കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണം: നഗരസഭ
Jul 25, 2015, 19:16 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2015) പതിനായിരക്കണക്കിന് പ്രവാസികള്‍ അധിവസിക്കുന്ന കാസര്‍കോട്ട് പാസ് പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം വിദേശകാര്യ മന്ത്രാലയത്തോടും വകുപ്പ് മന്ത്രിയോടും ബന്ധപ്പെട്ട അധികൃതരോടും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ഒന്നിലധികം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഒരൊറ്റ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പോലും ഇല്ലാത്തത് കടുത്ത അവഗണനയാണ്. ഇക്കാര്യം പരിശോധിച്ച് കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുസ്ലിം ലീഗിലെ എ അബ്ദുര്‍ റഹ്്മാന്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സിലര്‍ എം കുഞ്ഞുമൊയ്തീന്‍ പിന്താങ്ങി. പ്രമേയത്തിനെതിരെ വിയോജനം രേഖപ്പെടുത്തി ബി.ജെ.പി അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി.പി.സി അംഗീകാരം ലഭിച്ച 166 പ്രവൃത്തികള്‍ക്ക് യോഗം സാമ്പത്തികാനുമതിയും ഭരണാനുമതിയും നല്‍കി. ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇ അബ്ദുര്‍ റഹ്മാന്‍ കുഞ്ഞ്, ഖാദര്‍ ബങ്കര, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ജി നാരായണന്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, ഖാലിദ് പച്ചക്കാട്, എം സുമതി ചര്‍ച്ചയില്‍ പങ്കെടത്തു.
Keywords: Kasaragod, Kerala, Kasaragod-Municipality, Municipality resolution for Passport center.