Waqf Board | വിവാദങ്ങൾക്ക് പിന്നാലെ പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ വഖഫ് ബോർഡ് മുതവല്ലിയെ നിയമിച്ചു
സയ്യിദ് മുഈനുദ്ദീൻ തങ്ങളെയാണ് മുതവല്ലിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്
മഞ്ചേശ്വരം: (KasargodVartha) ജില്ലയിലെ പുരാതന പള്ളികളിലൊന്നായ പൊസോട്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ വഖഫ് ബോർഡ് മുതവല്ലിയെ നിയമിച്ചു. ഭരണസമിതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി. മഹല്ല് നിവാസികളായ അബ്ദുർ റഊഫ്, മൊയ്തീൻ കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ നൽകിയ പരാതിയിൽ പ്രസിഡണ്ട് അബ്ദുല്ല എന്ന ആർ കെ ബാവ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ വൻ സാമ്പത്തിക ക്രമക്കേടാണ് ആരോപിച്ചിരുന്നത്.
2013 മുതൽ തുടർച്ചയായി അബ്ദുല്ല ആർ കെ ബാവ ഹാജിയുടെ നേതൃത്വത്തിലുള്ള കമിറ്റിയാണ് ഭരിച്ചിരുന്നത്. 2023 ൽ മഹല്ലിലെ ജെനറൽ ബോഡി അംഗങ്ങൾക്ക് അറിയിപ്പ് നൽകാതെ ജെനറൽ ബോഡിയെന്ന പേരിൽ യോഗം വിളിച്ചുചേർത്ത് ബാവ ഹാജിയുടെ നേതൃത്വത്തിൽ 27 പേരടങ്ങുന്ന സംഘത്തിൻ്റെ പേര് വായിച്ച് പ്രഖ്യാപിച്ചെങ്കിലും ജനാധിപത്യ രീതിയിലുള്ള യോഗം നടക്കാതെയാണ് ഭാരാവാഹികളെ പ്രഖ്യാപിച്ചതെന്ന ആരോപണവും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പുതുക്കി പണിത പള്ളിയുടെ കണക്കുകളിലും ക്രമക്കേട് നടന്നതായി വഖഫ് ബോർഡിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2015 മുതൽ 2023 വരെയുള്ള വരവ് - ചിലവ് കണക്കുകൾ പരിശോധിക്കണമെന്നും ജമാഅത് സെക്രടറി ഉസ്മാൻ ഹാജി, പ്രസിഡന്റ് എം എ അബ്ദുല്ല, ട്രഷറർ കെ ടി അബ്ദുല്ല ഹാജി എന്നിവർക്കെതിരെ സംസ്ഥാന വഖഫ് ബോർഡിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് വഖഫ് സ്വത്തുകൾ പരിശോധിക്കാൻ വഖഫ് ഇൻസ്‌പെക്ടറെയും കണക്കുകൾ പരിശോധിക്കാൻ ഓഡിറ്ററെയും നിയമിച്ച് വഖഫ് ബോർഡ് 2023 ജൂൺ മാസത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സമർപിച്ച റിപോർടിൽ വഖഫ് ബോർഡിന്റെ മുൻകൂർ അനുമതി ഇല്ലാതെ വഖഫ് സ്വത്തുക്കൾ വിൽക്കുകയും പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി ചീഫ് എക്സിക്യൂടീവ് ഓഫീസറെ 2023 നവംബർ 10 മുതൽ ചുമതലപ്പെടുത്തി. ചീഫ് എക്സിക്യൂടീവ് ഓഫീസറുടെ റിപോർട് പ്രകാരമാണ് പളളി ഭരണത്തിന് ഇപ്പോൾ സയ്യിദ് മുഈനുദ്ദീൻ തങ്ങളെ മുതവല്ലിയായി വഫഖ് ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
#WakfBoard #KeralaNews #MosqueCorruption #FinancialMisconduct #Audit #ReligiousInstitution #Justice