മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; മഞ്ചേശ്വരത്ത് എകെഎം അഷ്റഫ് തുടരും; കാസർകോട്ട് എൻഎ നെല്ലിക്കുന്നിന് ഇളവില്ലെങ്കിൽ കല്ലട്ര മാഹിൻ ഹാജിക്ക് പ്രഥമ പരിഗണന
● ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദു റഹ്മാൻ, ട്രഷറർ പി.എം. മുനീർ ഹാജി എന്നിവരും പട്ടികയിലുണ്ട്.
● പ്രവാസി നേതാവ് നിസാർ തളങ്കര, യുവനേതാവ് അഷ്റഫ് എടനീർ എന്നിവരുടെ പേരുകളും ചർച്ചകളിൽ.
● പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെന്ന നിലയിൽ കെ.എം. ഷാജിയെ പരിഗണിക്കുന്നതിനോട് പ്രാദേശിക എതിർപ്പ്.
● ഐ.എൻ.എൽ മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകൾ യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം നൽകുന്നു.
കാസർകോട്: (KasargodVartha) നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, കാസർകോട് ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുമെന്ന് ഉറപ്പായതോടെ, പ്രാഥമിക സ്ഥാനാർത്ഥി പട്ടികകൾ രൂപപ്പെടുത്താനുള്ള അണിയറ നീക്കങ്ങൾ ജില്ലാ നേതൃത്വത്തിൽ സജീവമായി. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ മുൻ നിലപാട് നടപ്പാക്കുമോ എന്നതാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയം.
കാസർകോട്ടെ അനിശ്ചിതത്വം
കാസർകോട് മണ്ഡലത്തിൽ മൂന്ന് തവണ വിജയിച്ച എൻ.എ. നെല്ലിക്കുന്നിന് ഇത്തവണ സീറ്റ് ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയാൽ എൻ.എ. നെല്ലിക്കുന്ന് മാറിനിൽക്കേണ്ടി വരും. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിർന്ന നേതാവുമായ കല്ലട്ര മാഹിൻ ഹാജിക്കാണ് മണ്ഡലത്തിൽ പ്രഥമ പരിഗണന ലഭിക്കാൻ സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, വിജയസാധ്യത കണക്കിലെടുത്ത് എൻ.എ. നെല്ലിക്കുന്നിന് പ്രത്യേക ഇളവ് നൽകിയാൽ അദ്ദേഹം തന്നെ വീണ്ടും ജനവിധി തേടും. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജില്ലയിൽ നിന്നുള്ള മന്ത്രിസഭാ പ്രാതിനിധ്യം എന്ന നിലയിലും എൻ.എ. നെല്ലിക്കുന്നിന്റെ പേര് പരിഗണിക്കപ്പെടുന്നുണ്ട്. എൻ.എ. നെല്ലിക്കുന്നിന് സീറ്റ് ലഭിക്കാത്ത പക്ഷം അദ്ദേഹം ജില്ലാ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാനും, കല്ലട്ര മാഹിൻ ഹാജി മത്സരിക്കാനുമുള്ള ധാരണക്കും സാധ്യതയുണ്ട്.
സാധ്യതാ പട്ടികയിലെ വമ്പന്മാർ
കല്ലട്ര മാഹിൻ ഹാജിക്ക് പുറമെ, ജില്ലയിലെ പ്രമുഖരായ മറ്റ് നേതാക്കളെയും കാസർകോട് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. സാധ്യതാ പട്ടികയിൽ ഇടംപിടിച്ചവർ ഇവരാണ്:
കല്ലട്ര മാഹിൻ ഹാജി (ജില്ലാ പ്രസിഡൻ്റ്):
ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന പരേതനായ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മകനാണ്. ജില്ലയിൽ ലീഗ് ഓഫീസ് സ്ഥാപിക്കുന്നതിലും ദേളി സഅദിയക്ക് ഭൂമി നൽകുന്നതിലും കല്ലട്ര കുടുംബം വഹിച്ച പങ്ക് വലുതാണ്. ജില്ലാപ്രസിഡണ്ടെന്ന നിലയിലും കാസർകോട് ജില്ല മുസ്ലീംലീഗ് ആസ്ഥാന സമുച്ചയമെന്ന ലീഗ് പ്രവർത്തകരുടെ ചിരകാലയസ്വപ്നം യാഥാർഥ്യമാക്കുന്നതിനായി കെട്ടിടനിർമണത്തിന് തുടക്കം കുറിച്ചതും മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി കൈവരിച്ച മികച്ച വിജയവും അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.
എ. അബ്ദു റഹ്മാൻ (ജില്ലാ ജനറൽ സെക്രട്ടറി):
സംഘടനാ തലത്തിൽ മികച്ച പ്രവർത്തന പാരമ്പര്യമുള്ള എ. അബ്ദു റഹ്മാനാണ് പട്ടികയിൽ രണ്ടാം പരിഗണന. 2012 മുതൽ പാർട്ടിയുടെ ജില്ലാ ഭാരവാഹിയാണ്. നേരത്തെ ജില്ലാ ട്രഷറർ ആയിരുന്നു. കാസർകോട് പാർട്ടിക്കുള്ളിലെ ശക്തമായ സംഘടനാ അടിത്തറയുള്ള നേതാവാണ്. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ നയരൂപീകരണങ്ങളിലും ജില്ലാതല പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. നഗരസഭാ മുൻ വൈസ് ചെയർമാനായിരുന്നു. ലീഗിൻ്റെ തൊഴിലാളി സംഘടനയായ എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം.
പി.എം. മുനീർ ഹാജി (ജില്ലാ ട്രഷറർ):
പട്ടികയിൽ മൂന്നാം സ്ഥാനത്ത് പരിഗണിക്കപ്പെടുന്നത് മുസ്ലീം ലീഗ് ജില്ലാ ട്രഷററായ പി.എം. മുനീർ ഹാജിയാണ്. ദീർഘകാലം മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.കെ. മാഹിൻ ഹാജിയുടെ മകനാണ്. വാർഡ് തലം മുതൽ ജില്ലാ തലം വരെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പ്രമുഖ പൊതുമരാമത്ത് നിർമ്മാണ കമ്പനിയായ പി.കെ.എം കൺസ്ട്രക്ഷൻ്റെ മേധാവിയായ അദ്ദേഹം, പൂക്കോയ തങ്ങൾ ഹോസ്പിസ് കമ്മിറ്റി ജില്ലാ ചെയർമാൻ എന്ന നിലയിൽ ജീവകാരുണ്യ, പാലിയേറ്റീവ് രംഗത്തും സജീവമാണ്. പാണക്കാട് കുടുംബവുമായും സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
നിസാർ തളങ്കര:
പ്രവാസി സംഘടനാ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ സേവനങ്ങളിലൂടെയും ശ്രദ്ധേയനായ നിസാർ തളങ്കരയുടെ പേരും നാലാം സ്ഥാനത്ത് പരിഗണനയിലുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റായും കെഎംസിസി സംസ്ഥാന നേതാവായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, യുഎഇയിലെ ശ്മശാനങ്ങളിൽ (Sharjah Crematorium) ജാതിമതഭേദമന്യേ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് നേതൃത്വം നൽകുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ്.
യുവപ്രാതിനിധ്യം വേണമെന്ന അഭിപ്രായം ശക്തമായാൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീരിൻ്റെ പേരും ഉയർന്ന് വന്നേക്കാം.
മഞ്ചേശ്വരത്ത് മാറ്റമില്ല
മഞ്ചേശ്വരം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എ.കെ.എം. അഷ്റഫ് തന്നെ വീണ്ടും മത്സരിക്കുമെന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. മണ്ഡലത്തിലെ ജനകീയ പ്രവർത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിച്ചതും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്.
മറ്റ് രാഷ്ട്രീയ നീക്കങ്ങൾ
സംസ്ഥാന നേതാവ് കെ.എം. ഷാജിയെ കാസർകോട് മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ചില നിർദ്ദേശങ്ങൾ ഉയർന്നിരുന്നെങ്കിലും, ജില്ലാ നേതൃത്വം ഇതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചതായാണ് വിവരം. ഇതോടെ പുറത്തുനിന്നുള്ള സ്ഥാനാർത്ഥി എന്ന സാധ്യത മങ്ങി.
കാസർകോട് മണ്ഡലത്തിൽ ഐ.എൻ.എൽ (INL) ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനും കോൺഗ്രസിനും വോട്ട് കൂടിയപ്പോൾ, പ്രധാന എതിരാളിയായ ബിജെപിക്കും എൽഡിഎഫിനും വോട്ട് വിഹിതത്തിൽ കുറവുണ്ടായത് യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം നൽകുന്നു.
കാസർകോട്ടെ ലീഗ് സ്ഥാനാർത്ഥി ആരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു? കമന്റ് ചെയ്യൂ. ഷെയർ ചെയ്യൂ.
Article Summary: Discussion heats up in Muslim League over candidate selection in Kasaragod and Manjeshwar constituencies for upcoming elections.
#MuslimLeague #KasaragodPolitics #IUML #AKMAshraf #NANellikunnu #KeralaElection






