city-gold-ad-for-blogger

മുകാംബിക ബസിൻ്റെ കാരുണ്യ യാത്ര നൂറിൽ അവസാനിപ്പിക്കുന്നു; നിർത്തുന്നതിൻ്റെ കാരണം ഇതാണ്!

'Mookambika' Bus Service Ends Its Charitable Journey After 100 Trips; Faces Allegations and Fake Propaganda
KasargodVartha Photo

● 2016 മാർച്ചിലാണ് ആദ്യ കാരുണ്യ യാത്ര തുടങ്ങിയത്.
● 300-ൽ അധികം രോഗികളെയും ആശ്രയകേന്ദ്രങ്ങളെയും സഹായിച്ചു.
● ലഭിച്ച വരുമാനം പൂർണമായും രോഗികൾക്ക് നൽകിയിരുന്നു.
● യാത്ര തുടരണമെന്ന് അഭ്യർത്ഥിച്ച് രോഗികൾ രംഗത്ത്.

കാസർകോട്: (KasargodVartha) ഓരോ മാസവും ഒന്നാം തീയതി പുലർച്ചെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടിരുന്ന ഒരു ബസ്. വെറും യാത്രക്കാരെ കൊണ്ടുപോകുന്ന ബസ് മാത്രമായിരുന്നില്ല അത്. രോഗികളുടെ കണ്ണുനീരൊപ്പി, നിരാലംബരുടെ കരച്ചിൽ കേട്ട്, ജീവകാരുണ്യത്തിൻ്റെ കരസ്പർശം വിതറിയിരുന്നൊരു യാത്രയായിരുന്നു അത്.

2016 മാർച്ചിൽ ഒടയംചാലിലെ അനയ്മോനും, പനത്തടിയിലെ പാലിയേറ്റീവ് കെയറിനുമായിരുന്നു ആദ്യ കാരുണ്യ യാത്ര. അന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനിൽ ബാബു ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ അതൊരു ചെറിയ സ്വപ്നമായിരുന്നു. പക്ഷേ, ബസുടമ വിദ്യാധരൻ കാട്ടൂരിൻ്റെ ഹൃദയത്തിലെ കാരുണ്യം ആ യാത്രയെ 99 തവണ ആവർത്തിപ്പിച്ചു.

പാവപ്പെട്ടവരുടെ വേദന നേരിട്ട് കണ്ടറിഞ്ഞ്, ‘എൻ്റെ നാട്ടിൽ ഇതൊന്നു വേണം’ എന്ന് തീരുമാനിച്ച വിദ്യാധരൻ, ജീപ്പിൽ തുടങ്ങിയ യാത്രയെ പിന്നീട് മൂകാംബിക ട്രാവൽസിൻ്റെ ബസ് കാരുണ്യ യാത്രയായി വളർത്തി.

ആ യാത്രയിൽ നിന്നും ഉണ്ടായത് നൂറുകണക്കിന് കഥന കഥകളാണ്. ചികിത്സ തേടാനാകാതെ കരഞ്ഞു കിടന്ന ഒരു രോഗിയുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കമായിരുന്നു കാരുണ്യ യാത്ര. ഒരു കുഞ്ഞിൻ്റെ മുഖത്തെ വേദന മാറി വന്നൊരു ചെറിയ ചിരി ഉണ്ടാക്കുന്ന സന്തോഷം വലുതാണ്.

ലഭിച്ച തുക മുഴുവൻ രോഗികൾക്കായി ചെലവാക്കിയതിലുള്ള സന്തോഷം ബസ് ജീവനക്കാരുടെയും ഉടമയുടെയും മുഖത്ത് മിന്നിമറഞ്ഞിരുന്നു. 300-ലധികം രോഗികളും ആശ്രയകേന്ദ്രങ്ങളും ഈ കാരുണ്യയാത്രയുടെ കൈത്താങ്ങ് അനുഭവിച്ചവരാണ്.

സെപ്റ്റംബർ ഒന്നിന്, 100-ാമത്തെ യാത്രയോടെ അവസാനിപ്പിക്കുന്നുവെന്ന കാര്യം കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചപ്പോൾ ഉടമ വിദ്യാധരനും സഹപ്രവർത്തകർക്കും സങ്കടം അടക്കാനായില്ല. കാരുണ്യത്തിൻ്റെ ഈ വഴിയാത്ര അവസാനിക്കുന്നത് പാവപ്പെട്ട രോഗികൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ യാത്ര തുടരണമെന്ന് അവർ ഇപ്പോഴും പറയുന്നുണ്ട്.

കാരണം, കാരുണ്യ യാത്രയെക്കുറിച്ച് ചിലർ അധികാര കേന്ദ്രങ്ങളിൽ പരാതികൾ അയച്ചും വ്യാജ പ്രചരണം തുടർച്ചയായി നടത്തി ആക്ഷേപങ്ങൾ ഉന്നയിച്ചതുമാണ് പ്രതിമാസം മുടങ്ങാതെ നടത്തിക്കൊണ്ടിരുന്ന യാത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പ്രതിസന്ധിയിലാക്കിയത്. ആവശ്യമായ ധനസ്രോതസ്സുകൾ ഇല്ലാതാക്കിയതെന്നും ഇവർ പറയുന്നു.

വിദ്യാധരൻ്റെ കരളുറഞ്ഞ വാക്കുകൾ

‘കാരുണ്യം അവസാനിപ്പിക്കേണ്ടി വരുന്നതിൽ വേദനയുണ്ട്. എങ്കിലും ഒരായിരം ഹൃദയങ്ങളുടെ കരുത്ത് നമ്മെ ഇതുവരെ എത്തിച്ചു. ഇനി മറ്റുള്ളവർ ഈ വഴിയാത്ര ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്ന് വിശ്വാസമുണ്ട്.’

ഉപ്പള ഷെയ്ഖ് സായിദ് ഓൾഡ് ഏജ് ഹോം, സേവാഭാരതി കാഞ്ഞങ്ങാട് അഭയം വൃദ്ധാശ്രമം, മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് തിരുവോണസദ്യ ഒരുക്കുന്നതിനും കുറച്ച് രോഗികൾക്ക് സഹായകമാകുന്നതിനും വേണ്ടിയാണ് കാഞ്ഞങ്ങാട് - കൊന്നക്കാട് - പാണത്തൂർ, ബന്തടുക്ക - പൊയിനാച്ചി - കാസർകോട്, ബന്തടുക്ക- എരിഞ്ഞിപ്പുഴ-കാസർകോട് എന്നീ റൂട്ടുകളിൽ മൂകാംബിക ട്രാവൽസിൻ്റെ മൂന്ന് ബസുകൾ കാരുണ്യ യാത്ര നടത്തുന്നത്.

ജീപ്പ് ഡ്രൈവറായി തുടങ്ങിയത് മുതൽ പാവപ്പെട്ടവർക്ക് ഏതാവശ്യഘട്ടത്തിലും ആശ്രയമായിരുന്നു. പിന്നീട് ബസ് വാങ്ങി. കോട്ടയത്ത് ഒരു ബസ് ഇങ്ങനെ കാരുണ്യ യാത്രയിലൂടെ ചികിത്സാ സഹായ നിധി സ്വരൂപിക്കുന്നത് കണ്ടറിഞ്ഞ് അത്തരത്തിലുള്ള ജീവകാരുണ്യ യാത്ര നമ്മുടെ ജില്ലയിലും തുടക്കം കുറിച്ചു. അവിടുന്നിങ്ങോട്ട് എല്ലാ മാസവും ഒന്നാം തീയതി മുടങ്ങാതെ കാരുണ്യത്തിൻ്റെ കരസ്പർശം നീട്ടി.

ദൃശ്യ- അച്ചടി മാധ്യമങ്ങളിലടക്കം കാരുണ്യയാത്രയുടെ വാർത്തകൾ വന്നിട്ടുണ്ട്. ആനന്ദാശ്രമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈറ്റൽ ഇന്ത്യ എഡ്യൂക്കേഷൻ സ്കീമിൻ്റെ ഭാഗമായി ഈ കാരുണ്യയാത്രയെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെയും സന്നദ്ധ സംഘടനകളുടെയും വലിയ സഹകരണങ്ങളാണ് ഈ കാരുണ്യയാത്രയെ വലിയ രീതിയിൽ വളർത്തിയത്.

ഒടയംചാലിലെ ഹരിത ലോട്ടറി സ്റ്റാൾ ഉടമയായ ജോസ് കൈതമറ്റം എല്ലാ മാസവും ഭാഗ്യക്കുറി ടിക്കറ്റുകൾ ബസ്സിൽ ഏൽപ്പിക്കുമായിരുന്നു. അതിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അട്ടേങ്ങനത്തെ സോഷ്യൽ ഐഡഡ് ചാരിറ്റി ട്രസ്റ്റും സഹായകമായിട്ടുണ്ട്. കൂടുതൽ പരിഗണന നൽകുന്നത് രോഗബാധിതരായ കുട്ടികൾക്കാണ്.

മൂകാംബിക ട്രാവൽസ് ഉടമ വിദ്യാധരൻ കാട്ടൂർ, കാരുണ്യ യാത്ര കോർഡിനേറ്റർ ബാലഗോപാലൻ കക്കാണത്ത്, ഹോസ്ദുർഗ് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അംഗവും ആർ.എം.എസ് ബസ് ഉടമയുമായ മന്മദ് മോഹൻ എന്നിവർ യാത്ര അവസാനിപ്പിക്കുന്ന കാര്യം അറിയിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Article Summary: 'Mookambika' bus charitable service ends after 100 trips.

#Charity, #MookambikaBus, #Kasargod, #Kerala, #SocialService, #Inspiring

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia