city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Unique | വാനരപ്പടയ്ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി വ്യത്യസ്തമായി പ്രദേശവാസികള്‍

Monkeys enjoying a feast prepared by a local community.
Photo: Arranged

● വാഴയിലയില്‍ നിരത്തിയത് 17 വിഭവങ്ങള്‍. 
● ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീല്‍ ഗ്ലാസില്‍ വെള്ളം.
● നടന്‍ പി പി കുഞ്ഞികൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തു. 

തൃക്കരിപ്പൂര്‍: (KasargodVartha) വാനരപ്പടയ്ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി (Monkey Feast) വ്യത്യസ്തമായി പ്രദേശവാസികള്‍. ഇടയിലെക്കാട് (Edayilakkad) കാവിലെ മുപ്പതോളം വരുന്ന വാനരന്മാര്‍ക്കാണ് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സവിശേഷമായ സദ്യ ഒരുക്കിയത്.

ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണസദ്യയുണ്ണാന്‍ റോഡരികിലൊരുക്കിയ ഡസ്‌കുകളില്‍ കുരങ്ങുപട നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സദ്യവട്ടങ്ങളുമായെത്താറുള്ള കുട്ടിപ്പടയെ കാണാതെ മുഷിഞ്ഞപ്പോള്‍ അവര്‍ കാണികളായെത്തിയ കുട്ടികളുള്‍പ്പെടെയുള്ള വന്‍ ജനാവലിയെ നോക്കി കൊഞ്ഞനം കുത്തി. അവിടെ കെട്ടിത്തൂക്കിയ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ വലിച്ചെറിഞ്ഞും ചിലര്‍ പോക്കിരിത്തരം കാട്ടി. 

വാനരര്‍ക്ക് 20 വര്‍ഷക്കാലം മുറതെറ്റാതെ ചോറൂട്ടിയ അമ്മൂമ്മയായ ചാലില്‍ മാണിക്കമ്മയ്ക്ക് അസുഖമായതിനാല്‍ ഇത്തവണ 'പപ്പീ.....' എന്ന് നീട്ടി വിളിച്ച് വാനരനായകനെ വരുത്താന്‍ അവര്‍ ഉണ്ടായില്ല. എങ്കിലും മാണിക്കമ്മ തന്നെ അവരുടെ വീട്ടില്‍ നിന്ന് ഉപ്പ് ചേര്‍ക്കാത്ത ചോറ് കുട്ടികള്‍ക്ക് കൈമാറി. അവരുടെ വീട്ടില്‍വെച്ച് തന്നെയായിരുന്നു ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പഴവും പച്ചക്കറികളും മുറിച്ച് സദ്യയൊരുക്കം നടത്തിയത്. തുടര്‍ന്ന് കുട്ടികള്‍ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകള്‍ പാടി കാവരികിലെത്തി.

പപായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്, സീതാപ്പഴം, മാങ്ങ, കാരറ്റ്, തണ്ണിമത്തന്‍, ബീറ്റ്‌റൂട്, തക്കാളി, കൈതച്ചക്ക, ഉറുമാന്‍ പഴം, നേന്ത്രപ്പഴം, നെല്ലിക്ക എന്നിവയും ഉപ്പ് ചേര്‍ക്കാത്ത ചോറുമായിരുന്നു 17 വിഭവങ്ങളായി വാഴയിലയില്‍ നിരത്തിയത്. 

ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീല്‍ ഗ്ലാസില്‍ തന്നെ വെള്ളവും നല്‍കി. ഇടയിലെക്കാട് കാവിനടുത്ത റോഡരികില്‍ ഡസ്‌ക്കുകളും കസേരകളും നിരത്തിയായിരുന്നു ഇരിപ്പിടത്തിനും സദ്യ വിളമ്പാനും സൗകര്യമൊരുക്കിയത്. സിനിമാ ഷൂട്ടിംഗിന്റെ തിരക്കിനിടയിലും നടന്‍ പി പി കുഞ്ഞികൃഷ്ണനും സദ്യ കാണാനെത്തുകയും കുട്ടികള്‍ക്കൊപ്പം കുരങ്ങന്‍മാര്‍ക്ക് വിഭവങ്ങള്‍ വിളമ്പുകയും ചെയ്തു. 

വയറു നിറഞ്ഞവര്‍ ഏമ്പക്കമിട്ടും കാട്ടുമരച്ചില്ലകളില്‍ കിടന്നുമറിഞ്ഞാടിയും ആഹ്ലാദം പുറത്തുകാട്ടി. കുരങ്ങുകളുടെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കാത്ത വിധം പഴങ്ങളും പച്ചക്കറികളും അവയ്ക്ക് ഭക്ഷണമായി നല്‍കുക എന്ന ബോധവല്‍ക്കരണത്തിലൂന്നിയും ഓണം സഹജീവികള്‍ക്ക് കൂടിയുള്ളതാണ് എന്നതിന്റെ ഓര്‍മപ്പെടുത്തലുമായി മാറി കൗതുകം നിറഞ്ഞ സദ്യ.

ഹൊസ്ദുര്‍ഗ് താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വേണുഗോപാലന്‍, ഗ്രന്ഥാലയം സെക്രടറി വി കെ കരുണാകരന്‍, പ്രസിഡന്റ് കെ സത്യവ്രതന്‍, ബാലവേദി കണ്‍വീനര്‍ എം ബാബു, വി റീജിത്ത്, വി ഹരീഷ്, എം ഉമേശന്‍, പി വി സുരേശന്‍, സി ജലജ, സ്വാതി സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

#Onam #Kerala #Wildlife #MonkeyFeast #Conservation #India #AnimalWelfare

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia