മൊഗ്രാൽ പുഴയിലും കടലിലും മാലിന്യം തള്ളുന്നത് തുടർക്കഥ: പരിശോധനയ്ക്ക് സ്ക്വാഡ് എത്തുന്നില്ല
● മസ്തിഷ്കജ്വരം ജലാശയത്തിലൂടെ പടരുന്ന സാഹചര്യത്തിൽ മാലിന്യം തള്ളുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
● 'വലിച്ചെറിയൽ സംസ്കാരം' ശീലമാക്കിയവരാണ് മാലിന്യം പുഴയിലേക്കും കടലിലേക്കും തള്ളുന്നത്.
● ജൈവമാലിന്യ സംസ്കരണ സംവിധാനമുള്ളവർക്ക് നികുതിയിളവ് നൽകാൻ സർക്കാർ അനുമതി നൽകിയിരുന്നു.
● മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവിയുടെ അഭാവം തടസ്സമാകുന്നു.
മൊഗ്രാൽ: (KasargodVartha) അശാസ്ത്രീയമായ മാലിന്യം സംസ്കരണം സംബന്ധിച്ച് ദിവസേന പത്രങ്ങളിൽ വാർത്തകൾ വരാറുണ്ട്. വ്യാപാരസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് വലിയ തോതിൽ പിഴ ചുമത്തുമ്പോഴും മൊഗ്രാൽ പുഴയോര ജലാശയത്തിലും കടലോരത്തും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല. എന്നാൽ, ഇവിടേക്ക് ഒരു സ്ക്വാഡും പരിശോധനയ്ക്ക് എത്തുന്നുമില്ല.
മസ്തിഷ്കജ്വരം സംസ്ഥാനത്ത് ഒരു വലിയ ദുരന്തമായി നിലനിൽക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുമ്പോൾ, അത് ജലാശയത്തിലൂടെയാണ് പടരുന്നത് എന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലുംകൂടി ആകുമ്പോൾ ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പുഴയോര-കടലോരവാസികൾക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
മാലിന്യ നിർമാർജനത്തിൽ കേരളം മാതൃകയാണെന്ന് വകുപ്പ് മന്ത്രി എം ബി രാജേഷ് പറയുമ്പോഴും, വീടുകളിൽ നിന്ന് ഇ-മാലിന്യം ശേഖരണം തുടങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഹരിതകർമസേനാംഗങ്ങൾക്ക് നൽകാതെ 'വലിച്ചെറിയൽ സംസ്കാരം' ശീലമാക്കിയവരാണ് പുഴയോര ജലാശയത്തിലേക്കും കടൽത്തീരത്തേക്കും മാലിന്യം വലിച്ചെറിയുന്നത്.

മാലിന്യ വിഷയത്തിൽ സർക്കാർ ഒരുപാട് നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. എന്നിട്ടും ജനങ്ങൾ ബോധവാന്മാരല്ല എന്നതിന്റെ തെളിവാണ് മൊഗ്രാൽ പുഴയോരത്തെ ജലാശയങ്ങളിലെ മാലിന്യക്കൂമ്പാരം.
വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ നിന്ന് 5% ഇളവ് അനുവദിക്കാൻ പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈയിടെ സർക്കാർ അനുമതി നൽകിയിരുന്നു. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എന്നിട്ടും ചിലർ ഈ വലിച്ചെറിയൽ സംസ്കാരം നിർത്തുന്നില്ല.
ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യം റോഡരികിൽ തള്ളുകയാണ് ചെയ്യുന്നത്. വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളുന്നത് ഈയിടെ അധികൃതർ കണ്ടെത്തിയിരുന്നു.
സിസിടിവിയുടെ അഭാവം മാലിന്യം വലിച്ചെറിയുന്ന സാമൂഹിക ദ്രോഹികളെ കണ്ടെത്താൻ തടസ്സമാവുന്നുണ്ട്. ബദിയടുക്കയിലും ഈയിടെ അശാസ്ത്രീയമായ മാലിന്യം സംസ്കരണം കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തിയിരുന്നു. 5000 മുതൽ 25000 രൂപ വരെ ഇത്തരത്തിൽ പിഴ ചുമത്തുന്നുണ്ട്.
പൊതുവിടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചേർത്ത് ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മൊഗ്രാലിലെ ഈ മാലിന്യ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത പരമാവധി പേരിലേക്ക് ഷെയർ ചെയ്യുക.
Article Summary: Waste dumping persists in Mogral river/coast, citing health fears; enforcement negligence alleged.
#Mogral #Kasaragod #WasteDumping #EnvironmentalHazard #KSPCB #KeralaWaste






