ജ്വല്ലറി ജീവനക്കാരനെയും ഡെക്കറേഷന്‍ ജീവനക്കാരനെയും സദാചാര പോലീസ് അക്രമിച്ചു
Jun 3, 2012, 12:29 IST
![]() |
Muhammed Shereef |
കാസര്‍കോട് നഗരത്തിലെ ഒരു ഇന്റീരിയല്‍ ഡെക്കറേഷന്‍ കടയിലെ ജീവനക്കാരന്‍ അശോക്‌നഗറിലെ മുജീബ്(30), കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ ചൗക്കി കുന്നിലെ മുഹമ്മദ് ഷെബീര്‍(21) എന്നിവരെയാണ് ക്രൂരമായി സദാചാര പോലീസ് തല്ലിചതച്ചത്. മുജീബിന്റെ കാറും സംഘം അടിച്ച് തകര്‍ത്തു. ഇന്റീരിയില്‍ ഡെക്കറേഷന്‍ കടയിലെ ജീവനക്കാരനായ മുജീബ് കടയ്ക്ക് സമീപം ജോലി ചെയ്തിരുന്ന നേരത്തേ പരിചയത്തിലുള്ള പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് കാസര്‍കോട്ടെ ഒരു പ്രമുഖ കടയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് കണ്ടത്. ഇയാള്‍ മറ്റുള്ളവരെ വിവരമറിയിച്ചതോടെ 25 ഓളം വരുന്ന സംഘമെത്തി മുജീബിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയുമായിരുന്നു.
ഇതിനിടയില്‍ ആനവാതുക്കലിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഭക്ഷണം കഴിച്ച് ജ്വല്ലറിയിലേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷെബീറിനെയും സംഘം പിടികൂടി മര്‍ദ്ദിച്ചു. ഷെബീറിന്റെ മുഖത്തും കണ്ണിനുമാണ് ഗുരുതരമായി പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഡ്‌ലുവിലെ ഹരീഷ്(30)നെ അറസ്റ്റ് ചെയ്തു. ഷെബീറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെയും മുജീബിന്റെ പരാതിയില്‍ ഹരീഷ്, വസന്തന്‍, ചന്ദ്രഹാസന്‍, ശശിധരന്‍, അനീഷ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേരടക്കം 10 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
കലക്ടറുടെ സാന്നിധ്യത്തില്‍ കലക്ട്രേറ്റില്‍ ജില്ലാ സമാധാന കമ്മിറ്റിയോഗം ചേര്‍ന്ന് മൂന്നുമണിക്കൂര്‍ കഴിയുന്നതിനിടയിലാണ് കാസര്‍കോട്ട് വീണ്ടും സദാചാര പോലീസിന്റെ അക്രമണം നടന്നത്. ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ നടപടികള്‍ക്കും സമാധാന കമ്മിറ്റിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ജനപ്രതിനിധികളും, വിവിധ സംഘടനകളും പിന്തുണ നല്‍കിയിരുന്നു. ഈ തീരുമാനത്തിന്റെ മഷി ഉണങ്ങും മുമ്പാണ് അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ രണ്ട് യുവാക്കളെ സദാചാര പോലീസ് ക്രൂരമായി വളഞ്ഞിട്ട് തല്ലിയത്.
Keywords: Kasaragod, Assault, Youth's, Moral police