Arrested | സിപിഎം നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമം: പാര്‍ടിയില്‍ പരിഗണന നല്‍കാത്തതിലുളള വിരോധം കാരണമെന്ന് സൂചന; പ്രതിയുടെ ഒളിത്താവളം കണ്ടുപിടിക്കാനായില്ല
* ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു
അമ്പലത്തറ: (KasaragodVartha) പാറപ്പളളി മുട്ടിച്ചരലില്‍ സിപിഎം പ്രാദേശിക നേതാക്കളെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ ചുമട്ട് തൊഴിലാളിക്ക് പാര്‍ടിയില്‍ പരിഗണന നല്‍കാത്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.
രതീഷ് (45) എന്നയാൾ സിപിഎമിന്റെ ലോകല്‍ സെക്രടറിമാരായ അനൂപ് ഏഴംമൈല്‍, ബാബുരാജ് , ഡിവൈഎഫ്ഐ മേഖല സെക്രടറി അരുണ്‍, പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ എന്നിവരെ ഞായറാഴ്ച രാത്രി സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രാദേശിക നേതാവായ ബാലകൃഷ്ണനോടാണ് രതീഷിന് കൂടുതല്‍ പകയും വൈരാഗ്യവും ഉണ്ടായിരുന്നതെന്നും സംഭവം നടക്കുന്നതിന് ഏതാനും ദിവസം ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ രതീഷിനെ ബാലകൃഷ്ണനടക്കമുള്ളവര്‍ അടിച്ചിരുന്നതായി പറയുന്നുണ്ട്.
പാണത്തൂര്‍ സ്വദേശിയായ രതീഷ് രണ്ട് പതിറ്റാണ്ട് മുമ്പാണ് അമ്പലത്തറ മുട്ടിച്ചരലില്‍ താമസത്തിനായി എത്തിയത്. 2003ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ദാമോദരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു രതീഷ്. ഈ കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രതീഷ്, സാക്ഷികളില്ലാത്തതിനാല്‍ കേസില്‍ നിന്ന് ഊരിപ്പോന്നിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളിയായിരുന്നു. ഇവിടെ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് ചുമട്ടുതൊഴിലില്‍ നിന്ന് ഒഴിവാക്കിയിരുന്നതായും പറയുന്നു. പിന്നീട് കുറച്ചുകാലം പെരിയയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു. അവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് അമ്പലത്തറയില്‍ എത്തിയതെന്നാണ് വിവരം.
ഒരു വീടിന് തീവെച്ചതടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2018ല്‍ രതീഷിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും പാര്‍ടിയുടെ എല്ലാ പരിപാടികളിലും സമ്മേളനങ്ങളിലും രതീഷ് സജീവ സാന്നിധ്യമായിരുന്നുവെന്നാണ് പറയുന്നത്. പാര്‍ടിയുമായി സഹകരിപ്പിക്കാത്തതും ചില പ്രശ്‌നങ്ങളുടെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടിവന്നതുമാണ് രതീഷിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഈ കേസിൽ രതീഷിൻ്റെ സുഹൃത്ത് സെമീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.