Mystery | അബ്‌ശർ അബ്ബാസിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യം; ജനകീയ ആക്ഷൻ കമിറ്റി രൂപവത്കരിച്ചു
ബെംഗ്ളൂറിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
കാസർകോട്: (KasargodVartha) ബെംഗ്ളൂറിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷ് നഗർ കുഞ്ഞിക്കാനം റോഡിലെ ബി എ മുഹമ്മദ് - ശാഹിദ ദമ്പതികളുടെ മകൻ എം എം അബ്‌ശർ അബ്ബാസിന്റെ (24) മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ സമഗ്രമായി അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യവുമായി സന്തോഷ് നഗർ അമാസ്‌കിന്റെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കമിറ്റി രൂപവത്കരിച്ചു.
വിദ്യനഗറിൽ ചായക്കട നടത്തിവരികയായിരുന്നു അബ്‌ശർ അബ്ബാസ്. ഇക്കഴിഞ്ഞ മെയ് 31ന് രാവിലെ 8.15 മണിയോടെ കടയിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഡെൽഹി, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ബെംഗ്ളുറു എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ ടവർ ലൊകേഷൻ കാണിച്ചെങ്കിലും കണ്ടെത്താനായില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവെച്ചും യുവാവിനെ കണ്ടെത്താനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലാണ് ജൂൺ 22നാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന് ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ സാഹചര്യത്തിൽ യുവാവിന്റെ തിരോധാനവും തുടർന്നുണ്ടായ മരണവും ദുരൂഹത ഉളവാക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
യുവാവ് സ്വയം ജീവനൊടുക്കിയതാണോ അല്ലെങ്കിൽ കൊല്ലപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും ഇവർ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആക്ഷൻ കമിറ്റിക്ക് രൂപം നൽകി സമഗ്ര അന്വേഷണത്തിന് ബന്ധപ്പെട്ടവരെയടക്കം സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സന്തോഷ് നഗറിൽ വെച്ച് നടന്ന യോഗത്തിൽ ചെയർമാൻ പി എം ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. അമാസ്ക് അംഗം കെഎ ഹനീഫ് ഉദ്ഘാടനം ചെയ്തു. ഹൈപവർ അംഗം ഹമീദ് നെക്കര കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു. അബ്ദുല്ലകുഞ്ഞി, മജീദ് കുഞ്ഞിക്കാനം, അൻവർ, റശാദ് എന്നിവർ സംസാരിച്ചു. കൺവീനർ ഇസ്ഹാഖ് എസ് അമീൻ സ്വാഗതവും നൗശാദ് മാര നന്ദിയും പറഞ്ഞു.
യോഗത്തിൽ സന്തോഷ് നഗർ, മാര, കുഞ്ഞിക്കാനം എന്നീ ജമാഅത് ഭാരവാഹികൾ, പ്രദേശവാസികൾ, അബ്ശറിന്റെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആക്ഷൻ കമിറ്റി ഭാരവാഹികളായി മജീദ് കുഞ്ഞിക്കാനം (ചെയർമാൻ), ഹമീദ് നെക്കര (ജെനറൽ കൺവീനർ), ശറഫുദ്ദീൻ പി എം, നൗശാദ് മാര, സുലൈമാൻ കുഞ്ഞിക്കാനം (വൈസ് ചെയർമാൻമാർ), ഇസ്ഹാഖ്, മൻസൂർ ഖത്വർ, ഹാജി സലിം (ജോയിൻ കൺവീനർമാർ), ഹനീഫ് കെഎ, മഹ്‌മൂദ് കുഞ്ഞിക്കാനം, മുഹമ്മദ് കപ്പാട്ട്, അബ്ദുല്ലക്കുഞ്ഞി, ശാഫി സിഎ, റസാഖ് കെഎസ്, മൊയ്തീൻ കുഞ്ഞി, റശാദ്, ശരീഫ് ആലംപാടി (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.