery | വണ്ടി കച്ചവടക്കാരൻ്റെ വീട്ടിൽ നിന്നും പൊലീസ് സ്റ്റികർ ഒട്ടിച്ച കാർ പിടികൂടിയതിൽ ദുരൂഹത; വാഹന ഇടപാടുകാരുടെ കിട മത്സരത്തിൻ്റെ ഭാഗമെന്ന് സംശയം
* രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാർ പിടികൂടിയതെന്ന് പൊലീസ്
* 'കസ്റ്റഡിയിലെടുത്തത് രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിരിക്കെ'ചട്ടഞ്ചാൽ: (KasargodVartha) പൊലീസിന്റെ സ്റ്റികര്‍ പതിച്ച കാര്‍ പിടികൂടിയ സംഭവത്തിൽ ദുരൂഹത. മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ കോളിയാടുക്കം തെക്കില്‍ മുഡംബയലിലെ അബ്‌ദുൽ ഫജാസിന്റെ വീട്ടിൽ നിന്നാണ് യു പി 32 ജി ടി 7887 നമ്പര്‍ രജിസ്ട്രേഷനിലുള്ള ടൊയോട കംപനിയുടെ കാർ പിടികൂടിയത്. യുപി സ്വദേശിയും ജയിൽ ഉദ്യോഗസ്ഥനുമായ അങ്കൂർ ശർമയുടെ കാറാണ് ഇതെന്നും വാഹന കച്ചവടക്കാരനായ താൻ മറ്റുള്ളവരിൽ നിന്നും വാങ്ങുന്ന കാറുകൾ കേരളത്തിൽ ലക്ഷങ്ങളുടെ നികുതിയടച്ച് വിൽപന നടത്തുകയാണ് ചെയ്യുന്നതെന്നും യുവാവ് പറഞ്ഞു.
ഇപ്പോൾ പൊലീസ് പിടികൂടിയ കാറിന് എൻ ഒ സി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഈ കാർ ഇതുവരെ രേഖകൾ ശരിയാക്കാത്തതിനാൽ വീട്ടിലെ പോർചിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. കാറിന് ഇൻഷുറൻസും അടക്കാനുണ്ട്. കരാർ ഉണ്ടാക്കി കാർ കൊണ്ടുവന്നെങ്കിലും രേഖകൾ മാറികിട്ടാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്തുകയും വൃത്തിയാക്കുകയും ചെയ്തിട്ടില്ല. ഉപയോഗിച്ചുവന്ന ജയിൽ ഉദ്യോഗസ്ഥൻ ഒട്ടിച്ച സ്റ്റികർ ആണ് കാറിൽ ഉണ്ടായിരുന്നതെന്നും അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ഇത് പറിച്ച് കളയാനിരുന്നതാണെന്നും അബ്‌ദുൽ ഫജാസ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഒരുപാട് ജീവകാരുണ്യ - സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ വേണ്ടി ആരോ ചിലർ പൊലീസിന് വിവരം നൽകി കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇപ്പോൾ യുപിയിലുള്ള യുവാവ് പറയുന്നു. റോഡിൽ വെച്ചാണ് കാർ പിടികൂടിയിരുന്നതെങ്കിൽ തന്റെ മേൽ കുറ്റം ആരോപിക്കാമായിരുന്നു. ഇത് വാഹനം കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ചപ്പോൾ പിടികൂട്ടിയത് തന്റെ വാഹന കച്ചവടത്തിന് പിന്നിലെ കിട മത്സരത്തിൻ്റെ ഭാഗമെന്ന് സംശയിക്കുന്നതായും യുവാവ് പറഞ്ഞു.
അതേസമയം രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാർ പിടികൂടിയതെന്നും രേഖകളോ താക്കോലോ ഉണ്ടായിരുന്നില്ലെന്നുമാണ് വീട്ടുകാർ പറഞ്ഞതെന്നും മേൽപറമ്പ് പൊലീസ് പറയുന്നു. ക്രെയ്‌നിന്റെ സഹായത്തോടെയാണ് കാര്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എം ആര്‍ അരുണ്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ എ എന്‍ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുഭാഷ്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് വാഹനം കസ്റ്റഡിലെടുത്തത്.