city-gold-ad-for-blogger

മുളിയാറിൽ ലീഗിലെ ഉൾപ്പോര് മറനീക്കുന്നു; പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി മുഹമ്മദ് കുഞ്ഞിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ പടയൊരുക്കം

 Image highlighting the political rift in Muliyar Panchayat
Photo Credit: Facebook/ KB Mohammed Kunhi, Muliyar Panchayat

● പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം പ്രസിഡന്റ് തള്ളി.
● സെക്രട്ടറിയുടെ സ്ഥലംമാറ്റം തദ്ദേശ വകുപ്പ് മന്ത്രി ഇടപെട്ട് തൽക്കാലം മരവിപ്പിച്ചു.
● ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി തള്ളിക്കളഞ്ഞു.

കാസർകോട്: (KasargodVartha) മുളിയാർ പഞ്ചായത്തിൽ ഭരണസമിതിക്കും പഞ്ചായത്ത് പ്രസിഡൻ്റിനുമെതിരെ മുസ്ലിം ലീഗിൽ പടയൊരുക്കം. പാർട്ടിയിലെ ഒരുവിഭാഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി മുഹമ്മദ് കുഞ്ഞിക്കെതിരെ കരുനീക്കം നടത്തുന്ന വിവരങ്ങൾ പുറത്ത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അശോകൻ മാസ്റ്ററുമായി സജീവ ലീഗ് പ്രവർത്തകൻ നടത്തിയ സ്വകാര്യ ഓഡിയോ സംഭാഷണം ചോർന്നതും പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായി. പ്രസിഡൻ്റിനെതിരെ കോൺഗ്രസ് അടക്കമുള്ള കക്ഷികളുൾപ്പെടെ എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് ഈ പക്ഷത്തിൻ്റെ വാദം. ലീഗ് നേതൃത്വം വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.

സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം; യൂത്ത് ലീഗ് നിലപാട്

പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുളിയാർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നേരത്തെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് നിവേദനം നൽകിയിരുന്നു. യൂത്ത് ലീഗ് നൽകിയ അപേക്ഷ സെക്രട്ടറി പരിഗണിക്കാതിരിക്കുകയും, രാഷ്ട്രീയ എതിരാളികളെ വിവരമറിയിച്ച് അപേക്ഷയിൽ തടസ്സം നിൽക്കുകയും ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. സെക്രട്ടറിക്കെതിരെ പരാതികൾ ഉയർന്നിട്ടും നടപടി സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പ്രസിഡൻ്റ് സ്വീകരിക്കുന്നതെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.
എന്നാൽ, ആരെയും വെറുപ്പിക്കാതെ മുന്നോട്ടുപോകാനാണ് സെക്രട്ടറി ശ്രമിച്ചതെന്നും, അദ്ദേഹത്തെ തിടുക്കപ്പെട്ട് മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും ഭരണസമിതിയുടെയും നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയെ സ്ഥലംമാറ്റാനുള്ള ഉത്തരവ് തൽക്കാലം മന്ത്രി തന്നെ ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്.

muliyar panchayat league rift

വിവാദമായി ഓഡിയോ ചോർച്ചയും ആരോപണങ്ങളും

സെക്രട്ടറിയുടെ സ്ഥലംമാറ്റം മരവിപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നേരത്തെ നടത്തിയ സ്വകാര്യ സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പ് ലീഗ് പ്രവർത്തകൻ പുറത്തുവിട്ടത്. പഞ്ചായത്ത് പ്രസിഡൻ്റും ഭരണസമിതിയും കെടുകാര്യസ്ഥതയും അനങ്ങാപ്പാറ നയവുമാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. വികസന പ്രവർത്തനങ്ങളിലെ പോരായ്മകൾ, ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിലെ കാലതാമസം തുടങ്ങിയവയാണ് ഇതിൽ ചൂണ്ടിക്കാണിക്കുന്നത്. 

ഭരണപരമായ വീഴ്ചകൾ, വികസന പ്രവർത്തനങ്ങളിലെ പോരായ്മകൾ, ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിലെ കാലതാമസം തുടങ്ങിയവയാണ് പ്രധാനമായും വിമർശനത്തിന് വിധേയമാകുന്നത്. ഇതിനുപിന്നാലെയാണ് മുസ്ലിം യൂത്ത് ലീഗും പഞ്ചായത്ത് ഭരണത്തിൽ തിരുത്തൽ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെ ഭരണസമിതിക്കെതിരെ മുന്നണിക്കുള്ളിലും പാർട്ടിക്കുള്ളിലും അതൃപ്തി ശക്തമാകുന്നതായാണ് സൂചന.

കൂടാതെ, സംഭാഷണത്തിൽ ലീഗ് പ്രവർത്തകൻ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ നടത്തിയ മോശം പരാമർശങ്ങൾ അടങ്ങുന്ന ഓഡിയോ സന്ദേശം കോൺഗ്രസ് നേതാവ് പ്രസിഡൻ്റിന് കൈമാറിയിട്ടുമുണ്ട്. ഇതിനു മുൻപും പണം ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങൾ പരാമർശിക്കുന്ന ചില ശബ്ദരേഖകളും ചർച്ചയായിരുന്നു.

ആരോപണങ്ങൾ തള്ളി പ്രസിഡൻ്റും കോൺഗ്രസ് നേതാവും

ഉയർന്ന ആരോപണങ്ങളെല്ലാം പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി മുഹമ്മദ് കുഞ്ഞിയും ഭരണസമിതിയും അവജ്ഞയോടെ തള്ളിക്കളഞ്ഞു. പുതിയ നിരവധി പദ്ധതികൾ നടപ്പിലാക്കി ഭരണസമിതി മുന്നോട്ടുപോകുമ്പോൾ അതിനെയെല്ലാം താഴ്ത്തിക്കെട്ടി ഇല്ലാത്ത ആരോപണങ്ങൾ പടച്ചുവിടുകയാണെന്ന് പ്രസിഡൻ്റ് വ്യക്തമാക്കി. ഓഡിയോ സന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ജനസേവന കേന്ദ്രം കോമ്പൗണ്ടിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഭരണസമിതി തീരുമാനമെടുത്തതാണെന്നും അത് വൈകാതെ നടപ്പാക്കുമെന്നും കെ ബി മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേർത്തു.

പ്രസിഡൻ്റിനെതിരെയോ ഭരണസമിതിക്കെതിരെയോ താനോ കോൺഗ്രസോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അശോകൻ മാസ്റ്ററും പ്രതികരിച്ചു. ഒരു ലീഗ് പ്രവർത്തകൻ സ്വകാര്യ ഓഡിയോ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകിയത് മാത്രമാണെന്നും, അതിനെ പാർട്ടിയുടെ ഔദ്യോഗിക നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിലെ ഭരണപ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നാണ് നിലവിൽ മുന്നണിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന പ്രധാന ആവശ്യം. അതേസമയം ജനങ്ങളെയും പാർട്ടിയെയും വിശിഷ്യാ യൂത്ത് ലീഗിനെയും പരാതിക്കിടയില്ലാത്ത വിധം ചേർത്തുപടിച്ചുമാത്രമേ ഭരണം മുന്നോട്ട് കൊണ്ടുപോകാവൂ എന്നാണ് മുസ്ലിം ലീഗിൻ്റെയും കോൺഗ്രസ് പ്രവർത്തകരുടെയും പൊതുവികാരം.  ഏതായാലും വിഷയം പാർട്ടി നേതൃത്വം ഗൗരവമായി ഏറ്റെടുത്ത് പരിഹരിക്കുമെന്നാണ് സൂചന. 

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Internal conflicts within the Muslim League have surfaced in Muliyar Panchayat as a faction reportedly orchestrates moves against Panchayat President K B Muhammad Kunhi. 

#MuliyarPanchayat #KasaragodNews #MuslimLeague #KeralaPolitics #LocalNews #KBMuhammadKunhi #KasargodVartha #MalayalamNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

393 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia