city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എംഎസ്എഫ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള കൗണ്‍സില്‍ യോഗത്തില്‍ കള്ളവോട്ടെന്ന് ആരോപണം; ഫലം പ്രഖ്യാപിക്കുന്നത് റിട്ടേണിംഗ് ഓഫീസര്‍ മാറ്റിവെച്ചു

കാസര്‍കോട്: (www.kasargodvartha.com 19.11.2016) എംഎസ്എഫ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടെ ആറ് പേര്‍ കള്ളവോട്ട് ചെയ്തതായി ആരോപണം. ഇതേതുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നത് റിട്ടേണിംഗ് ഓഫീസര്‍ മാറ്റിവെച്ചു. കടുത്ത മത്സരമാണ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

നിലവിലുള്ള ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി സംസ്ഥാന ഭാരവാഹിയായതിനെ തുടര്‍ന്നാണ് ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ള ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് അടുത്തിടെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെടുക്കപ്പെട്ട ആബിദ് ആറങ്ങാടിയും നിലവിലുള്ള ജില്ല ജനറല്‍ സെക്രട്ടറി ഉസാമ പള്ളങ്കോടും തമ്മിലാണ് മത്സരം ഉണ്ടായത്. ആബിദിന് 42 വോട്ടും ഉസാമയ്ക്ക് 41 വോട്ടുമാണ് ലഭിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് ഒരാള്‍ കള്ളവോട്ട് ചെയ്തതായി സംശയമുയര്‍ന്നത്. ഇതേതുടര്‍ന്ന് റിട്ടേണിഗ് ഓഫീസറായ ഫൈസല്‍ കോഴിക്കോട് മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളുടെയും തിരിച്ചറിയല്‍ രേഖ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ ഹാളില്‍ നിന്നും പുറത്തുപോകണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടപ്പോഴാണ് ആറ് പേര്‍ ഹാള്‍ വിട്ട് പോയത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും മൂന്ന് പേരും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും രണ്ട് പേരും ഉദുമ  മണ്ഡലത്തില്‍ നിന്ന് ഒരാളുമാണ് കള്ളവോട്ടര്‍മാരായി കൗണ്‍സില്‍ യോഗത്തിനെത്തിയത്.

പ്രസിഡണ്ട്് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടന്നു. ഇതില്‍ സി ഐ ഹമീദും ഇര്‍ഷാദ് മൊഗ്രാലും തമ്മിലാണ് മത്സരമുണ്ടായത്. ഇതില്‍ സി ഐ ഹമീദ് 13 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്് മത്സരിച്ച ഇര്‍ഷാദ് മൊഗ്രാലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ജാബിര്‍ തങ്കയവുമാണ് മത്സരിച്ചത്. ഇതില്‍ ഇര്‍ഷാദ് വിജയിച്ചു.

പ്രസിഡണ്ട് തെരഞ്ഞെടുപ്പല്‍ കള്ളവോട്ട് ലഭിച്ചത് ആബിദ് ആറങ്ങാടിക്കാണെന്ന് ആരോപിച്ച് ഒരു വിഭാഗം എംഎസ്എഫ് പ്രവര്‍ത്തകര്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. അതേ സമയം, ഉസാമ പള്ളങ്കോടിനും കള്ളവോട്ട് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മറുവിഭാഗവും പരാതി നല്‍കി. ആറ് പേരെ കള്ളവോട്ടര്‍മാരായി രംഗത്തിറക്കിയത് യൂത്ത് ലീഗിലെ ചില നേതാക്കളാണെന്ന ആരോപണവും എംഎസ്എഫിനകത്തും യൂത്ത് ലീഗിലും ഉര്‍ന്നിട്ടുണ്ട്. യൂത്ത് ലീഗ് നേതാക്കളുടെ പക്ഷത്ത് നില്‍ക്കാത്തവരെ തോല്‍പ്പിക്കാനാണ് കള്ളവോട്ടര്‍മാരെ ഇറക്കിയതെന്ന പരാതി എംഎസ്എഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് വിവാദമുണ്ടായതോടെയാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത്. രണ്ട് മാസം മുമ്പ് ഹൊസംഗഡിയില്‍ ജില്ലാ ഭാരവാഹികളെ നിശ്ചയിക്കാന്‍ കൗണ്‍സില്‍ യോഗം നടന്നിരുന്നു. എന്നാല്‍ അവിടെ ഭാരവാഹികളെ സംബന്ധിച്ച് സമവായം ഉണ്ടാകാത്തതിനാല്‍ കൗണ്‍സില്‍ യോഗം പിരിയുകയായിരുന്നു.

ഇതിന് ശേഷമാണ് കാസര്‍കോട് വനിതാ ഭവനില്‍ യോഗം നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടികള്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് അവസാനിച്ചത്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തെ പ്രതിനിധീകരിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തുടങ്ങിയവരും തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുണ്ടായിരുന്നു. കള്ളവോട്ട് വിവാദമുണ്ടായത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ചില കൗണ്‍സില്‍ അംഗങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.

എംഎസ്എഫ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള കൗണ്‍സില്‍ യോഗത്തില്‍ കള്ളവോട്ടെന്ന് ആരോപണം; ഫലം പ്രഖ്യാപിക്കുന്നത് റിട്ടേണിംഗ് ഓഫീസര്‍ മാറ്റിവെച്ചു

Keywords:  kasaragod, MSF, Committee, Office- Bearers, Meeting, election, Muslim-league, Youth League, Fake Vote, Wins, Council.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia