Demand | തായലങ്ങാടി റെയിൽവേ ലെവൽ ക്രോസ് തുറന്ന് കൊടുക്കണമെന്ന് മുസ്ലിം ലീഗ്
● ഷൊർണൂർ - മംഗലാപുരം പാതയിലെ 839 മുതൽ 840 വരെയുള്ള കെ.എമ്മിലാണ് ഈ ലെവൽ ക്രോസ്.
● പരിസരവാസികൾക്ക് കടുത്ത യാത്രാ ദുരിതമാണ് നേരിടേണ്ടി വരുന്നത്.
കാസർകോട്: (KasargodVartha) തായലങ്ങാടി റെയിൽവേ ലെവൽ ക്രോസ് അടച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് രംഗത്ത്. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, ഈ നടപടി അടിയന്തിരമായി പിൻവലിച്ച് ജനങ്ങളുടെ യാത്രാ സൗകര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഷൊർണൂർ - മംഗലാപുരം പാതയിലെ 839 മുതൽ 840 വരെയുള്ള കെ.എമ്മിലാണ് ലെവൽ ക്രോസ് സ്ഥിതി ചെയ്യുന്നത്.
നൂറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ഈ ലെവൽ ക്രോസ് അടച്ചതോടെ പരിസരവാസികൾക്ക് കടുത്ത യാത്രാ ദുരിതമാണ് നേരിടേണ്ടി വരുന്നത്. പരിസര പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് വീടുകളിലെ താമസക്കാർക്കും ശ്രീ വെങ്കട്ടരമണ ക്ഷേത്രത്തിലേക്കും, തായലങ്ങാടി ഖിളർ ജുമാ മസ്ജിദിലേക്കും എത്തുന്ന വിശ്വാസികൾ ഉൾപ്പെടെ നിരവധി പേർ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നു.
1907 മുതൽ പ്രവർത്തിച്ചിരുന്ന ഈ ലെവൽ ക്രോസ്, പ്രദേശവാസികൾക്ക് കാസർകോട് നഗരവുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗമായിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇത് അടച്ചത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. റെയിൽവേ ലൈൻ ഇരട്ടിപ്പിച്ച ശേഷവും വാഹനങ്ങൾ കടന്ന് പോകാൻ ലെവൽ ക്രോസ് തുറന്നിട്ടിരുന്നു. എന്നാൽ ഇപ്പോൾ കാൽനട യാത്ര പോലും നിരോധിച്ചിരിക്കുകയാണ്.
പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത് ലെവൽ ക്രോസ് അടിയന്തിരമായി തുറക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അബ്ദുൽ റഹ്മാൻ മുന്നറിയിപ്പ് നൽകി.
#ThayalangadiProtest #KasaragodNews #RailwayIssues #PublicDemand #LevelCrossing #MuslimLeagueProtest