Treasure Hunt | ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ ചെന്ന് അറസ്റ്റിലായ മുജീബ് കമ്പാറിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയേക്കും

● പാർട്ടിക്ക് നാണക്കേടുണ്ടായെന്ന് വിലയിരുത്തൽ.
● പഞ്ചായത്ത് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നു.
കാസര്‍കോട്: (KasargodVartha) കുമ്പള ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ ചെന്ന് അറസ്റ്റിലായ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ സ്ഥാനത്തുനിന്നും നീക്കിയേക്കും. മുജീബിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് കമിറ്റിയും കാസര്‍കോട് മണ്ഡലം കമിറ്റിയും ജില്ലാ കമിറ്റിക്ക് ശിപാര്‍ശ നല്‍കി.
ശനിയാഴ്ച ചേരുന്ന ജില്ലാ കമിറ്റി നടപടി റിപോര്‍ട് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ടിക്കും മുന്നണിക്കും സംഭവം നാണക്കേടും രാഷ്ട്രീയമായ തിരിച്ചടിയും ഉണ്ടാക്കിയതോടെയാണ് ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ പഞ്ചായത് കമിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മണ്ഡലം കമിറ്റിക്കാണ് പഞ്ചായത് കമിറ്റി റിപോര്‍ട് നല്‍കിയത്. ഈ റിപോര്‍ട്, ജില്ലാ കമിറ്റിക്ക് അതേപടി അയച്ചുകൊടുത്തിട്ടുണ്ടെന്ന് മണ്ഡലം ഭാരവാഹികളും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയില്‍ രണ്ട് കാറുകളിലായി എത്തിയ അഞ്ചംഗ സംഘം നിധി കുഴിച്ചെടുക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികളെത്തി പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് മുജീബ് കമ്പാര്‍ ഉള്‍പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പഞ്ചായതിന്റെ ഭരണസമിതി സാരഥ്യം വഹിച്ചുവരുന്ന ഒരാള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നത് അവമതിപ്പ് ഉണ്ടാക്കുന്നതുമാണെന്നും ഇതില്‍ ശക്തമായ നടപടി വേണമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
ബിജെപി, സിപിഎം, എസ്ഡിപിഐ, കോണ്‍ഗ്രസ് കക്ഷികളെല്ലാം തന്നെ മുജീബ് കമ്പാറിനെ പഞ്ചായത് അംഗത്വത്തില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത് ഓഫീസിലേക്ക് പ്രധാന കക്ഷികളെല്ലാം മാര്‍ചും നടത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലും രാഷ്ട്രീയ എതിരാളികള്‍ മുതലെടുപ്പ് നടത്തുമെന്നതുകൊണ്ടുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മുജീബ് കമ്പാറിനെ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നടപടി ആരംഭിച്ചിരിക്കുന്നത്.
അതേസമയം, തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും പാര്‍ടി സ്വീകരിക്കുന്ന ഏത് നടപടിയും സ്വീകരിക്കുമെന്നും മുജീബ് കമ്പാര്‍ അറിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് പഞ്ചായത് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും കൂടുതൽ വിവരങ്ങളും പങ്കുവെക്കുക.
Mujeeb Kambar, Vice President of Mogral Puthur Gram Panchayat, who was arrested for attempting to excavate treasure at Arikkadi Fort in Kumbala, may be removed from his post. The Muslim League Mogral Puthur Panchayat Committee and Kasaragod Mandalam Committee have recommended appropriate action against Mujeeb to the District Committee.
#TreasureHunt #ArikkadiFort #Kumbala #Kasargod #MuslimLeague #Politics