NH Work | 'അപകടം വിളിച്ചുവരുത്തുന്നു'; ചെർക്കള-ചട്ടഞ്ചാൽ ദേശീയപാതയിലെ നിർമാണം അശാസ്ത്രീയമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ റോഡിനിരുവശത്തും സർവീസ് റോഡുകൾ ഇല്ല. ഈ പ്രദേശത്തെ ജനങ്ങൾ എങ്ങനെ സഞ്ചരിക്കുമെന്നും ചോദ്യം
കാസർകോട്: (KasargodVartha) ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ദേശീയപാത അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ദേശീയപാതയുടെ നിർമാണം അശാസ്ത്രീയമാണെന്നും അപകടം വിളിച്ചു വരുത്തുന്നതാണെന്നും എം പി പറഞ്ഞു. ദേശീയപാത നിർമാണത്തിനിടെ ചെർക്കളയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം അദ്ദേഹം സന്ദർശിച്ചു.
കേവലം ഒരിഞ്ച് കനത്തിൽ മൺഭിത്തികൾക്ക് മേൽ സിമന്റ്, എംസാന്റ് മിശ്രിതം പൂശിയത് അല്ലാതെ ഭിത്തി കെട്ടിയിട്ടില്ല. ഇത് നിർമാണത്തിലെ പിഴവാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ദേശീയപാത അതോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ച എംപി അടിയന്തരമായ ഇടപെടൽ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ റോഡിനിരുവശത്തും സർവീസ് റോഡുകൾ ഇല്ല. ഈ പ്രദേശത്തെ ജനങ്ങൾ എങ്ങനെ സഞ്ചരിക്കും എന്നതിലും വ്യക്തതയില്ല. ഇതിനും തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപ്രവർത്തകരും ജനപ്രതിനിധികളും എംപിയുടെ കൂടെയുണ്ടായിരുന്നു.