city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.പി. മണ്ഡലത്തോട് നീതി പുലര്‍ത്തണം: എ.അബ്ദുര്‍ റഹ്മാന്‍

എം.പി. മണ്ഡലത്തോട് നീതി പുലര്‍ത്തണം: എ.അബ്ദുര്‍ റഹ്മാന്‍
കാസര്‍കോട്: ആയിരക്കണക്കിനാളുകള്‍ വിദേശ രാജ്യങ്ങളില്‍ തൊഴില്‍തേടി പോവുകയും നിരവധിപേര്‍ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന കാസര്‍കോട് ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിപ്പിക്കുന്നതില്‍ പി. കരുണാകരന്‍ എം.പി. കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഇതര ജില്ലകളിലും നിലവില്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുള്ള പ്രധാന നഗരങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടും കാസര്‍കോട് ജില്ലക്ക് മാത്രം സേവാ കേന്ദ്രം നിഷേധിക്കപ്പെട്ടു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എം.പി.ക്ക് പ്രത്യേക താല്‍പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സേവാ കേന്ദ്രം അനുവദിക്കപ്പെട്ടത്.

ജില്ലാ ആസ്ഥാനമായ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ ഇ അഹമ്മദ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയെങ്കിലും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ എം.പി.ക്ക് സാധിച്ചില്ല. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ പാടെ ഇല്ലാതായിരിക്കുന്നു. പ്ലാറ്റ് ഫോമില്‍ മേല്‍കൂര ഇല്ലാത്തതുമൂലം വെയിലും മഴയുമേറ്റ് യാത്രക്കാര്‍ ശപിക്കുന്ന കാഴ്ചയാണ് കാണുന്നത്. ടിക്കറ്റ് കൗണ്ടറിന്റെയും മറ്റും കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമല്ല.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന തരത്തില്‍ ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചറിന്റെ സമയം മാറ്റിയപ്പോള്‍ തക്ക സമയത്ത് ഇടപെടാനോ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം മാറ്റിവെപ്പിക്കാനോ എം.പി.ക്ക് കഴിഞ്ഞില്ല. സംസ്ഥാനത്തെ മിക്ക ജില്ലാ ആസ്ഥാനങ്ങളിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിട്ടും കാസര്‍കോട്ട് മാത്രം ഇതുവരെ സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ എം.പി.ക്ക് സാധിച്ചിട്ടില്ല.
ജില്ലയിലെ കായിക മേഖലയുടെ വികസനം മുന്നില്‍കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ച അര്‍ബന്‍ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ പദ്ധതി ഒഴിവാക്കിയതോടെ കാസര്‍കോട് ഗവ. കോളജിനോടനുബന്ധിച്ച് അനുവദിക്കാന്‍ ധാരണിയിലെത്തിയ ഇന്‍ഡോര്‍ സ്റ്റേഡിയം നഷ്ടമായിരിക്കുകയാണ്. 14 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ പാകത്തിലുള്ള സ്റ്റേഡിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് എം.പി.യുടെ പിടിപ്പ്‌കേടുമൂലം പദ്ധതി ഉപേക്ഷിച്ചിരിക്കുന്നത്.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ചില അസംബ്ലി മണ്ഡലങ്ങളോട് എം.പി. രാഷ്ട്രീയപ്രേരിത സമീപനമാണ് സ്വീകരിക്കുന്നത്. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപോലും വിവേചനപരമായാണ് ചെലവഴിക്കുന്നത്. ഇത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തോട് പൂര്‍ണമായും നീതിപുലര്‍ത്താന്‍ പി. കരുണാകരന്‍ എം.പി. തയ്യാറാകണമെന്നും അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, A Abdul Rahman, P. Karunakaran M.P, IUML.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia