city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഷ്ടമായത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സുമനസ്സിനെ

സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 03/04/2017) കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന കാരവല്‍ റിപോര്‍ട്ടര്‍ മുത്തലിബിന്റെ ആകസ്മികമായ വിയോഗം വിശ്വസിക്കാനാകാതെ ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും തേങ്ങുന്നു. കാസര്‍കോട്ടെ മാധ്യമ രംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു മുത്തലിബ്. മികച്ച വാര്‍ത്തകള്‍ തേടിയുള്ള മുത്തലിബിന്റെ പ്രയാണം ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു.

പത്രപ്രവര്‍ത്തന രംഗത്ത് 20 വര്‍ഷത്തിലേറെയായി നിറസാന്നിധ്യമായ മുത്തലിബിന്റെ വാര്‍ത്തകള്‍ എല്ലായിപ്പോഴും നന്മയുടെ പക്ഷത്ത് നില്‍ക്കുന്നതായിരുന്നു. അതിരാവിലെ മുതല്‍ വാര്‍ത്ത തേടിയുള്ള യാത്ര തുടങ്ങുന്ന ഞങ്ങള്‍ പലപ്പോഴും അര്‍ധ രാത്രിയിലാണ് അവസാനിപ്പിക്കാറ്. വാര്‍ത്ത തേടിയുള്ള യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് മുത്തലിബിനെ മരണം തട്ടിയെടുത്തത്.

ഇരുളടഞ്ഞുപോയ ഒരുപാട് ആലംബഹീനരുടെ നേര്‍ചിത്രങ്ങള്‍ വാര്‍ത്തയാക്കി അവര്‍ക്ക് അര്‍ഹതപ്പെട്ട സഹായം എത്തുക്കുന്നതില്‍ മുത്തലിബ് കാണിച്ച പ്രയത്‌നം കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നു ചര്‍ച്ചയായിരുന്നു. ആശുപത്രി, പോലീസ് സ്‌റ്റേഷന്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മുത്തലിബിന്റെ മുഖം എല്ലാവര്‍ക്കും പരിചിതമാണ്. വാര്‍ത്ത ശേഖരിക്കുന്നതിന് പുറമെ പത്രം അച്ചടിയിലും പത്ര വിതരണത്തിലും മുത്തലിബിന്റെ വിയര്‍പ്പിന്റെ ഗന്ധം ഉണ്ടായിരുന്നു. നല്ലവര്‍ത്തകള്‍ക്ക് പിന്നാലെ പോകുമ്പോഴും തന്റെ ആരോഗ്യം പോലും വകവെക്കാതെയായിരുന്നു പ്രവര്‍ത്തനം.

രാത്രിയെന്നോ, പകലെന്നോ നോക്കാതെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഒരു യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെയാണ് മുത്തലിബിന്റെ വിയോഗത്തോടെ കാസര്‍കോടിന് നഷ്ടമായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എല്ലാ ഒത്തുകൂടലിലും സജീവമാകാറുള്ള മുത്തലിബിന്റെ നര്‍മം എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരുന്നു. വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നാട്ടിലെ കൂട്ടായ്മകള്‍ക്കായും സമയം കണ്ടെത്തിയിരുന്നു. നുസ്രത്ത് ചൗക്കിയുടെ പ്രസിഡന്റായ മുത്തലിബ് ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്നു. നാട്ടില്‍ മതസാഹോദര്യം നിലനിര്‍ത്തുന്നതിലും മുന്‍പന്തിയിലായിരുന്നു.

ജില്ലയുടെ വികസന കാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്നു. ഏറ്റവും ഒടുവില്‍ കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുത്തലിബ് സജീവ സാന്നിധ്യമായിരുന്നു. കാസര്‍കോടിന് പുറമെ തന്റെ മാധ്യമ ബന്ധം കുമ്പളയിലും ഊട്ടിയുറപ്പിക്കാന്‍ മുത്തലിബിന് സാധിച്ചിരുന്നു. കാരവലിന്റെ കുമ്പള റിപോര്‍ട്ടറായി പത്രപ്രവര്‍ത്തനം തുടങ്ങിയ മുത്തലിബ് പിന്നീട് കുറച്ചുകാലം ഗള്‍ഫിലായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി വീണ്ടും പത്രപ്രവര്‍ത്തന മേഖലയില്‍ തന്നെ സജീവമാകുകയായിരുന്നു. കുമ്പളയിലും കാസര്‍കോട്ടും ഒരേപോലെ പത്രപ്രവര്‍ത്തനം നടത്തിവന്ന വ്യക്തിയായിരുന്നു മുത്തലിബ്. മുത്തലിബിന്റെ വിയോഗം കാസര്‍കോട്ടെ മാധ്യമ ലോകത്തിന് തീരാനഷ്ടമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: കാരവല്‍ പത്രം റിപോര്‍ട്ടര്‍ മുത്തലിബ് വാഹനാപകടത്തില്‍ മരിച്ചു

നഷ്ടമായത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സുമനസ്സിനെ


Keywords : Kasaragod, Media Worker, Death, News, Karaval, Muthalib, News Paper.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia