city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reform | ആർഎംഎസ് കാസർകോട് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തിന് വിരാമം; ഇനി 'ഇൻട്രാ സർക്കിൾ ഹബ്' ആയി പ്രവർത്തിക്കും; തപാൽ ഉരുപ്പടികൾ വേഗത്തിൽ

RMS Kasargod Transformed into Intra Circle Hub
Photo: Arranged

● വിഷയത്തിൽ ജനപ്രതിനിധികളും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സർക്കാരിന് നിവേദനം നൽകുകയും സമരം നടത്തുകയുമുണ്ടായി
● അതേസമയം ജില്ലയിൽ ബുക്ക് ചെയ്യുന്ന പാഴ്സലുകൾ കണ്ണൂർ പാഴ്സൽ ഹബിൽ തരംതിരിക്കുന്നത് ഇനിയും തുടരും

കാസർകോട്: (KasargodVartha) ജില്ലയിലെ റെയിൽവേ മെയിൽ സോർട്ടിങ് (RMS) ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിന് വിരാമമായി. കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാസർകോട് ആർഎംഎസ് ഇനിമുതൽ അന്തർ‌ സംസ്ഥാന സ്പീഡ് പോസ്റ്റ് ഹബ്ബുകൾ അഥവാ ഇൻട്രാ സർക്കിൾ ഹബ് (ICH) ആയി പ്രവർത്തിക്കും. ആലപ്പുഴ, തൊടുപുഴ, തിരൂർ എന്നിവയ്‌ക്കൊപ്പമാണ് കാസർകോടും ഈ പട്ടികയിൽ ഇടംപിടിച്ചത്. ഡിസംബർ ഏഴ് മുതൽ നാഷണൽ സോർട്ടിങ് ഹബുകളിൽ ലയിപ്പിക്കാനിരുന്ന തീരുമാനമാണ് ഇപ്പോൾ മാറ്റിയത്. 

രജിസ്ട്രേഡ്, സ്‌പീഡ് പോസ്റ്റ് ഉരുപ്പടികൾ ലയിപ്പിക്കണമെന്ന് ഒക്ടോബർ 17-ന് കേന്ദ്ര തപാൽ വകുപ്പ് ഡയറക്ടറേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കിയാൽ കേരളത്തിലെ 12 ആർഎംഎസ് ഓഫീസുകൾ അടച്ചുപൂട്ടേണ്ടി വരുമായിരുന്നു. വിഷയത്തിൽ ജനപ്രതിനിധികളും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സർക്കാരിന് നിവേദനം നൽകുകയും സമരം നടത്തുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സർക്കാർ ഐസിഎച്ച് അനുവദിച്ചത്.

ഇൻട്രാ സർക്കിൾ ഹബ് എന്നത് ഒരു പോസ്റ്റൽ സർക്കിളിനുള്ളിൽ തപാൽ സാധനങ്ങൾ തരംതിരിച്ച് വിതരണം ചെയ്യുന്ന യൂണിറ്റാണ്. പുതിയ തീരുമാനത്തോടെ കാസർകോട്ടെ സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് അടക്കമുള്ള തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരുടെ കൈകളിലേക്ക് വേഗത്തിലെത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. ആർഎംഎസ് ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നതായി എംപി വ്യക്തമാക്കി. 

നേരത്തെ കേന്ദ്ര വാർത്താവിനിമയ മന്ത്രിക്കും തപാൽ വകുപ്പ് അധികൃതർക്കും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കത്തയച്ചിരുന്നു. സർക്കാരിന്റെ വികലമായ ഇത്തരം ചില തീരുമാനങ്ങൾ മാറ്റിയെടുക്കാൻ പ്രയത്നിച്ച രാഷ്ട്രീയ, പൊതു രംഗത്തുള്ളവർക്കും, പോസ്റ്റൽ വകുപ്പ് ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ എന്നിവർക്കും നന്ദി അറിയിക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

കാസർകോട്ടെ തപാൽ സോർട്ടിംഗ് ഓഫീസ് കണ്ണൂർ ആർഎംഎസുമായി ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎയും കേന്ദ്ര വാർത്താവിനിമയ മന്ത്രിക്ക് കത്തയച്ചിരുന്നു. ലയനം മൂലം ജില്ലയിലെ ജീവനക്കാർ ബുദ്ധിമുട്ടിലാകുമെന്നും ലയന നിർദേശം പിൻവലിച്ച് കാസർകോട് സ്‌പീഡ് പോസ്റ്റ്/ പാഴ്സൽ ഹബ് സ്ഥാപിച്ച് ജില്ലയിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കണമെന്നും കുഞ്ഞമ്പു ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയും ജോർജ് കുര്യനും വിഷയത്തിൽ ഇടപെട്ടു.

കാസർകോട് ഐസിഎച്ച് ആകുന്നതോടെ ജില്ലയിൽ പോസ്റ്റ് ചെയ്യുന്ന സ്പീഡ്, രജിസ്റ്റേർഡ്, സാധാരണ തപാൽ ഉരുപ്പടികൾ എല്ലാം ഇവിടെ തന്നെ തരംതിരിച്ച് പിറ്റേന്ന് തന്നെ മേൽവിലാസക്കാരുടെ താമസപരിധിയിലെ തപാൽ ഓഫീസിലെത്തും. നാളിതുവരെയായി സ്പീഡ് പോസ്റ്റും പാഴ്സലും തരംതിരിക്കാനായി കണ്ണൂർ എൻഎസ്എച്ചിലേക്ക് അയക്കുകയായിരുന്നു പതിവ്. അവിടെ തരംതിരിച്ച് തിരികെ കിട്ടുമ്പോൾ ഒരു ദിവസം വൈകും. 

അതേസമയം ജില്ലയിൽ ബുക്ക് ചെയ്യുന്ന പാഴ്സലുകൾ കണ്ണൂർ പാഴ്സൽ ഹബിൽ തരംതിരിക്കുന്നത് ഇനിയും തുടരും.  വൈകുന്നേരം നാലിനുശേഷം പുലർച്ചെവരെ കാസർകോട് ആർഎംഎസിൽ രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് ഉരുപ്പടികൾ അയക്കാൻ സൗകര്യം ഉണ്ട്. ഈ സൗകര്യങ്ങൾ ഐസിഎച്ചിലും തുടരും. പ്രത്യേക നിരക്കിൽ ആർഎംഎസ് വഴി അയച്ചിരുന്ന പത്ര മാസികകൾ പുതിയ സംവിധാനത്തിലും അയയ്ക്കാം.

#KeralaReforms #KasargodHub #PostalServices #SpeedPost #KeralaDevelopment #RMS

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia