ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ മുസ്ലിം ലീഗ് ജാഗ്രതാ സദസ്സ്
May 11, 2012, 12:20 IST

കാസര്‍കോട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെയും രക്ത വ്യവസായ രാഷ്ട്രീയത്തിനെതിരെയും സമൂഹ മനസാക്ഷിയെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റാന്‍ഡ് പരിസരത്ത് ജനജാഗ്രതാ സദസ്സ്സംഘടിപ്പിക്കും.
കണ്ണൂരിലെ ഷുക്കൂര്‍ അരിയിലിന്റെ കൊലപാതകത്തോടുകൂടി സി.പി.എമ്മിന് സംസ്ഥാനത്ത് പാര്‍ട്ടി കോടതിയുണ്ടെന്ന് വ്യക്തമായെങ്കില്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ വിധി നടപ്പിലാക്കാന്‍ കൊലയാളി സംഘങ്ങളും സി.പി.എമ്മിന്റെ കൈവശമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തോടും ജീവിക്കാനുള്ള പൌര സ്വാതന്ത്യ്രത്തോടുമുള്ള വെല്ലുവിളിയുമായാണ് സി.പി.എം. അക്രമ രാഷ്ട്രീയത്തെ മുസ്ലിം ലീഗ് നോക്കിക്കാണുന്നത്. അക്രമങ്ങള്‍ക്കെതിരെ മതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സമൂഹ മനസാക്ഷി ഉണരുകയും ജനകീയ കൂട്ടായ്മകള്‍ ഉണ്ടാവുകയും വേണം. ഇതിന് സമാന മനസ്കരായ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ജനജാഗ്രതാ സദസ്സില്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ സംബന്ധിക്കുമെന്ന് ജില്ലാജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അറിയിച്ചു.
Keywords: Muslim League, Kasaragod