Celebration | മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട് നൽകിയത് ആവേശകരമായ സ്വീകരണം

● നഗരസഭ ചെയർമാൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
● തുറന്ന വാഹനത്തിൽ ഗംഭീര വരവേൽപ്പ്.
● രഞ്ജി ട്രോഫി കിരീടം കേരളത്തിലെത്തിക്കാൻ കഴിയുമെന്ന് പ്രതികരണം.
കാസർകോട്: (KasargodVartha) കേരള ക്രികറ്റിൻ്റെ അഭിമാന താരമായ മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടിൽ ലഭിച്ചത് അത്യുജ്വല സ്വീകരണം. രഞ്ജി ട്രോഫിയിൽ കേരളത്തെ ഫൈനലിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച വികറ്റ് കീപർ ബാറ്റ്സ്മാൻ കൂടിയായ അസ്ഹറുദ്ദീനെ വരവേൽക്കാൻ നിരവധി നാട്ടുകാരാണ് തളങ്കരയിൽ ഒത്തുകൂടിയത്. രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്തിനെതിരെ പുറത്താകാതെ 177 റൺസ് നേടിയ അസ്ഹറുദ്ദീൻ്റെ തകർപ്പൻ പ്രകടനം കേരള ക്രികറ്റ് ചരിത്രത്തിലെ സുവർണ ഏടുകളിൽ ഒന്നാണ്.
ഈ ഉജ്വല നേട്ടത്തിന് പിന്നാലെ നാട്ടിലെത്തിയ പ്രിയ താരത്തിന് ലഭിച്ച സ്വീകരണം അക്ഷരാർത്ഥത്തിൽ ആവേശകരമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കാസർകോട്ടെത്തിയ അസ്ഹറുദ്ദീനെ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഗംഭീരമായി വരവേറ്റു. നഗരസഭ ചെയർമാൻ പൂച്ചെണ്ട് നൽകി താരത്തെ സ്വീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ് തുടങ്ങിയവരും പങ്കെടുത്തു.
തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അസ്ഹറുദ്ദീനെ തളങ്കരയിലേക്ക് ആനയിച്ചത്. കേരളത്തിൻ്റെ അഭിമാനകരമായ നേട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നും രഞ്ജി ട്രോഫിയിൽ മാത്രമല്ല, രാജ്യത്തെവിടെയും കേരള ക്രികറ്റ് ഇന്ന് ശ്രദ്ധിക്കപ്പെടുന്ന ശക്തിയായി മാറിയിട്ടുണ്ടെന്നും അസ്ഹറുദ്ദീൻ പ്രതികരിച്ചു. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും കൂട്ടായ പരിശ്രമമാണ് ഫൈനൽ പ്രവേശനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ക്രിക്കറ്റ് അസോസിയേഷനെയും ഭാരവാഹികളെയും അഭിനന്ദിച്ച അസ്ഹറുദ്ദീൻ, ഭാവിയിൽ രഞ്ജി ട്രോഫി കിരീടം കേരളത്തിലെത്തിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലെ ക്രിക്കറ്റ് അക്കാദമികളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും യുവതാരങ്ങൾ ക്രിക്കറ്റിനെ ഗൗരവത്തോടെ സമീപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Muhammad Azharuddin receives an enthusiastic welcome in his hometown after leading Kerala to the Ranji Trophy final with his outstanding performance.
#MuhammadAzharuddin #KeralaCricket #RanjiTrophy #Kasaragod #CricketHero #KeralaNews