city-gold-ad-for-blogger

യൂത്ത് ലീഗ് യുവകേരള യാത്ര 24ന് ഉപ്പളയില്‍ സമാപിക്കും

കാസര്‍കോട്: (www.kasargodvartha.com 22/04/2015) 'വര്‍ഗ്ഗീയതക്കെതിരെ മതേതര കേരളം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഏപ്രില്‍ എട്ടിന് തിരുവനന്തപുരത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി നായകനും ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉപനായകനും ട്രഷറര്‍ കെ.എം. അബ്ദുല്‍ ഗഫൂര്‍ ഡയറക്ടറുമായുള്ള യുവകേരള യാത്ര 24ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഉപ്പളയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാടിന്റെ പ്രാണവായുവായ മതേതരത്വം തകര്‍ക്കുന്ന രീതിയില്‍ രാജ്യത്തിന്റെ ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും ശ്രമിക്കുമ്പോള്‍ അധികാര സംവിധാനങ്ങള്‍ക്കൊന്നും മാറ്റിമറിക്കാനാവാത്ത വിധം നാടിന്റെ മജ്ജയിലും, മാംസത്തിലും നിറഞ്ഞുനില്‍ക്കുന്ന ഈ തത്വത്തെ നിലനിര്‍ത്താന്‍ ഉത്തരവാദിത്വമുള്ള യുവജനപ്രസ്ഥാനമെന്ന നിലയില്‍ മുസ്‌ലിം യൂത്ത് ലീഗിന് ബാധ്യതയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ഈ ദൗത്യമാണ് യുവകേരള യാത്രയിലൂടെ മുസ്‌ലിം യൂത്ത് ലീഗ് ഏറ്റെടുത്തിരിക്കുന്നത്.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികളെ തുറന്ന് കാണിച്ചും വര്‍ഗീയതക്കെതിരായ പോരാട്ടങ്ങള്‍ക്ക് ബഹുജനപിന്തുണ നേടിയും സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളില്‍ പര്യടനം നടത്തിയാണ് യുവകേരള യാത്ര കാസര്‍കോട് ജില്ലയില്‍ സമാപിക്കുന്നത്.

സമാപന സമ്മേളനത്തിന്റെ മുന്നോടിയായി മൂന്ന് മണിക്ക് നയാബസാറില്‍ നിന്നും ആയിരം വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ പരേഡും തിരഞ്ഞെടുക്കപ്പെട്ട അയ്യായിരം തൂവെള്ള വസ്ത്രധാരികളായ പ്രതിനിധികളുടെ പ്രകടനവും ആരംഭിക്കും. തുടര്‍ന്ന് ഉപ്പള ടൗണില്‍ പ്രത്യേകം സജ്ജീകരിച്ച ഗോള്‍ഡന്‍ അബ്ദുള്‍ ഖാദര്‍ നഗരിയില്‍ യാത്രയുടെ സമാപനസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ട്രഷററും സംസ്ഥാന വ്യവസായ-വിവരസാങ്കേതിക വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എ.കെ.എം. അഷറഫ് സ്വാഗതം പറയും. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., അബ്ദുസമദ് സമദാനി എം.എല്‍.എ., മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, കര്‍ണ്ണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി. ഖാദര്‍, നഗരകാര്യ വകുപ്പ് മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ, എം.എല്‍.എ.മാരായ കെ.എം. ഷാജി, അഡ്വ. എന്‍. ശംസുദ്ദീന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസ്സാഖ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, ചന്ദ്രിക ഡയറക്ടര്‍മാരായ ഡോ. പി.എ. ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി പ്രസംഗിക്കും. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള ജാഥ അംഗങ്ങളെ പരിചയപ്പെടുത്തും.

സി.പി.എ. അസീസ്, പി.കെ. ഫിറോസ്, എം.എ. സമദ് എന്നിവര്‍ ജാഥ കോ-ഓര്‍ഡിനേറ്റര്‍മാരും, കെ.ടി. അബ്ദുര്‍ റഹ്മാന്‍ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനും അഷ്‌റഫ് മാടാന്‍ കണ്‍വീനറുമാണ്. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായി പി.എ. അഹ്മദ് കബീര്‍, അഡ്വ. എസ്. കബീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, റഷീദ് ആലയാന്‍, സി.എച്ച്. ഇഖ്ബാല്‍, ജലാല്‍ പൂതക്കുഴി, കെ.എ. മുജീബ് എന്നിവര്‍ ജാഥയുടെ സ്ഥിരാംഗങ്ങളുമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ജില്ലാ സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ജോയിന്റ് സെക്ടറിമാരായ അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല എന്നിവര്‍ പങ്കെടുത്തു.
യൂത്ത് ലീഗ് യുവകേരള യാത്ര 24ന് ഉപ്പളയില്‍ സമാപിക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia