MP Intervention | എംപി ഇടപെട്ടു; സ്കൂൾ കലോൽസവത്തിനെത്തുന്നവർക്കായി തൃക്കരിപ്പൂരിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്
● ഉദിനൂർ ജി എച് എസ് സ്കൂളിലാണ് കാസർകോട് റവന്യു ജില്ലാ കലോൽസവം നടക്കുന്നത്.
● ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്ക് യാത്ര സുഗമമാക്കും
● ഈ തീരുമാനം കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വലിയൊരു ആശ്വാസമായിരിക്കും.
തൃക്കരിപ്പൂർ: (KasargodVartha) ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളും അധ്യാപകരും റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി തൃക്കരിപ്പൂരിൽ കൂടുതൽ ട്രെയിനുകൾ നിർത്തുന്നതിന് അനുമതി ലഭിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ ഇടപെടലിന്റെ ഫലമായി, കലോത്സവം നടക്കുന്ന 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ഓടുന്ന എഗ്മൂർ എക്സ്പ്രസ്, രാവിലെ ഓടുന്ന ഏറണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് തൃക്കരിപ്പൂർ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചത്.
ഉദിനൂർ ജി എച് എസ് സ്കൂളിലാണ് കാസർകോട് റവന്യു ജില്ലാ കലോൽസവം നടക്കുന്നത്. വിവിധ ഉപ ജില്ലകളിൽ നിന്നായി 6000 ത്തോളം മത്സരാര്‌ഥികളും അധ്യാപകരും പങ്കെടുക്കുന്ന ഈ ഉത്സവത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ പ്രധാനമായും ട്രെയിനിനെ ആശ്രയിച്ചു വരുന്നവരാണ്. പ്രസ്തുത തീയതികളിൽ കലോത്സവ നഗരിയുടെ സമീപത്തെ റെയിൽവേ സ്റ്റേഷൻ ആയ തൃക്കരിപ്പൂർ, ചെറുവത്തൂർ എന്നിവടങ്ങളിൽ വിവിധ ട്രയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് തരുന്നതിന് വേണ്ടി റെയിൽവെ അധികൃതരുമായി ബന്ധപ്പെടുകയും അടിയന്തര ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് കലോത്സവം അവസാനിക്കുന്നത് വരേയ്ക്കും സ്റ്റോപ്പുകൾ അനുവദിച്ചു കൊണ്ട് റയിൽവേ അധികൃതർ ഉത്തരവ് അയച്ചു തന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എം പി വ്യക്തമാക്കി.
ഈ തീരുമാനം കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വലിയൊരു ആശ്വാസമായിരിക്കും. ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്ക് യാത്ര സുഗമമാക്കും.
#Thrikaripur, #Kasargod, #RailwayIntervention, #MPRajmohanUnnithan, #TrainStop, #SchoolFestival